Novel

പ്രണയമഴ ഭാഗം 45/pranayamazha പാർട്ട്‌ 45

പ്രണയമഴ

ഭാഗം 45

പെട്ടന്ന് ഹരി അകത്തേക്ക് കയറി വന്നു.. അവന്റ ഒപ്പം നടന്നു വരുന്ന ആളെ കണ്ടതും ഗൗരിക്ക് തല ചുറ്റണത് പോലെ തോന്നി..

“വാടാ കേശു… ഇത് ആണ് നീ ഫോണിൽ കൂടെയും എന്റെ കഥകളിൽ കൂടെയും ഞാൻ പറഞ്ഞ എന്റെ ഗൗരി….. “ആഹ്ലാദത്തോടെ ഹരി പറയുന്നത് ഗൗരി കേട്ടു.

ഗൗരി ഇത് ആണ് എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് കേശു……. കേശു എന്ന് ഞങ്ങൾ വിളിക്കുന്ന പേര് ആണ് കേട്ടോ… ഒറിജിനൽ നെയിം അഭിഷേക് എന്ന് ആണ് കെട്ടോ… ഹരി വാചാലനായി..

അഭിയേട്ടൻ…..ഗൗരിയുടെഹൃദയം പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു അപ്പോൾ…

ദേ ഗൗരി.. ഇവൻ കല്യാണത്തിന് നമ്മളെ പറ്റിച്ചു കളഞ്ഞു കെട്ടോ… പക്ഷെ ഇക്കുറി എല്ലാം തീർത്തിട്ട് വിടുവൊള്ളൂ നിന്നെ…. ഹരി അവന്റെ തോളിൽ കൈ ഇട്ടു പിടിച്ചു..

വാടാ.. ഇരിക്ക്… നിന്റെ വിശേഷം ഒക്കെ പറഞ്ഞെ…. പുതിയ ജോലി എങ്ങനെ ഉണ്ട്…

ഹരി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു..

കുഴപ്പമില്ല… ഇങ്ങനെ പോകുന്നു…. അഭി പറഞ്ഞു

ഗൗരി താൻ എന്താ ഒന്നും മിണ്ടാത്തത്…. ഹരി ചോദിച്ചു.

ഗൗരി പക്ഷെ മുഖം കുനിച്ചു നിന്നതേ ഒള്ളൂ..

എടാ.. നിനക്ക് കുടിയ്ക്കാൻ എന്താണ് വേണ്ടത്… ജ്യൂസ്‌ എന്തെങ്കിലും വേണോ…

എന്തായാലും കുഴപ്പമില്ല…അഭി പറഞ്ഞു..

ഓക്കേ… ഹരി ഫോൺ എടുത്തു എന്തൊക്കെയോ ഓർഡർ ചെയ്തു.

ഹരിയും അഭിയും കൂടെ അവിടെ കിടന്ന കസേരകളിൽ ഇരുന്നു.

ഹരി എന്താണ് പറയാൻ പോകുന്നത് എന്നറിയാതെ ഇരിക്കുക ആണ് ഗൗരിയും അഭിയും.

പൊതുവായിട്ടുള്ള കുറച്ചു സ്നേഹ സംഭാഷണം നടത്തി കൊണ്ട് ഇരിക്കുക ആണ് അവർ രണ്ടാളും..

ഗൗരി… താൻ ഇവിടെ വന്നു ഇരിക്കേടോ…

ഹരി പറഞ്ഞു എങ്കിലും അവൾ അവിടെ നിന്നു.

മ്മ് ശരി ശരി… നീ ആകെ മടുത്തു വന്നത് അല്ലെ…. ഇനി വെച്ച് താമസിപ്പിക്കാതെ കാര്യത്തിലേക്ക് കടക്കാം….

“എടാ കേശു….. നിനക്ക് എത്ര നാളായിട്ട് ഗൗരിയെ അറിയാം…..”ഹരി പെട്ടന്ന് ചോദിച്ചു.

