മലയാള സിനിമയിലെ മാറ്റി നിർത്താൻ കഴിയാത്ത വ്യക്തിത്വങ്ങളിൽ ഒരാളാണ് നടൻ ഇടവേള ബാബു. സിനിമകളിൽ അത്ര സജീവമല്ലെങ്കിലും വർഷങ്ങളായി താര സംഘടനയായ അമ്മയെ മുന്നിൽ നിന്ന് നയിച്ചിരുന്നത് അദ്ദേഹമാണ്. താരസംഘടനയായ അമ്മയുടെ സെക്രട്ടറി എന്ന നിലയിലാണ് ഇടവേള ബാബുവിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. അമ്മയുടെ അമരത്ത് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇടവേള ബാബുവുണ്ട്. ഇപ്പോഴിതാ അദ്ദേഹം ആ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. സമീപകാലത്ത് മലയാള സിനിമയിലുണ്ടായ വിവാദങ്ങളെയെല്ലാം നല്ല രീതിയിൽ അവസാനിപ്പിക്കാൻ മുന്നിൽ നിന്നും പ്രവർത്തിച്ച ആളാണ് ഇടവേള ബാബു. സംഘടനയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പോലും നല്ല രീതിയിൽ കൈകാര്യം ചെയ്ത് കൊണ്ടുപോകുന്ന ആളാണ് അദ്ദേഹം.
താരനിശകളുടെ സംവിധാനം മുതൽ ഓഫീസ് ബോയിയുടെ ജോലി വരെ അമ്മയിൽ പ്രവർത്തിച്ചപ്പോൾ താൻ ചെയ്തതായി താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബാബുവിനെ വിട്ടിട്ട് ഒരമ്മയില്ല… കാരണം ബാബുവാണ് ഇതിന്റെ ഡ്രൈവർ. ഡ്രൈവറില്ലാതെ യാത്രക്കാരും കണ്ടക്ടറും ചെക്കറും ബസിൽ കയറി ഇരുന്നിട്ട് കാര്യമുണ്ടോ എന്നാണ് ഒരിക്കൽ വികാരഭരിതനായി സംസാരിക്കവെ നടൻ മമ്മൂട്ടി ബാബുവെ കുറിച്ച് പറഞ്ഞത്.
ഇപ്പോഴിതാ 25 വർഷത്തോളം അമ്മയിൽ പ്രവർത്തിച്ചപ്പോൾ വേദന തോന്നിയ നിമിഷങ്ങൾ സമ്മാനിച്ച അനുഭവങ്ങൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു വെളിപ്പെടുത്തി. “ആറ് വര്‍ഷമായി പ്രസിഡന്‍റ് ലാലേട്ടനാണ്. എത്രയോ രേഖകളിൽ ഒപ്പിടുന്നു. പലപ്പോഴും ചേട്ടനത് വായിച്ച് നോക്കുന്നുണ്ടോ എന്നുപോലും സംശയം തോന്നിയിട്ടുണ്ട്. അതൊരു വിശ്വാസമാണ്.
താരനിശകളുടെ സംവിധാനം മുതൽ ഓഫീസ് ബോയ് യുടെ ജോലി വരെ ചെയ്യുന്നുണ്ട്. ബിപിയുടെ രണ്ട് ഗുളികയാണ് ദിവസവും ഞാൻ കഴിക്കുന്നത്. പല തലമുറയിൽ പെട്ട പ്രഗത്ഭർക്കൊപ്പം അവരുടട ഏറ്റവും അടുത്തയാളായി നിൽക്കാനായത് മഹാഭാഗ്യമാണ്. മധു സാർ മുതൽ ഷെയിൻ നിഗം വരെയുള്ളവർ അവരുടെ ഏറ്റവും അടുത്തയാളോടെന്ന പോലെ സംസാരിക്കും. ഇത്തരം അനുഭവങ്ങൾ ഞാനൊരു നടൻ മാത്രമായിരുന്നെങ്കിൽ കിട്ടണമെന്നില്ല.
അമ്മ എന്ന പ്രസ്ഥാനത്തിന്റെ ബലം കൊണ്ടാണ് ഈ അടുപ്പം കിട്ടിയത്. ചിലരുടെ പെരുമാറ്റങ്ങൾ മനസിൽ തട്ടിയിട്ടുണ്ട്. എന്നെക്കാൾ കൂടുതൽ ഞാൻ അമ്മയെ സ്നേഹിച്ചതുകൊണ്ടാവാം അമ്മയിലെ പ്രശ്നങ്ങൾ എന്റെ വേവലാതികളായി മാറിയത്. രാവിലെ മുതല്‍ ഫോണ്‍കോളുകള്‍ വരും. സെറ്റിലെ പ്രശ്നങ്ങൾ മുതൽ താരങ്ങളുടെ പ്രതിഫലകാര്യങ്ങള്‍ വരെ. ആരെയും പിണക്കാതെ പരിഹരിക്കാനാണ് ശ്രമം. ഞാൻ കാരണം ഒരു ഷൂട്ടും നിർത്തിവച്ചിട്ടില്ല.
എന്ത് പ്രശ്നമാണെങ്കിലും ഷൂട്ട് തടസപ്പെടാതെ പരിഹരിച്ചിട്ടുണ്ട്. പുതു തലമുറയിലെ ചിലരുടെ പെരുമാറ്റങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ട്. ഒരു പ്രധാന നടന്റെ മകൻ. അദ്ദേഹവും നടനാണ്. അച്ഛൻ അമ്മയില്‍ നിന്ന് ഇൻഷുറൻസ് സഹായവും കൈനീട്ടവും ഒക്കെ വാങ്ങിയ ആളാണ്. എന്നിട്ടും അദ്ദേഹത്തിന്റെ മകനും നടനുമായ വ്യക്തി ഒരു സെറ്റിലിരുന്നു പറഞ്ഞു… എന്തിനാണ് നമ്മൾ അമ്മയിൽ ചേരുന്നത്. കുറേ കാരണവന്മാരെ നോക്കാനാണോ എന്ന്.
പഴയ താരങ്ങളെ പുതുതലമുറയ്ക്ക് അത്രയ്ക്ക് വിലയുണ്ടാവില്ല. പക്ഷെ ഒരുകാലത്ത് അവർ എന്തായിരുന്നുവെന്ന് നമുക്കറിയാം. ഇത്തരം ഒരുപാട് സന്ദർഭങ്ങളുണ്ട്. പക്ഷെ അതൊന്നും തുറന്ന് പറയാനാവില്ലെന്നാണ്” അനുഭവം വെളിപ്പെടുത്തി ഇടവേള ബാബു പറഞ്ഞത്.
content highlight: bad-experience-from-a-famous-actor-son