സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടിമാര്‍ ഉന്നയിച്ചിരിക്കുന്നത്. സിനിമാ സെറ്റില്‍ നായിക നടിമാരടക്കം നേരിടുന്നത് കടുത്ത ലൈംഗിക ചൂഷമാണെന്നും സഹകരിക്കുന്ന നടിമാരെ പ്രത്യേക ‘കോഡ്’ പേരിട്ടാണ് വിളിക്കുന്നതെന്നും ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. രാത്രി ഹോട്ടല്‍ മുറികളുടെ വാതിലില്‍ മുട്ടി വിളിക്കുമെന്നും തുറന്നില്ലെങ്കില്‍ ശക്തമായി ഇടിക്കുമെന്നുമാണ് ചിലരുടെ മൊഴി. ഇപ്പോളിതാ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി നടന്‍ ജയന്‍ മുന്നോട്ട് വന്നിരിക്കുകയാണ്.
‘ഇത് ഒരു സ്ത്രീ സൗഹൃദ വേദി തന്നെയാണ്. ഇതിനകത്ത് നിങ്ങള്‍ ധൈര്യത്തോടെ വന്ന് ഞങ്ങളോട് ചോദ്യം ചോദിക്കുന്നില്ലെ. അത് ഞങ്ങളോടുള്ള വിശ്വാസം കൊണ്ടല്ലേ.. ഇത് എവിടെ സംഭവിച്ചു ആര്‍ക്കാണ് സംഭവിച്ചത് ആരാണ് പരാതിപ്പെട്ടത്.. ഇതിനെക്കുറിച്ച് ഒരു വ്യക്തതയില്ല. ആര്‍ക്കും ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാവുന്ന ഒരു കാലത്തല്ലേ നമ്മള്‍ ജീവിക്കുന്നത്. അപ്പോള്‍ അതിന്റെ സത്യം അറിയട്ടെ.. സത്യം അറിഞ്ഞാല്‍ ഉറപ്പായിട്ടും നമ്മള്‍ സ്ത്രീപക്ഷത്തു തന്നെയായിരിക്കും നില്‍ക്കുന്നത്. കാരണം ഇതിനകത്ത് എത്രയോ സ്ത്രീകള്‍ നമ്മളോട് ഇടപെട്ട് വര്‍ക്ക് ചെയ്യുന്നുണ്ട്.. നിങ്ങള്‍ കാണുന്നില്ലേ ഇവിടെ? ഇവര്‍ക്കൊക്കെ അത്രയും സുരക്ഷിതത്വം ഉണ്ട് എന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ നമ്മളോട് അവര്‍ ഇന്ററാക്ട് ചെയ്യുന്നത്. ആ ഉറപ്പ് നമ്മള്‍ എന്തായാലും കാത്തുസൂക്ഷിക്കും യാതൊരു സംശയവും വേണ്ട.’, ജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്ത്രീകള്‍ക്ക് അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പരാതിപ്പെട്ടാല്‍ താന്‍ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് ഒരാള്‍ മൊഴി നല്‍കി. കാരവന്‍ സൗകര്യങ്ങള്‍ നായകനും നായികക്കും മാത്രമാണ്. ഐസിസി അംഗമായവര്‍ വിധേയപ്പെട്ടില്ലെങ്കില്‍ അവരുടെ ഭാവി നശിപ്പിക്കും. ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ പോലും പേടിച്ചു. മലയാളം സിനിമ ഒരു കൂട്ടം സംവിധായകരുടെയും നിര്‍മ്മാതകളുടെയും നടന്മാരുടെയും അധീനതയിലാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
STORY HIGHLIGHTS: Jayan about HEMA COMMITTEE REPORT