“അത് പിന്നെ… കറക്റ്റ് ആയിട്ട് പറഞ്ഞാൽ….”

“ഓക്കേ.. നിനക്കു കറക്റ്റ് ആയിട്ട് അറിയില്ലെങ്കിൽ പോട്ടെ… ഞാൻ തന്നെ പറയാം…5വർഷം….. അതായത് നമ്മൾ രണ്ടാളും കണ്ടുമുട്ടി ഒരു മാസം കഴിഞ്ഞപ്പോൾ ആണ് ഞാൻ നിന്നോട് ഗൗരിയെ കുറിച്ച് പറഞ്ഞത്… അന്ന് മുതൽ നിനക്ക് അറിയില്ലേ….”

“മ്മ്… അറിയാം… “അഭി പറഞ്ഞപ്പോൾ ഗൗരി ഞെട്ടി പോയി..

അഭിയേട്ടനും ഹരിക്കും തന്നെ 5വർഷം ആയിട്ട് അറിയാമെന്നോ…..

അവൾ നെറ്റി ചുളിച്ചു കൊണ്ട് ഹരിയെ നോക്കി.

എന്താ ഗൗരി… തനിക്ക് വിശ്വാസം വരുന്നില്ലേ..?

ഹരി നോക്കിയപ്പോൾ അവൾ ഇല്ലെന്ന് തല ചലിപ്പിച്ചു.

അവൻ അഭിയെ നോക്കി ചിരിച്ചു.

എന്നിട്ട് അവന്റെ ഫോൺ എടുത്തു കൊണ്ട് ഗൗരിയുടെ അടുത്തേക്ക് വന്നു..

“ഈ ഫോട്ടോ ആണ് ഞാൻ അവനു ആദ്യമായി കാണിച്ചു കൊടുത്തത്…..”ഗൗരി നോക്കിയപ്പോൾ തന്റെ ഒരു ഫോട്ടോ..

കുറെ നാളുകൾക്കു മുൻപു താൻ അമ്പലത്തിൽ ഉത്സവത്തിന് താലം എടുത്തു കൊണ്ട് നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു..

താൻ ആദ്യം ആയിട്ട് ദാവണി ഉടുത്തത് അന്ന് ആയിരുന്നു എന്ന് അവൾ ഓർത്തു.

പിന്നെയും അവൻ ഒന്ന് രണ്ടു ഫോട്ടോ കാണിച്ചു..

അതൊന്നും തനിക്ക് പക്ഷെ ഓർമ വരുന്നില്ല….

എല്ലാം ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്ന വഴിയിൽ വെച്ച് എടുത്തതു ആണ്..

ഗൗരി… ഈ പിങ്ക് ചുരിദാർ ഇട്ടു കൊണ്ട് ആണ് താൻ ആദ്യം ആയിട്ട് കോളേജിൽ പോയത് കെട്ടോ….

ഹരി പറഞ്ഞപ്പോൾ അവളുടെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിച്ചു…

ആഹ് ഇത് ആണ് എന്റെ ഫേവറേറ്റ് ക്ലിക്ക്…

നോക്കിക്കേ….

അവനടുത്ത ഫോട്ടോ കാണിച്ചു..

നോക്കിയപ്പോൾ അവൾ ഒരു മജന്താ നിറം ഉള്ള പട്ടു പാവാടയും കരി നീല ബ്ലൗസും ഇട്ടു കൊണ്ട് നടന്നു വരുന്നത് ആയിരുന്നു..

“ഇത് താൻ കോളേജിൽ ചെന്നിട്ട് ഉള്ള ആദ്യത്തെ ഓണം സെലിബ്രേഷൻ…. ”

ഇനിയും ഉണ്ട് ഒരുപാട് ഒരുപാട്… അതൊക്ക പിന്നെ കാണിക്കാം…

ഈ ഫോട്ടോസ് ഒക്കെ ഞാൻ വിശ്വസിച്ചു കാണിച്ചു കൊടുത്ത എന്റെ ഒരേ ഒരു ബെസ്റ്റ് ഫ്രണ്ട്…. അല്ലല്ല… എന്റെ പിറക്കാതെ പോയ കൂടപ്പിറപ്പ് അല്ലേടാ… അഭിയെ നോക്കി ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു.

