സിനിമാ മേഖലയിൽ തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും പഠിക്കാനാണ് സംസ്ഥാന സർക്കാർ ഹേമ കമ്മറ്റിയെ നിയോഗിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഇത്തരമൊരു സമിതി നിയോഗിക്കപ്പെടുന്നത്. വിമൻ ഇൻ സിനിമാ കളക്ടീവ് നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാരിന്റെ ഈ തീരുമാനം. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങുന്നതാണ് സമിതി.
2019 ഡിസംബർ 31നാണ് റിപ്പോർട്ട് ഹേമാ കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിക്കുന്നത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ഹേമാ കമ്മിറ്റിയെ നിയോഗിച്ചത്. സിനിമാ മേഖലയിൽ നേരിടുന്ന ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടായിരുന്നു ഇത്.
മലയാള സിനിമാ മേഖലയിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ ആയിരുന്നു പുറത്തുവന്നതും. ഇതിന് പിന്നാലെ വിവിധ സിനിമാ മേഖലകളിൽ നിന്നുള്ളവർ അടക്കം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി രംഗത്ത് വന്നുകൊണ്ടിരിക്കയാണ്. ഈ അവസരത്തിൽ നടി സനം ഷെട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
മലയാളത്തിൽ മാത്രമള്ള തമിഴ് സിനിമയിലും ഇത്തരം പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് സനം ഷെട്ടി വെളിപ്പെടുത്തുന്നു. മറ്റുള്ളവർക്ക് മുന്നിൽ വഴങ്ങി കൊടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ തനിക്ക് പല സിനിമകളും വേണ്ടെന്ന് വയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും സനം പറയുന്നു. കൊൽക്കത്തയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുവാദം വാങ്ങാൻ ചെന്നൈ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സനം ഷെട്ടിയുടെ പ്രതികരണം.
‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തമിഴ് സിനിമ മേഖലയിലും നടക്കുന്ന കാര്യങ്ങളാണ്. പലപ്പോഴും ഇത്തരം അനുഭവങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ ഫോണിൽ വിളിച്ച് വരെ പലരും ചോദിച്ചിട്ടുണ്ട്. അത്തരക്കാരെ ചെരിപ്പൂരി മുഖത്തടിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുമുണ്ട്. വഴങ്ങി കൊടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ പല സിനിമകളും വേണ്ടെന്നും വച്ചിട്ടുണ്ട്.എന്ന് കരുതി സിനിമയിലെ എല്ലാവരും മോശക്കാരെന്നല്ല’, എന്ന് സനം ഷെട്ടി പറഞ്ഞു.
‘സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അഡ്ജസ്റ്റ്മെന്റ് ചെയ്താലേ അവസരം ലഭിക്കൂ എങ്കിൽ ഇറങ്ങിപ്പോരണം. എന്നിട്ട് സ്വന്തം കഴിവിൽ വിശ്വസിക്കണം. ഗാരവകരമായൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിന് മുൻകൈ എടുത്ത അഭിനേതാക്കൾക്കും ഒരുപാട് നന്ദി’, എന്നും സനം ഷെട്ടി കൂട്ടിച്ചേർത്തു.
content highlight: sanam-shetty-talk-about-hema-committee-report