നടന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെ മകളാണ് തേജ ലക്ഷ്മി. കുഞ്ഞാറ്റ എന്ന പേരിലാണ് തേജ അറിയപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കുഞ്ഞാറ്റ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുമുണ്ട്. അത്തരത്തില്‍ താരപുത്രി പങ്കുവച്ചൊരു സെല്‍ഫിയും അതിന് പിന്നിലെ കഥയുമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള ചിത്രമാണ് കുഞ്ഞാറ്റ പങ്കുവെച്ചിരിക്കുന്നത്. ചിത്രം എടുത്ത സമയത്തെ സംഭവങ്ങളാണ് ചിത്രത്തിന് അടിക്കുറുപ്പായി താരപുത്രി നല്‍കിയിരിക്കുന്നത്.
‘ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്. ആദ്യമായൊരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കുന്ന ആവേശത്തില്‍ ആയിരുന്നു ഞാന്‍. നമ്മുടെ സ്വന്തം മമ്മൂക്കയുടെ അടുത്തായിരുന്നു ഞാന്‍ ഇരുന്നത്. ആവേശകരമായ ഒരു നിമിഷമായിരുന്നു അത്. നിരവധി പേര്‍ അദ്ദേഹത്തിന് അടുത്തേക്ക് ഫോട്ടോ എടുക്കാന്‍ വന്നുകൊണ്ടിരുന്നുണ്ട്. ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിക്കണോ എന്ന് ഞാനും ചിന്തിച്ചു. എന്നാല്‍ മമ്മൂക്ക തന്നെ എന്റെ നേരെ തിരിഞ്ഞ് ചോദിച്ചു ‘നിനക്ക് ഫോട്ടോ വേണ്ടേ?’ എന്ന്. തീര്‍ച്ചയായും.. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ ആ സുവര്‍ണ്ണാവസരത്തിലേക്ക് കുതിക്കുക ആയിരുന്നു. എല്ലാം വളരെ വേഗത്തില്‍ സംഭവിച്ചു. എനിക്ക് ഒരുങ്ങാനൊന്നും സമയം കിട്ടിയില്ല. അല്‍പ്പം ഫണ്ണിയായി തോന്നിയാലും ഇത് എല്ലായ്‌പ്പോഴും എന്റെ അമൂല്യമായ ചിത്രമായി നിലനില്‍ക്കും. അതാണ് മമ്മൂക്ക. സ്വപ്നം, മനുഷ്യന്‍, ഇതിഹാസം,’എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം കുഞ്ഞാറ്റ കുറിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുഞ്ഞാറ്റ തന്റെ സന്തോഷം പങ്കുവെച്ചത്.
2000 ത്തില്‍ ആയിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. ഇരുവരും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിവാഹവും. പിന്നീട് 2008ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പിന്നീട് 2011ല്‍ മനോജ് കെ ജയനും ആശയും തമ്മില്‍ വിവാഹിതരായി. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദുമായി ഉര്‍വശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉര്‍വശിക്കൊപ്പവും താമസിക്കാറുണ്ട്.
STORY HIGHLIGHTS: Thejalakshmi about the golden opportunity in her life