അഭിയും ഒരു വിളറിയ ചിരി ചിരിച്ചു..

എടൊ ഗൗരി. വളച്ചൊടിക്കാതെ കാര്യം പറയാം……. എനിക്ക് തന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു…ഒരുപാട് ഒരുപാട് ഇഷ്ടം..അതെ എനിക്കു ആദ്യം ആയിട്ട് ഒരു പെൺകുട്ടിയോട് തോന്നിയ പ്രണയം അത് തന്നോട് ആയിരുന്നു.. തന്നോട് മാത്രം..അന്നും ഇന്നും എന്നും…

. താൻ അന്ന് പ്ലസ് ടു നു പഠിക്കുന്ന സമയം ആയിരുന്നു.. അതുകൊണ്ട് ആണ് ഞാൻ എന്റെ പ്രണയം തന്നോട് പറയാൻ മടി കാണിച്ചത്… കാരണം പ്ലസ് ടു നു പഠിക്കുന്ന ഒരു കുട്ടിയോട് ഇതെല്ലാം പറഞ്ഞൽ താൻ ഏത് രീതിയിൽ ബീഹെവ് ചെയ്യും എന്ന് എനിക്ക് ഭയം ആയിരുന്നു..പിന്നെ തന്റെ പഠനത്തെ ബാധിക്കുമോ എന്ന് ഞാൻ പേടിച്ചു..അതുകൊണ്ട് ഞാൻ തന്റെ പ്ലസ് ടു എക്സാം കഴിയാൻ വെയിറ്റ് ചെയ്തു…. എക്സാം കഴിയുന്ന ദിവസം പക്ഷെ ഞാൻ തന്നെ നോക്കി ബസ് സ്റ്റോപ്പിൽ നിന്നത് ആയിരുന്നു… അന്ന് പക്ഷെ എന്റെ മുത്തശ്ശൻ മറിച്ചു പോയി.. അതുകൊണ്ട് എനിക്ക് തന്നോട് പറയാനും സാധിച്ചില്ല..
പിന്നീടു ഞാൻ ഒരുപാട് തവണ തന്നെ കാത്തു വന്നത് ആണ്.. പക്ഷെ കാണാൻ സാധിച്ചില്ല..
അതുകഴിഞ്ഞു ഞാൻ പഠിക്കാനും പോയി.
അവിടെ വെച്ച് പരിചയപ്പെട്ടത് ആണ് ഞാൻ അഭിയെ…. ഞങ്ങൾ പെട്ടന്ന് ഉറ്റ ചങ്ങാതിമാർ ആയി… ഇവനോട് ഞാൻ തന്നെ കുറിച്ച് എല്ലാം തുറന്നു പറഞ്ഞു.. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആയിരുന്നു ഇവൻ….. അല്ലേടാ…. ഹരി നോക്കിയപ്പോൾ അഭി തല കുലുക്കി അതെ എന്ന് കാണിച്ചു.

അമ്പലത്തിൽ വെച്ചും ബസ് സ്റ്റോപ്പിൽ വെച്ചും ഒക്കെ ഞാൻ തന്നെ പിന്നീടു കണ്ടിരുന്നു… പക്ഷെ അന്നൊക്കെ തന്റെ ഒപ്പം ആരെങ്കിലും കാണും… അതുകൊണ്ട് ആണ് ഞാൻ ഇത് നീട്ടി നീട്ടി ഇത്രയും ആക്കി കുളം ആക്കി കളഞ്ഞത്…

കഴിഞ്ഞ തവണ ഉത്സവത്തിന് തന്നോട് ഒരു കുട്ടി വന്നിട്ട് പറഞ്ഞത് ഓർക്കുന്നുണ്ടോ ഒരു ചേട്ടന് ചേച്ചിയെ ഇഷ്ടം ആണെന്ന് പറഞ്ഞു എന്ന്…..

