Celebrities

‘ഓടിക്കാന്‍ ഒക്കെ അറിയാമോ?’; താമരാക്ഷന്‍ പിള്ളയെക്കുറിച്ച് ദിലീപ്-Dileep about Ee parakkum thalika

പറക്കും തളികയുടെ ഷൂട്ടിംഗ് സമയത്ത് ഏറ്റവും കൂടുതല്‍ ആ ബസ് ഓടിച്ചിട്ടുള്ളത് ഞാനാണ്

2001ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ഒരു മികച്ച കോമഡി ചിത്രമായിരുന്നു ഈ പറക്കും തളിക. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സിനിമയിലെ കോമഡി രംഗങ്ങളും ഡയലോഗുകളും എല്ലാം മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും കാണാപാഠമാണ്. സിനിമയില്‍ ഏറ്റവും അധികം പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തത് ചിത്രത്തിലെ ബസ്സിനെ കുറിച്ചായിരുന്നു. താമരാക്ഷന്‍ പിള്ള എന്ന് പേരിട്ട വ്യത്യസ്തമായ ഒരു ബസ് ആയിരുന്നു ഈ സിനിമയിലെ പ്രധാന ഇതിവൃത്തം. ഈ ബസ്സിനെ ചുറ്റിപ്പറ്റിയായിരുന്നു സിനിമയുടെ കഥ മുഴുവന്‍ പോയിരുന്നത്. ഇപ്പോള്‍ ഇതാ പറക്കും തളിക സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെ ഒരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ ദിലീപ്.

‘പറക്കും തളികയുടെ ഷൂട്ടിംഗ് സമയത്ത് ഏറ്റവും കൂടുതല്‍ ആ ബസ് ഓടിച്ചിട്ടുള്ളത് ഞാനാണ്. അന്ന് ഷൂട്ട് ചെയ്തത് എറണാകുളം- മറൈന്‍ഡ്രൈവ് റൂട്ടിലായിരുന്നു. ഒരു ദിവസം ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുകയായിരുന്നു. ക്യാമറയൊക്കെ സെറ്റ് ചെയ്തു വെച്ചിരിക്കുകയാണ്. അപ്പോള്‍ ഓപ്പോസിറ്റ് നിന്ന് വന്ന ഒരു ബസിന്റെ ഡ്രൈവര്‍ എന്നെ കണ്ടതും എന്നോട് ചോദിച്ചു.. ഓടിക്കാന്‍ ഒക്കെ അറിയാമോ എന്ന്. ഞാന്‍ ഇത് കേട്ട് ചിരിച്ചു. ഞാന്‍ പെട്ടെന്ന് ഗിയര്‍ മാറ്റി വണ്ടിയെടുത്ത് മുന്നോട്ട് പോയി. അപ്പോള്‍ എനിക്ക് കാണാം എന്നോട് വണ്ടി ഓടിക്കാന്‍ അറിയാമോ എന്ന് ചോദിച്ച ഡ്രൈവര്‍ തല വെളിയിലേക്കിട്ട് എന്നെ നോക്കുന്നത്. എനിക്ക് എന്റെ വണ്ടിയുടെ കണ്ണാടിയില്‍ കൂടെ അയാളെ കാണാമായിരുന്നു. ഞാന്‍ വിചാരിച്ചു ഇയാള്‍ ഇനി ഇറങ്ങി വരുമോ എന്ന്.’, ദിലീപ് പറഞ്ഞു.

2001ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ പറക്കും തളിക. ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നിത്യ ദാസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് താഹയാണ്. 2001ലെ മികച്ച വിജയം കൈവരിച്ച ചിത്രങ്ങളില്‍ ഒന്നാകാന്‍ ഈ ചിത്രത്തിനു സാധിച്ചു. നിത്യ ദാസ് ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഈ പറക്കും തളിക. ഗോവിന്ദ്, മഹേഷ് മിത്ര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് വി.ആര്‍. ഗോപാലകൃഷ്ണന്‍ ആണ്.

STORY HIGHLIGHTS: Dileep about Ee parakkum thalika