Celebrities

‘എംഎല്‍എ ആയിരുന്നെങ്കില്‍ ഇത്രയും ശോഭിക്കുമായിരുന്നോ ‘?: ഗണേഷിനെതിരെ മത്സരിച്ചതിനെ പറ്റി ജഗദീഷ് | jagadeesh-during-his-election-works

ഗണേഷ് കുമാര്‍ ജയിച്ചതില്‍ സന്തോഷമേയുള്ളൂ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നടൻ മാത്രമല്ല തിരക്കഥാകൃത്തായും ഗായകനായും എല്ലാം ജഗദീഷ് മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. അവതാരകനായും കഴിവു തെളിയിച്ചിട്ടുണ്ട് ജഗദീഷ്. മാത്രമല്ല ഓഫ് സ്ക്രീനിൽ അദ്ദേഹം ഒരു അധ്യാപകൻ കൂടിയാണ്. രാഷ്ട്രീയത്തിലും ഇറങ്ങിയ ജഗദീഷിന് പക്ഷേ വിജയിക്കാൻ സാധിച്ചില്ല.

അന്ന് ഗണേഷ് കുമാറിനെതിരെയാണ് ജഗദീഷ് മത്സരിച്ചത്. ഒപ്പം ഭീമൻ രഘുവും ഉണ്ടായിരുന്നു. ആ സമയത്ത് തനിക്കും മോഹൻലാലിനും ഇടയിൽ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച എന്ന് വെളിപ്പെടുത്തുകയാണ് ജഗദീഷ്.

തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ സിനിമയിലുള്ളവര്‍ മാത്രമല്ല എന്റെ വീട്ടുകാരും എന്നെ പിന്തുണച്ചിരുന്നില്ലെന്നും താരം പറയുന്നു. “സ്ഥാനാര്‍ത്ഥിയാകാന്‍ ആലോചിച്ചപ്പോള്‍ തന്നെ. കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞു. നില്‍ക്കേണ്ട എന്ന് രമയും പറഞ്ഞു. രാഷ്ട്രീയത്തിലേക്കില്ല എന്ന് അന്നേ തീരുമാനിച്ചാല്‍ മതിയായിരുന്നു. പക്ഷെ പലരും എന്നെ വിശ്വസിപ്പിച്ചു. ഗണേഷ് സിറ്റിങ് എംഎല്‍എ ആണെങ്കിലും ജഗദീഷിന് ഈസി വാക്കോവര്‍ ആയിരിക്കും. അങ്ങനെയാണ് സുഹൃത്തിനെതിരെ സ്ഥാനാര്‍ത്ഥിയായതെന്നാണ്” ജഗദീഷ് പറയുന്നത്.

“ബുദ്ധിമാന്‍ എന്ന് പലരും വിശേഷിപ്പിക്കുമെങ്കിലും അവരുടെ വാക്ക് കേട്ട് തെരഞ്ഞെടുപ്പിന് നിന്ന ഞാന്‍ വലിയ മണ്ടന്‍ ആണെന്ന് തിരിച്ചറിഞ്ഞു. കൊമേഴ്സ് അധ്യാപകനും കണക്കു തെറ്റുമെന്ന് മനസിലായെന്നും അദ്ദേഹം പറയുന്നു. അതോടെ തീരുമാനിച്ചു ഇനി രാഷ്ട്രീയത്തിലേക്കില്ല. ദൈവം എന്നെ സൃഷ്ടിച്ചിരിക്കുന്നത് സിനിമാ നടന്‍ എന്ന രീതിയില്‍ ജനങ്ങളെ രസിപ്പിക്കാനാണ്. എംഎല്‍എ ആയിരുന്നെങ്കില്‍ ഇത്രയും ശോഭിക്കുമായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോള്‍ സംശയമുണ്ടെന്നും” ജഗദീഷ് പറയുന്നു.

അതേസമയം ഗണേഷ് കുമാര്‍ ജയിച്ചതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറയുന്നു. ആ തോല്‍വിയാണ് സിനിമയില്‍ എനിക്ക് ഇപ്പോഴുള്ള വിജയംസമ്മാനിച്ചതെന്നും ജഗദീഷ് അഭിപ്രായപ്പെടുന്നുണ്ട്.

“ലാലിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പില്‍ ഗണേഷും ഞാനും തുല്യരാണ്. അതുകൊണ്ടു തന്നെ ആര്‍ക്കു വേണ്ടിയും പോകരുത് എന്നായിരുന്നു മനസില്‍. പക്ഷെ പ്രിയന് ഗണേഷുമായി നല്ല അടുപ്പമുണ്ട്. പ്രിയന്‍ വിളിച്ചു പറഞ്ഞു. നിനക്ക് വിഷമമൊന്നും തോന്നരുത്, ഞാനും ലാലും ഗണേഷിന് വേണ്ടി സംസാരിക്കും. തുറന്നു പറഞ്ഞാല്‍ അന്നെനിക്ക് വിഷമം തോന്നി”യെന്നാണ് ജഗദീഷ് പറയുന്നത്.

“എത്രയോ വര്‍ഷമായുള്ള പരിചയം. സിനിമയില്‍ എത്തും മുമ്പേയുള്ള അടുപ്പം. പിന്നീട് ആലോചിച്ചപ്പോള്‍ ലാലിന്റേയും പ്രിയന്റേയും മനസ് തിരിച്ചറിയാനായി. അവരുടെ ഭാഗത്തു നിന്നാലോചിക്കുമ്പോള്‍ ശരിയുമായിരുന്നു എന്നും ജഗദീഷ് പറയുന്നുണ്ട്. ഇതിനിടയില്‍ ചിലര്‍ സംഭവത്തെ കത്തിക്കാന്‍ വന്നതോടെയാണ് ഞങ്ങളെയൊക്കെ തമ്മില്‍ അകറ്റാനായി ആരൊക്കെയോ മനപൂര്‍വ്വം ശ്രമിക്കുന്നുണ്ടെന്നു മനസിലായത്. പക്ഷെ ആര്‍ക്കും അധികം മുതലെടുക്കാന്‍ കഴിഞ്ഞില്ലെ”ന്നും ജഗദീഷ് പറയുന്നു.

“മോഹന്‍ലാലും ഞാനും പഴയതു പോലെ സുഹൃത്തുക്കളായി മാറി. ഒരുമിച്ചു പിന്നേയും സിനിമകള്‍ ചെയ്തു. പഴയ അടുപ്പത്തില്‍ നിന്നും ഒരു മണ്‍തരിയകലം പോലും വന്നിട്ടില്ല. രമയെക്കുറിച്ചൊക്കെ അഭിമാനത്തോടു കൂടി എന്നോട് സംസാരിച്ചിട്ടുണ്ടെന്നും” ജഗദീഷ് പറയുന്നു.

content highlight: jagadeesh-during-his-election-works