ഹരി ചോദിച്ചപ്പോൾ ഗൗരി ഓർത്തു…

ശരിയാണ്… കഴിഞ്ഞ വർഷം അമ്പലത്തിൽ ഉത്സവത്തിന് താനും ലക്ഷ്മി ചേച്ചിയും കൂടെ ആനക്കൊട്ടിലിൽ നിൽക്കുക ആയിരുന്നു..

ഏകദേശം ഒരു പത്തു വയസ് തോന്നിക്കുന്ന ഒരു കൊച്ചു പയ്യൻ വന്നിട്ട് തന്നോട് പറഞ്ഞു ആ ചേട്ടന് ചേച്ചിയെ ഇഷ്ടം ആണ്.. വീട്ടിൽ വന്നു കല്യാണം ആലോചിക്കട്ടെ എന്ന്…. അന്ന് താനും ചേച്ചിയും കൂടെ അവൻ ചൂണ്ടിയ ഭാഗത്തു നോക്കിയപ്പോൾ കുറച്ചു പ്രായം ഉള്ള ആളുകളെ ആണ് കണ്ടത്…

അത്… അത്.. ഹരി ആയിരുന്നോ…അവളുടെ മനസ്സിൽ ആരോ ചോദിച്ചു കൊണ്ട് ഇരുന്നു.

അന്ന് അവനെ ഞാൻ പറഞ്ഞു വിട്ടു… അപ്പോളേക്കും തിടമ്പ് പിടിച്ചു ആനപ്പുറത്തു ഇരിക്കാനായി എന്നേ ക്ഷേത്രകമ്മിറ്റിയിൽ ഉള്ള ശേഖരേട്ടൻ വന്നു വിളിച്ചു കൊണ്ട് പോയി…

അവൻ പറഞ്ഞു നിറുത്തി..

ശരിയാണ്… താൻ ഓർക്കുന്നുണ്ട് അന്ന് ഹരി ആയിരുന്നു ആന പ്പുറത്തു ഇരുന്നത്..
ഹരി പറഞ്ഞത് കേട്ട് കൊണ്ട് ഗൗരി തറഞ്ഞു നിൽക്കുക ആണ്…

പിന്നെ ഒരു കാര്യം കൂടി എനിക്ക് പറയാതെ വയ്യ കെട്ടോ…. അല്ലെങ്കിൽ വേണ്ട അത് കാണിക്കാം….

ഹരി അവന്റെ ബാഗ് തുറന്ന് അതിൽ നിന്നു ഒരു ഡെപ്പി എടുത്തു..

ഇത് എന്താണ് എന്ന് അറിയാമോ….അവൻ അത് കൊണ്ട് ചെന്നു ഗൗരിക്ക് കൊടുത്തു…

തുറന്നു നോക്ക്…

അവൻ പറഞ്ഞു.

അവൾ വിറയ്ക്കുന്ന കൈകളോട് ആ ഡെപ്പി തുറന്നു..

നിറം മങ്ങിയ ഒരു മുത്തുമാല ആയിരുന്നു….

അവൾക്ക് അത് കണ്ടിട്ട് ഒന്നും മനസിലായില്ല…

ഇത് എന്താണ് എന്ന അർത്ഥത്തിൽ അവൾ ഹരിയെ നോക്കി..

മനസിലായില്ല അല്ലെ….?

ഇല്ല… അവൾ ചുമൽ കൂപ്പി..

തന്നെ ഈ കൈകളിൽ കോരി എടുത്തു ഓടുമ്പോൾ കിട്ടിയ സമ്മാനം ആണ്…

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഗൗരി അവനെ തന്നെ ഉറ്റു നോക്കി.

“ഇപ്പോളും എന്റെ ഗൗരി കുട്ടിക്ക് നോ ഐഡിയ അല്ലെ… “അവൻ വീണ്ടും ചിരിച്ചു..

എടാ നിനക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ…. അവൻ അഭിയുടെ നേർക്ക് തിരിഞ്ഞു.

