Celebrities

‘എന്റെ സുഹൃത്തുക്കളെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു’: ഗൗരവമായ വിഷയത്തോട് പ്രതികരിക്കേണ്ട രീതിയിലല്ലായിരുന്നു തന്റെ ശരീരഭാഷയെന്ന് വിനയ് ഫോര്‍ട്ട്-Vinay Forrt, HEMA COMMITTEE REPORT

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗൗരവം മനസ്സിലാക്കുന്നു

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് നടന്‍ വിനയ് ഫോര്‍ട്ട് നടത്തിയ പ്രതികരണം ചര്‍ച്ചയായിരുന്നു. കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു നടന്‍ വിനയ് ഫോര്‍ട്ടിന്റെ മറുപടി. ‘എനിക്ക് അതിനെ കുറിച്ച് ഒന്നും അറിഞ്ഞുകൂടാ. ഞാനും ഇതേ പോലെ റിപ്പോര്‍ട്ട് വന്ന കാര്യം മാത്രമേ അറിയുകയുള്ളൂ. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് അറിയില്ല’ എന്നായിരുന്നു വിനയ് ഫോര്‍ട്ട് നല്‍കിയ മറുപടി.’ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള ഒരു കാര്യം നിങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യത്തെ പറ്റി സംസാരിക്കാതിരിക്കുക എന്നതാണ്.’

‘ഞാന്‍ അതിനെ കുറിച്ച് മനസിലാക്കിയിട്ടോ പഠിച്ചിട്ടോ ഒന്നുമില്ല. അപ്പൊ നിങ്ങള്‍ ചോദിക്കുമ്പോള്‍ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലലോ. എനിക്ക് അറിഞ്ഞുകൂടാത്ത ഒരു വിഷയത്തെ കുറിച്ച് ഞാന്‍ സംസാരിക്കുകയേ ഇല്ല’ താരം വ്യക്തമാക്കി. ‘അതിനെ കുറിച്ച് പത്ത്-ഇരുനൂറ്റിമുപ്പത്തഞ്ച് പേജുള്ള എന്തോ പരിപാടി വന്നിട്ടില്ലേ..? ഞാനത് വായിച്ചിട്ടില്ല. ആകെ അത്ര സമയമല്ലേ ഉള്ളൂ. അതിന്റെ ഇടയില്‍ വേറെ എന്തൊക്കെ പരിപാടികള്‍ ഉണ്ട്. സമയം കിട്ടണ്ടേ. മലയാള സിനിമ അടിപൊളിയാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

ഒടുവില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിനയ് ഫോര്‍ട്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗൗരവം മനസ്സിലാക്കുന്നു. പഠിക്കാതെ സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ഉദ്ദേശിച്ചതെന്നും ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ദീര്‍ഘമായ ഗൗരവകരമായ റിപ്പോര്‍ട്ടാണെന്നും നന്നായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.

വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം

ഫൂട്ടേജ് എന്ന സിനിമയുടെ പ്രിവ്യൂ ഞാന്‍ കണ്ടിരിക്കുമ്പോഴാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത്. സിനിമ കണ്ട് പുറത്തിങ്ങിയപ്പോള്‍ എന്റെ മാധ്യമ സുഹൃത്തുക്കളെ കണ്ടു. അവരെന്നോട് സിനിമയുടെ റിവ്യൂ ചോദിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ചോദിച്ചത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചാണ്. വളരെ ദീര്‍ഘമായ ഗൗരവകരമായ റിപ്പോര്‍ട്ടാണ്. നന്നായി പഠിക്കേണ്ടതുണ്ട്. അല്ലാതെ വായില്‍ തോന്നിയതുപോലെ പറയാന്‍ പറ്റുന്നതല്ല.

ഞാന്‍ അവരോട് ആ സമയത്ത് പറഞ്ഞ കാര്യങ്ങളില്‍ ഒരു ഭാഗമാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനോട് പ്രതികരിക്കേണ്ട രീതിയില്‍ അല്ലായിരുന്നു എന്റെ ശരീരഭാഷ എന്ന് ആ വീഡിയോ ഞാന്‍ കണ്ടപ്പോള്‍ എനിക്ക് തോന്നി. അത് എന്റെ സുഹൃത്തുക്കളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

STORY HIGHLIGHTS: Vinay Forrt about  HEMA COMMITTEE REPORT