Celebrities

സൂപ്പർസ്റ്റാറെന്ന വിശേഷണത്തെ പരിഹസിച്ചു; ഇന്ന് അതേ നാവുകൊണ്ട് മാറ്റി പറയുന്നു, പാർവതിക്ക് രൂക്ഷവിമർശനം | trolls parvathy-thiruvothu

നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിലും പാർവതി വിമർശിക്കപ്പെട്ടിട്ടുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി തിരുവോത്ത്. വിവാദങ്ങൾ കരിയർ ഇല്ലാതാക്കി എന്ന് പറഞ്ഞ് പരിഹസിച്ചവരുടെ വായ അടപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ ഓരോന്നായി വിജയിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ ‘ഉള്ളൊഴുക്കി’ൽ അവിസ്മരണീയമായ പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഉർവശിയോടൊപ്പം മത്സരിച്ച് അഭിനയിച്ച പാർവതിയെയാണ് മലയാളികൾ ചിത്രത്തിൽ കണ്ടത്.

ചിത്രത്തിലെ അഭിനയത്തിന് ഉർവശിക്ക് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ആ വേളയിൽ ഉർവശിയും പറഞ്ഞത് താൻ പാർവതിയോടൊപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു എന്ന് തന്നെയാണ്. തങ്കലാൻ ആണ് പാർവതിയുടെ ഏറ്റവും പുതിയ സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ചിയാൻ വിക്രമാണ് ചിത്രത്തിലെ നായകൻ. പാർവതിക്കും വളരെ നല്ലൊരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്.

അഭിനയത്തിൽ മാത്രമല്ല, സിനിമ രംഗത്തുണ്ടായ പല പ്രശ്നങ്ങളിലും പാർവതി സജീവമായി ഇടപെടുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് താരത്തിന് കരിയറിൽ ആദ്യം ഭാഗങ്ങളിൽ വീഴ്ച ഉണ്ടായത്. എന്നാൽ ഇപ്പോൾ വീണ്ടും ശക്തമായ തിരിച്ചുവരവാണ് പാർവതി നടത്തിയിരിക്കുന്നത്.

നിലപാടുകൾ തുറന്ന് പറഞ്ഞതിന്റെ പേരിലും പാർവതി വിമർശിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു സൂപ്പര്‍ സ്റ്റാര്‍ എന്ന ഇമേജിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് നടി പറഞ്ഞ വാക്കുകൾ. സൂപ്പര്‍സ്റ്റാര്‍ എന്നത് എന്താണെന്ന് പോലും മനസിലാകുന്നില്ലെന്നും അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്നും സൂപ്പര്‍ സ്റ്റാറിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ലെന്നുമാണ് മുമ്പൊരിക്കൽ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പാർവതി പറഞ്ഞത്.

സൂപ്പര്‍ സ്റ്റാര്‍ഡം ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പര്‍ സ്റ്റാര്‍ എന്നത് എന്താണെന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പര്‍ സ്റ്റാറിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലൂവൻസാണോ? ഇമേജാണോ? താരാരാധന മൂത്ത് ഭ്രാന്തായി ആള്‍ക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല.

എന്നെ സൂപ്പര്‍ ആക്ടറെന്ന് വിളിച്ചാല്‍ ഞാന്‍ ഹാപ്പിയാണ്. ഫഹദ് ഫാസില്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പര്‍ ആക്ടേഴ്‌സ് എന്നാണ് പാര്‍വതി തിരുവോത്ത് പറഞ്ഞത്. പിന്നാലെ നടിക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടതായും വന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല. ഇത് അറ്റന്‍ഷന്‍ സീക്കിങ് പരിപാടിക്ക് വേണ്ടി പറയുന്നതാണ് എന്നൊക്കെയാണ് അന്ന് വിമർശിച്ച് വന്ന കമന്റുകൾ.

ഇപ്പോഴിതാ സൂപ്പർസ്റ്റാറെന്ന് ഉച്ചരിക്കുന്നതിനോട് പോലും താൽപര്യമില്ലാത്ത പാർവതി മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളെ സൂപ്പർസ്റ്റാർസെന്ന് അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. പാർവതി കൂടി ഭാ​ഗമായിട്ടുള്ള മനോരഥങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സീ ഫൈവിന് വേണ്ടി ചെയ്ത പാർവതിയുടെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒമ്പത് കഥകൾ, ഒമ്പത് സൂപ്പർ സ്റ്റാറുകൾ, എട്ട് ഇതിഹാസ സംവിധായകർ എന്ന് തന്നെ പറഞ്ഞുകൊണ്ടാണ് പാർവതി പ്രമോഷൻ വീഡിയോയിൽ‌ സംസാരിക്കുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പാർവതിയുടെ നിലപാടില്ലായ്മയെ പരിഹസിച്ചാണ് കമന്റുകൾ. അന്ന് സൂപ്പർസ്റ്റാറെന്ന വിശേഷണത്തെ പരിഹസിച്ചു… ഇന്ന് അതേ നാവുകൊണ്ട് മാറ്റി പറയുന്നു, പണത്തിന് മീതെ പരുന്തും പറക്കില്ല അതുകൊണ്ട് നിലപാടൊക്കെ ഒരു സൈഡിലേക്ക് വെക്കും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

നേരത്തെയും സൂപ്പര്‍ സ്റ്റാറുകള്‍ക്ക് എതിരെ പാര്‍വതി സംസാരിച്ചിട്ടുണ്ട്. കസബ സിനിമയിലെ മമ്മൂട്ടിക്ക് എതിരെ പാര്‍വതി സംസാരിച്ചത് വിവാദമായിരുന്നു. ശേഷം പുഴുവിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു പാർവതി. എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ആന്തോളജി സീരീസായ മനോരഥങ്ങളിൽ പാര്‍വതി തിരുവോത്ത് നായികയായി സ്ത്രീ കേന്ദ്രീകൃതമായി എത്തിയ ഒരു സെക്‌മെന്റാണ് കാഴ്ച.

അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ആ ബന്ധം വേണ്ടെന്ന് തീരുമാനിക്കുന്ന സുധയെ കുറിച്ചാണ് കാഴ്ച പറയുന്നത്. മനോരഥങ്ങളിൽ ഏറെ പ്രശംസനേടുന്ന ഒരു സെക്മെന്റും പാർവതി അഭിനയിച്ച കാഴ്ച തന്നെയാണ്.

content highlight: trolls parvathy-thiruvothu