കാര്യം മനസിലായി എങ്കിലും അവനും ഇല്ല എന്ന് മറുപടി കൊടുത്തു.

ഓക്കേ… എങ്കിൽ ഞാൻ പറയാം….

 

അവൻ ആ മാല അവളുടെ കൈയിൽ നിന്നു മേടിച്ചു.

എടൊ ഗൗരി…. താൻ പ്ലസ് ടു വിനു പഠിക്കുമ്പോൾ ഒരു വണ്ടി ഇടിച്ചു ഹോസ്പിറ്റലിൽ ആയതു ഓർമ്മ ഉണ്ടോ….

ഉണ്ട്… അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

മ്മ്… അന്ന് തന്നെ ഹോസ്പിറ്റലിൽ എടുത്തു കൊണ്ട് പോയത് ആരാണ് എന്ന് അറിയാമോ…..?

ഇല്ല്യ….

അവൾ ആകാംഷയോടെ അവനെ നോക്കി..

അത് ഞാൻ ആണ്….. അന്ന് എന്റെ വണ്ടിയിൽ ഈ കൈകളിൽ എടുത്തു കൊണ്ട് ആണ് ഞാൻ ഓടിയത്.. ഈശ്വരാ അന്ന് അനുഭവിച്ച ടെൻഷൻ… ഓർക്കാൻ കൂടെ വയ്യ….. അവൻ പറഞ്ഞു നിറുത്തി..

അന്ന് തന്നെ കൈ ഒടിഞ്ഞു ഓപ്പറേഷൻ നു കേറ്റുമ്പോൾ നേഴ്സ് തന്നത് ആണ് ഈ മുത്തുമാല.. അപ്പോൾ തന്റെ അച്ഛനും അമ്മയും ഒക്കെ എത്തുന്നത് ഉള്ളായിരുന്നു.. എന്റെ ആന്റി ആയിരുന്നു അവിടുത്തെ ഡോക്ടർ…..ആ പരിചയത്തിൽ ആണ് തന്നെ എമർജൻസി ആയിട്ട് സർജറി ചെയ്യാൻ കേറ്റിയത്…

അന്ന് മുതൽ ഞാൻ എനിക്ക് കിട്ടിയ ഒരു നിധി പോലെ കാത്തു സൂക്ഷിക്കുന്നത് ആണ് ഇത്… എന്റെ മരണം വരെ ഇത് ഉണ്ടാവും എന്റെ കൂടെ….

അവൻ ആ നിറം മങ്ങിയ മുത്തു മാല ഡെപ്പിയിൽ ഇട്ടു ബാഗിലെക്ക് കൊണ്ട് പോയി….

അവൾ ഹരി ചാർത്തിയ തന്റെ താലിമാലയിലേക്ക് നോക്കി..

പൊട്ടിച്ചെറിഞ്ഞു ക്ലോസ്സറ്റിൽ കൊണ്ട് പോയി കളയും താൻ… എന്ന് പറഞ്ഞത് അവൾക്ക് ഓർമ വന്നു…

കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു…

പക്ഷെ തന്റെ ഉള്ളിലൊരു ചോദ്യം പൊന്തി വന്നു…

അവൾ ഹരിയെ നോക്കി..

ഹരി….

അവൾ മെല്ലെ വിളിച്ചു..

അവൻ എന്താണ് എന്ന് അറിയാൻ അവളുടെ മുഖത്തേക്ക് നോക്കി.

ഹരി…. ഹരി.. പിന്നെ… പിന്നെ എന്തിനാണ് എന്നോട് അന്ന് അങ്ങനെ പെരുമാറിയത്…. എന്നേ ഇഷ്ടം ആണെന്ന് എന്നോട് എന്തുകൊണ്ട് പറഞ്ഞില്ല.. അതിന് പകരം ഹരി അന്ന് എന്നേ….. ഗൗരിയുടെ വാക്കുകൾ മുറിഞ്ഞു..

ശബ്ദം വിറകൊണ്ട്..

