ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പ്രണയ സ്മാരകമാണ് താജ്മഹല്‍. വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ഈ മനോഹരമായ കൊട്ടാരം, രാജ്യത്തെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നു കൂടിയാണ്. ആധുനിക ലോകത്തിലെ ഏഴ് അദ്ഭുതങ്ങളിൽ ഒന്നും ഈ ലോക പൈതൃക കേന്ദ്രവുമായ താജ്മഹല്‍ കാണാന്‍ ഓരോവര്‍ഷവും എത്തുന്നവരുടെ എണ്ണം ആഗ്രയിലെ ജനസംഖ്യയേക്കാൾ പലമടങ്ങ് കൂടുതലാണ്. ഈ താജ്മഹല്‍ കൂടാതെ, മറ്റൊരു താജ്മഹല്‍ കൂടി ഇന്ത്യയില്‍ ഉണ്ട്. ബ്ലാക്ക് താജ്മഹല്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. മധ്യപ്രദേശിലെ ബുർഹാൻപൂരിലെ തെരേസ പ്രദേശത്താണ് കറുത്ത താജ്മഹല്‍ സ്ഥിതി ചെയ്യുന്നത്.
ബുർഹാൻപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ താജ്, എഡി 1622 നും 1623 നും ഇടയിലാണ് നിർമിച്ചത്. മുഗൾ ആർമിയുടെ സൈന്യാധിപനായിരുന്ന അബ്ദുൾ റഹീം ഖാൻഖാനയുടെ മൂത്ത മകനായിരുന്നു ഷാ നവാസ് ഖാൻ. 44ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്‍റെ ഓര്‍മയ്ക്കായി ഉതാവാലി നദിക്കരയില്‍ നിര്‍മിച്ച സ്മാരകമാണ് ഈ കറുത്ത താജ്മഹല്‍. ഷാനവാസ് ഖാന്‍റെ ഭാര്യയുടെ ശവകുടീരവും ഇവിടെത്തന്നെയുണ്ട്. പേര് ഒന്നാണെങ്കിലും ഈ കെട്ടിടത്തിന് താജ്മഹലിന്‍റെ അത്ര വലുപ്പമില്ല. ഈ പ്രദേശത്ത് വളരെ സാധാരണയായി കാണപ്പെടുന്ന കറുത്ത കല്ല് കൊണ്ടു നിര്‍മിച്ചതിനാലാണ് ഇതിനു കറുത്ത താജ്മഹല്‍ എന്നു പേരിട്ടിരിക്കുന്നത്.
പ്രധാന കെട്ടിടത്തിന് ചുറ്റുമായി മനോഹരമായ പൂന്തോട്ടമുണ്ട്. നാല് കോണുകളിലും ഷഡ്ഭുജാകൃതിയിലുള്ള മിനാരങ്ങളും കമാന വരാന്തകളുമുണ്ട്. ചുവരുകളിൽ മനോഹരമായ ചിത്രങ്ങൾ കാണാൻ കഴിയും. ശവകുടീരത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഷാ നവാസ് ഖാന്‍റെ യഥാർത്ഥ ശവകുടീരത്തിലേക്ക് ഒരു ചെറിയ ഗോവണിയിലൂടെ പ്രവേശിക്കാം. സഞ്ചാരികള്‍ക്ക് ബുധനാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഇവിടം സന്ദർശിക്കാവുന്നതാണ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഈ കെട്ടിടം തുറന്നിരിക്കും. പ്രവേശനം സൗജന്യമാണ്.
STORY HIGHLLIGHTS: Black Taj Mahal: All You Need to Know About Madhya Pradesh