സര്‍ക്കാര്‍ കാര്യം മുറപോലെ എന്നാണല്ലോ ചൊല്ല്. അതുപോലെ തന്നെയാണ് KSRTC എന്ന കേരളത്തിന്റെ സ്വന്തം ആവണ്ടിയുടെയും കാര്യം. ബ്രേക്കില്ലാതെ ഓടുന്ന ബസിനെ പിടിച്ചു കെട്ടുന്നത്, മദമിളകി ഓടുന്ന ആനയെ മെരുക്കാന്‍ നോക്കുന്നതു പോലെയാണ്. യാത്രക്കാര്‍ വിശ്വസിച്ചു കയറണമെങ്കില്‍ ബസിന് ഒരു കുഴപ്പവും ഉണ്ടാകാന്‍ പാടില്ല. പക്ഷെ, ബസിന്റെ ബ്രേക്കിന് മാസങ്ങളായി തകരാര്‍ സംഭവിച്ചത് അധികൃതരുടെ പിന്നാലെ നടന്നു പറഞ്ഞിട്ടും പരിഹാരം കാണാനാകാതെ വിഷമിച്ചപ്പോഴാണ് എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ സവിതന്‍ തന്റെ ചലഞ്ച് പ്രഖ്യാപിച്ചത്.
വെറുതേ ഒരു പ്രഖ്യാപനത്തില്‍ ഒതുക്കിയ ചലഞ്ചല്ലായിരുന്നു അത്. തന്റെ ആവശ്യം ഒരു പരാതി രൂപേണ എഴുതി എറണാകുളം ഡിപ്പോ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കുകയായിരുന്നു. താന്‍ ഓടിക്കുന്ന ബസിന് ബെല്ലും ബ്രേക്കും വേണമെന്ന് വാശിപിടിക്കുന്ന ഡ്രൈവറുടെ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. കൊടും വളവുകളും, മലയും, പാറയും, മൂടല്‍ മഞ്ഞുമൊക്കെയുള്ള മൂന്നാര്‍ സര്‍വ്വീസ് നടത്തുന്ന ബസിന്റെ ബ്രേക്കാണ് നന്നാക്കേണ്ടത്. പ്രത്യേകിച്ചും ഈ റൂട്ടില്‍ ഓടുന്ന ബസുകള്‍ കണ്ടീഷനായിരിക്കണം. യാത്രക്കാരുടെ ജീവന്‍ ഡ്രൈവറുടെ കൈയ്യിലാണെന്ന സാമാന്യ ബോധവും, ഉത്തരവാദിത്വവും കാണിക്കുകയും വേണം.
ഒരപകടം സംഭവിച്ചാല്‍ എല്ലാ കുറ്റവും ഡ്രൈവറുടെ മേല്‍ കെട്ടിവെച്ച് KSRTCയിലെ ഉദ്യോഗസ്ഥരെല്ലാം കൈകഴുകുമെന്നുറപ്പാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് സവിതന്‍ തന്റെ ആവശ്യം നിറവേറ്റാനായി ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്നത്. ഒടുവില്‍ നടന്നു നടന്നു മടുത്ത ഡ്രൈവര്‍ അറ്റകൈ പ്രയോഗമെന്ന രീതിയിലാണ് സാലറി ചലഞ്ചുപോലെ ബ്രേക്ക് ശറിയാക്കാന്‍ കത്തെഴുതിയത്. ആര്‍.പി.എം 476 എറണാകുളം-മൂന്നാര്‍ ബസിന്റെ ബ്രേക്ക് ശരിയാക്കാന്‍ ആവശ്യമെങ്കില്‍ അതിനുവേണ്ടുന്ന പണം തന്റെ ശമ്പളത്തില്‍ നിന്നു പിടിച്ചോളാനും കത്തില്‍ സവിതന്‍ എഴുതിയിട്ടുണ്ട്.
എന്നാല്‍, ഇങ്ങനെയൊരു ആവശ്യം KSRTC അധികൃതരോടു കത്തെഴുതി ആവശ്യപ്പെട്ടതിന്റെ പേരില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യരുതെന്നും കത്തില്‍ പറയുന്നുണ്ട്. പക്ഷെ, ഈ കത്ത് സവിതന്‍ വിചാരിച്ച ഇടത്തു നിന്നില്ല. അത്, സോഷ്യല്‍ മീഡിയയിലൂടെ ലോകം മുഴുവന്‍ സഞ്ചരിക്കുകയാണിപ്പോള്‍. കത്ത് വൈറലാവുകയും ചെയ്തിട്ടുണ്ട്. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഇത് കണ്ടിട്ടുണ്ടോ എന്നതു മാത്രമേ സംശയമുള്ളൂ. മന്ത്രി നലിവില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതിനാല്‍ കണ്ടിരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സവിതന്റെ കത്തിനു പരിഹാരം കാണാന്‍ അധിക സമയം വേണ്ടിവരില്ല.
