ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ പ്രതികരണവുമായി നടി സനം ഷെട്ടി. മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമാ മേഖലയിലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് നടി സനം ഷെട്ടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്നും തനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സനം പറഞ്ഞു.
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദവിവരങ്ങള്‍ എനിക്ക് അറിയില്ല. എന്നാല്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചിരുന്നു. ഇത് തമിഴ് സിനിമാലോകത്തും നടക്കുന്ന പ്രശ്നങ്ങളാണ്. എനിക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഫോണിലൂടെ പോലും ചോദിച്ചിട്ടുണ്ട്. ചെരിപ്പുകൊണ്ട് മുഖത്തടിക്കുമെന്ന് പറഞ്ഞ് അത്തരക്കാരെ ഒഴിവാക്കിയിട്ടുണ്ട്. വഴങ്ങാന്‍ താല്‍പര്യമില്ലാത്തതിനാല്‍ പല സിനിമകളും വേണ്ടെന്നു വച്ചു. സിനിമയിലെ എല്ലാവരും മോശക്കാരല്ല. സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കുന്നുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ചെയ്താലേ അവസരം ലഭിക്കുകയുള്ളൂ എന്നു പറഞ്ഞാല്‍ വേണ്ടെന്നുവച്ച് ഇറങ്ങിപ്പോരണം. നിങ്ങള്‍ നിങ്ങളുടെ കഴിവില്‍ വിശ്വസിക്കണം. ഗൗരവകരമായ ഇത്തരമൊരു വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിന് മുന്‍കൈയ്യെടുത്ത അഭിനേത്രികള്‍ക്കും നന്ദിയുണ്ട്’,സനം ഷെട്ടി പറഞ്ഞു.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16 ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നവയായിരുന്നു. അതുമായി ബന്ധപ്പെട്ട് ഇപ്പോളും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
STORY HIGHLIGHTS: Sanam Shetty about Hema Committee Report