ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സിനിമാ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് . എല്ലാ സംഘടനകളിലും 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറുപ്പിലൂടെയാണ് പ്രതികരണം.
‘സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി? അതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ്. ഒരു റിപ്പോര്‍ട്ട് പഠിക്കാന്‍ ഒരാഴ്ച എടുക്കേണ്ട കാര്യമില്ലെന്ന് ഞാനും നിങ്ങളും അടക്കം എല്ലാവര്‍ക്കും അറിയാം. ലോകസിനിമയ്ക്ക് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിന് മുന്നില്‍ അപഹാസ്യമായി കൊണ്ടിരിക്കുകയാണ്.
ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയും. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണം.’ എന്നാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ സാന്ദ്ര തോമസ് സൂചിപ്പിച്ചിരിക്കുന്നത്.
സാന്ദ്രയുടെ അഭിപ്രായത്തെ അനുകൂലിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘സിനിമാ മേഖലയിലെ ഈ വ്യവസ്ഥാപിത സംഘടനകള്‍ക്കൊന്നും ഈ റിപ്പോര്‍ട്ട് പഠിക്കാന്‍ സമയമില്ലെങ്കില്‍ അവര്‍ അത്രക്ക് തിരക്കിലാണെങ്കില്‍, അവര്‍ക്ക് അടിയന്തിരമായി ഒരു ലീഗല്‍ എക്‌സ്‌പെര്‍ട്ട് അടക്കം ഉള്‍ക്കൊള്ളുന്ന ഒരു കമ്മിറ്റിയെ രൂപീകരിച്ചു ഈ റിപ്പോര്‍ട്ട് അതില്‍ ചര്‍ച്ചക്ക് വിധേയമാക്കി അവരുടെ അഭിപ്രായം എങ്കിലും പറയാമായിരുന്നു.
ഇപ്പോള്‍ പൊതു സമൂഹത്തിന് മുന്‍പില്‍ ഈ സംഘടനകള്‍ ഒക്കെ വഷളായിക്കൊണ്ടിരിക്കുകയാണ്. അത് ആ സംഘടനകള്‍ അറിയാത്തത് അവരുടെ ഇഗ്നോറന്‍സ് കൊണ്ട്, അല്ലെങ്കില്‍ അതിന്റെ നേതാക്കളുടെ അപാരമായ തൊലിക്കട്ടി കൊണ്ടായിരിക്കും. എന്തായാലും കഷ്ടം എന്നേ പറയാനുള്ളു’ എന്നാണ് ഒരാള്‍ കമന്റിലൂടെ പറയുന്നത്.
സിനിമ സംഘടനകൾ പോയിട്ട് പ്രമുഖ നടിമാർ പോലും ഇതിനെ പറ്റി ഒരു വാക്ക് പറഞ്ഞിട്ടില്ല ആരെയോ പേടിച്ചു ഞാൻ ഒന്നും അറിഞ്ഞില്ല നോക്കിയിട്ട് പറയാം എന്ന നിലപാടിലാണ്. അവർക്ക് പ്രശ്നം ഇല്ലെങ്കിൽ പൊതുജനങ്ങൾ എന്ത് ചെയ്യണം? ആരും ഒന്നും പറയില്ല. എല്ലാവർക്കും പേടി അവരുടെ ചാൻസ് നഷ്ടപ്പെടുമോ എന്ന്. അത്രക്കും സ്ട്രോങ്ങ് ആണ് മാഫിയ സംഘം… എന്നിങ്ങനെ നിരവധി കമൻ്റുകളാണ് സാന്ദ്രയുടെ പോസ്റ്റിന് താഴെ വരുന്നത്.
ഏറെ കാലമായി മലയാള സിനിമയില്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ച് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. നടിമാര്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെ കുറിച്ചും സിനിമയിലെ ചൂഷണങ്ങളെ പറ്റിയുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ പേര് പറയാതെ പതിനഞ്ച് അംഗ പവര്‍ ടീമിനെ കുറിച്ചും സൂചിപ്പിച്ചിരുന്നു.
മലയാള സിനിമയിലെ പ്രമുഖരായ നടന്മാരടക്കം ഈ പവര്‍ ടീമിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്രയും കാര്യങ്ങള്‍ പുറത്ത് വന്നിട്ടും സിനിമാ സംഘടനങ്ങള്‍ ഇപ്പോഴും മൗനം പാലിച്ചിരിക്കുകയാണ്. ഇത് ആര്‍ക്ക് വേണ്ടിയാണെന്ന് ചോദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്.
content highlight: producer-sandra-thomas on hema committee