സവിതന്റെ ബസിനു മാത്രമല്ല, എറണാകുളം ഡിപ്പോയിലെ എല്ലാ ബസുകളുടെയും ഫുള്‍ ചെക്കപ്പും അദ്ദേഹം നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നുറപ്പാണ്. ആലപ്പുഴ സ്വദേശിയാണ് ഡ്രൈവര്‍ സവിതന്‍. എറണാകുളത്തു നിന്നും രാവിലെ മൂന്നാറിനു പുറപ്പെടുന്ന ബസിന്റെ ധീരനായ ഡ്രൈവര്‍. ഒരുകാര്യം പ്രത്യേകം മനസ്സിലാക്കേണ്ടത്, ആ മൂന്നാര്‍ ബസിന്റെ ബ്രേക്ക് ഇപ്പോഴും തകരാറിലാണെന്നാണ്. സവിതന്റെ പരാതിയില്‍ നടപടി എടുത്തില്ലെങ്കില്‍ വലിയൊരു അപകടം പതിയിരിക്കുന്നുണ്ടെന്നാണ് ഈ കത്തിലൂടെ പുറത്തു വരുന്ന സത്യം. കഴിഞ്ഞ തിങ്കളാഴ്ചായാണ് സവിതന്‍ കത്ത് നല്‍കുന്നത്.
ബ്രേക്ക് ഇല്ലാത്ത ബസുമായി ഹൈറേഞ്ച് യാത്ര വലിയ അപകടം വിളിച്ചുവരുത്തുമെന്ന് കത്തില്‍തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ആശങ്കയോടെയും അതിലേറെ ദുഖത്തോടെയുമാണ് ഈ കത്തെഴുതുന്നതെന്നും സവിതന്‍ പറയുന്നു. ബസിന്റെ ബ്രേക്കിനു പ്രശ്‌നമുണ്ടെന്ന വിവരം ഒരാഴ്ചയായി ലോഗ്ഷീറ്റില്‍ എഴുതുന്നുണ്ട്. എങ്കിലും നടപടി ഉണ്ടായിട്ടില്ല. ദിവസവും രണ്ടും മൂന്നും ഡിപ്പോയില്‍ കയറി ബ്രേക്ക് സെറ്റ് ചെയ്താണ് സര്‍വീസ് നടത്തുന്നത്. ഡ്രൈവറുടെയും അതിലെ നിരപരാധികളായ യാത്രക്കാരുടെയും ജീവനു വിലയില്ലേ എന്നും കത്തിലൂടെ സവിതന്‍ ചോദിക്കുന്നുണ്ട്.
നാലു വീലുകളുടെയും സ്ലാക്കര്‍ പുതിയത് ഫിറ്റ് ചെയ്യാന്‍, ആവശ്യമെങ്കില്‍ തന്റെ ശമ്പളത്തില്‍ നിന്ന് ഒറ്റത്തവണയായോ തവണകളായോ തുക പിടിച്ചുകൊള്ളാനും സവിതന്‍ എഴുതിയിട്ടുണ്ട്. ഒരു വലിയ തുക കോസ്റ്റ് ഓഫ് ഡാമേജ് അടയ്ക്കുന്നതിലും എത്രയോ ചെറുതാണു നാലു സ്ലാക്കറിന്റെ വില. അപകടം ഉണ്ടായാല്‍ കേസ് നടത്തേണ്ടത് ഡ്രൈവറുടെ കയ്യിലെ പണം കൊണ്ടുതന്നെയാണ്. അതുകൊണ്ടാണ് സവിതന്റെ ശമ്പളത്തില്‍ നിന്നും പിടിച്ചോളാന്‍ കത്തെഴുതിയത്.
എന്നാല്‍, സവിതന്റെ ഈ സാലറി ചലഞ്ച് KSRTC ഉദ്യോഗസ്ഥരുടെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. ബ്രേക്ക് ശരിയാക്കിയിട്ട് സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നു കാട്ടി ബസ്, ഡിപ്പോയില്‍ ഒതുക്കി. പക്ഷെ, ബ്രേക്കില്ലാത്ത ബസിന്റെ കാര്യം ശരിയാക്കാന്‍ കത്തെഴുതിയ സവിതനെ കാത്തിരുന്നത് വേറൊരു അപകടമാണ്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകവെ നായ കുറുകെ ചാടി, തന്റെ ബൈക്ക് മറിഞ്ഞ് ഗുരുതരമായി അപകടമുണ്ടായി. സവിതന്‍ ഇപ്പോള്‍ ചികിത്സയിലാണ്. എങ്കിലും സവിതന്റെ കത്ത് ഇപ്പോഴും വൈറലായി ഓടുന്നുണ്ട്.
CONTENT HIGHLIGHTS; Savitan’s salary challenge to brake KSRTC’s brakeless train: Are the driver and passengers scapegoats?