താരാരാധന മൂത്ത് എന്തും ചെയ്യുന്ന ആളുകൾ നിരവധിയുണ്ട്. തമിഴ് നാട് ഈ കാര്യത്തിൽ മുൻ പന്തിയിലാണ്. താരങ്ങളുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതു മുതൽ ക്ഷേത്രം പണിയുന്നത് വരെ നീളുന്നു ഇവരുടെ ആരാധന. ഇത്തവണ സ്റ്റൈൽ മന്നൻ രജനീകാന്തിന് മധുരയിൽ ക്ഷേത്രം പണിഞ്ഞ് വിഗ്രഹം സ്ഥാപിച്ച് പൂജ നടത്തിയിക്കുകയാണ് അദ്ദേഹത്തിന്റെ ഒരാരാധകൻ.
ഇന്ത്യയിലെ പകരം വയ്ക്കാനില്ലാത്ത നടന്മാരിലൊരാളാണ് സ്റ്റൈൽ മന്നൻ, സൂപ്പർ സ്റ്റാർ രജനീകാന്ത്. ഇദ്ദേഹത്തെ ആരാധകർ തലൈവർ എന്നും വാഴ്ത്തുന്നു. 1975 ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചലച്ചിത്രത്തിലൂടെയാണ് രജനീകാന്ത് തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 70 കളുടെ അവസാനത്തിൽ കമൽഹാസൻ നായകനായ ചിത്രങ്ങളിൽ പതിവായി വില്ലൻ വേഷത്തിൽ രജനി പ്രത്യക്ഷപ്പെട്ടു തുടങ്ങിയെങ്കിലും 1980 കൾ അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവ ബഹുലമായ കാലഘട്ടമായി മാറി. രജനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജിനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. രജിനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി.
ഇതോടെ തമിഴകത്തിന്റെ മുടി ചൂടാ മന്നനായി മാറിയ രജനിയുടെ നായകത്വത്തിൽ തനിമയൊട്ടും ചോരാതെ 2023 ലും ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നു. തീയറ്റർ ഇളകി മറിയുന്നു. 2000 ൽ പത്മഭൂഷനും 2016 ൽ പത്മവിഭൂഷനും 2021 ൽ 67-ാമത് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും രജനിയെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള രജനിക്ക് ഇപ്പോഴിതാ ഒരാരാധകൻ മധുരയിൽ ഒരു ക്ഷേത്രം സമർപ്പിച്ചിരിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മധുരയിലുള്ള കാർത്തി എന്നൊരു ആരാധകൻ അദ്ദേഹത്തിന്റെ വീടിന്റെ ഒരു ഭാഗം രജനീകാന്തിന് വേണ്ടിയുള്ള ക്ഷേത്രമാക്കി മാറ്റിയിരിക്കുകയാണ്. 250 കിലോ ഭാരം വരുന്ന രജനീകാന്തിന്റെ വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നത്.
തനിക്കും രജനീകാന്തിനെ ദൈവമായി കാണുന്ന മറ്റ് ആരാധകർക്കും വേണ്ടിയാണ് താനീ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്ന് കാർത്തി മീഡിയയോട് പറഞ്ഞു. ആരാധനയുടെ അടയാളമായാണ് താനീ ക്ഷേത്രം നിർമ്മിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരാരാധനയുടെ പേരിൽ മുൻപും തമിഴ്നാട്ടിൽ ക്ഷേത്രങ്ങൾ പണിഞ്ഞിട്ടുണ്ട്. നടി ഖുശ്ബുവിന്റെ പേരിലും ഇളയ ദളപതി വിജയ് യുടെ പേരിലുമെല്ലാം ക്ഷേത്രങ്ങൾ തമിഴ്നാട്ടിലുണ്ട്. ആഗസ്റ്റിൽ റിലീസായ ജയിലർ എന്ന ചിത്രത്തിലാണ് രജനീകാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ബോക്സോഫീസ് ഹിറ്റായ ഈ ചിത്രം 650 കോടി നേടുകയും ചെയ്തു. പുതിയതായ് രണ്ട് ചിത്രങ്ങളിൽ കൂടി അദ്ദേഹം ഒപ്പ് വച്ചിട്ടുണ്ട്. T J ഗ്നനവേൽ സംവിധാനം ചെയ്യുന്ന തലൈവർ 170 ന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രജനീകാന്ത്, അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുപതി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ, റിതിക സിങ് എന്നിവർ ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ലോകേഷ് കനകരാജിന്റെ തലൈവർ 171 ലും ഇദ്ദേഹം ഒപ്പുവച്ചു. 2024ലായിരിക്കും ചിത്രം പുറത്തിറങ്ങുന്നത്. ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ കാമിയോ റോളിൽ രജനിയെത്തുമെന്ന് അറിയുന്നു. വിഷ്ണു വിശാലും വിക്രാന്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 2024ലെ പൊങ്കലിന് തീയറ്ററുകളിലെത്തുമെന്നാണ് വിവരം.
Story Highlights ;Rajinikanth’s 250 kg idol, worshiped by a devotee who built a temple.