പറയാം ഗൗരി… എല്ലാം പറയാം… ഞാൻ പറഞ്ഞു കഴിഞ്ഞില്ലല്ലോ…

അവൻ അഭിയുടെ അടുത്തേക്ക് ചെന്നു..

അവന്റെ കോളറിനു പിടിച്ചു പൊക്കി
കരണം നോക്കി ഒന്ന് പൊട്ടിച്ചു…

“എടാ… നീ എന്താണ് ഈ ചെയ്തത്…”അഭി ദേഷ്യം കൊണ്ട് തിരികെ ഹരിയുടെ കോളറിൽ കയറി പിടിച്ചു….

പറയാം.. നിന്നോട് പറയാം…. നിനക്ക് അറിയാമോ ഈ നിൽക്കുന്ന ഗൗരി ഇല്ലേ.. എന്റെ ഭാര്യ.. ഇവൾ എനിക്കിട്ടും തന്നു.. ഇതുപോലെ ഒരെണ്ണം.. അന്ന് ഞാൻ തീരുമാനിച്ചു നിനക്കിട്ടു തിരിച്ചു ഒരെണ്ണം തരുന്നത് ഇവളുടെ മുന്നിൽ വെച്ച് ആകണം എന്ന്…  എന്തിനാണെന്ന് അറിയാമോ നിന്റെ അപാര ബുദ്ധി ഉപദേശം അനുസരിച്ചതിനു..

ഹരി പറഞ്ഞു..

എന്നിട്ട് ഗൗരിയുടെ നേർക്ക് തിരിഞ്ഞു.

എന്റെ ഗൗരി.. തനിക്കൊരു കാര്യം അറിയണോ… ഒരു ദിവസം ഈ നിൽക്കുന്നവൻ എന്നോട് പറഞ്ഞു അവന്റെ കസിന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഗൗരി എന്നും അവൻ അത് മനസിലാക്കിയത് ആ പെൺകുട്ടിയും താനും കൂടി നിൽക്കുന്ന ഒരു സെൽഫി അവൾ വാട്സാപ്പിൽ ഇട്ടപ്പോൾ ആണെന്ന്..

ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി…

മീൻസ് തേടിയ വള്ളി കാലിൽ ചുറ്റിയ അവസ്ഥ…

.ഞാൻ ഇവനോട് അപ്പോൾ ഒരു സഹായം ചോദിച്ചു ആ പെൺകുട്ടിയോട് ഒന്ന് പറയാമോ എനിക്ക് നിന്നെ ഇഷ്ടം ആണെന്ന്….  ഇവനും സമ്മതിച്ചു… അങ്ങനെ ആണ് ഇവൻ കസിന്റെ വീട്ടിലേക്ക് വരുന്നത്…. അവിടെ വന്നപ്പോൾ ആണ് ഇവൻ പറയുന്നത് ഗൗരിയെ കാണാൻ പറ്റിയില്ല, താൻ എവിടെയോ പോയി എന്ന്…

ഹരി പറഞ്ഞപ്പോൾ ഗൗരി അഭിയെ നോക്കി..

കള്ളത്തരം ഓരോന്നും പുറത്തു വന്നു കൊണ്ട് ഇരിക്കുക ആണ് എന്ന് അവനു അറിയാം…എല്ലാം കൈ വിട്ടു പോകുക ആണ്…

“എന്നാണ് അഭിയേട്ടൻ വന്നത്….”ഗൗരി ചോദിച്ചു..

രണ്ടു മാസം മുൻപ്… അന്ന് താൻ ചേച്ചിയുടെ വീട്ടിൽ നിന്ന് കൊണ്ട് അല്ലെ കോളേജിലേക്ക് പോയ്കൊണ്ട് ഇരുന്നത്… ഹരി ചോദിച്ചു.

അവൾക്ക് മനസിലായി അഭി ആണ് ഈ കള്ളങ്ങൾ എല്ലാം അവനോട് പറഞ്ഞു കൊടുത്തത് എന്ന്….

തുടരും…