കാളിന്ദി
ഭാഗം 46
“സ്വർണ്ണത്തിനൊക്കെ നല്ല വിലയല്ലേ മോനെ… എങ്ങനെയാണ് ഇപ്പോൾ ”
“അമ്മ കണക്ക് കൂട്ടിയിട്ട് 8 പവന്റെ സ്വർണമുണ്ട്… പിന്നെ ഒരു 12 പവൻ കൂടി മേടിക്കണം, ഇനി അവർക്ക് കാശ് ആയിട്ട് വേണമെങ്കിൽ… അത് ഞാൻ സുമേഷിനോട് ചോദിച്ചിട്ട് നമ്മൾക്ക് ബാക്കി കാര്യം തീരുമാനിക്കാം…”
“ആഹ്… അങ്ങനെ ചെയ്യാം മോനെ… ”
അങ്ങനെ ആ രാത്രി യും കടന്ന് പോയി.
അടുത്ത ദിവസം കല്ലുവിന് കോളേജിൽ പോകണമായിരുന്നു.
അവൾ കാലത്തെ എഴുന്നേറ്റു ജോലി ഒക്കെ തീർത്തിട്ട് ശ്രീകുട്ടിക്ക് ഒപ്പം ഇറങ്ങാൻ ആയിരുന്നു പ്ലാൻ.
കണ്ണൻ കൊണ്ട് പോകാം എന്ന് പറഞ്ഞപ്പോൾ പിന്നെ അവൾ എതിർപ്പ് ഒന്നും പറഞ്ഞില്ല.
തിരികെ വരുമ്പോൾ അച്ഛമ്മയെ കൂടി ഒന്ന് കണ്ടു കളയാം എന്ന് അവൾ ഓർത്തു m
രാവിലെ അവൾ അടുക്കളയിൽ എത്തി.
അമ്മയോട് കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു..
പോയിട്ട് വാ മോളെ എന്ന് ശോഭയും അവളോട് പറഞ്ഞു.
അങ്ങനെ പത്തു മാണിയോട് കൂടി രണ്ടാളും കോളേജിലേക്ക് പുറപ്പെട്ടു.
അവിടെ അവളെ ഇറക്കി വിട്ട ശേഷം കണ്ണൻ തിരികെ അവന്റെ ഒരു കൂട്ടുകാരനെ കാണാൻ ആയി ടൗണിലേക്ക് പോന്നു.
ഏകദേശം 2മണിക്കൂർ എടുത്തു കല്ലുവിന്….അതിന് ശേഷം അവൾ കണ്ണനെ ഫോൺ ചെയ്തു.
അവൻ എത്തിയപ്പോൾ കല്ലുവിന്റെ രണ്ട് മൂന്ന് കൂട്ടുകാരികൾ അവനെ കാണാനായി നിൽപ്പുണ്ടായിരുന്നു.
അവരോട് ഒക്കെ സംസാരിച്ച ശേഷം രണ്ടാളും കൂടി അച്ഛമ്മയെ കാണാനായി പോയി…
അച്ഛമ്മ ആണെങ്കിൽ ഉമ്മറത്ത് അവരെ കാത്തു ഇരിപ്പുണ്ട്.
കല്ലു ഓടി ചെന്നു പതിവ് തെറ്റാതെ ഉമ്മ ഒക്കെ കൊടുത്തു അച്ഛമ്മയെ കെട്ടി പിടിച്ചു.
ബേക്കറി യിൽ നിന്നു മേടിച്ച പലഹാരം ഒക്കെ അവൾ അച്ഛമ്മയുടെ കൈയിൽ കൊടുത്തു.
ഉഷ ആണെങ്കിൽ കൃഷി ഭവൻ വരെ പോയത് ആയിരുന്നു.
കല്ലു ആണ് ചോറും കറികളും ഒക്കെ എടുത്തു മേശമേൽ നിർത്തിയത്.
അച്ഛമ്മയെയും നിർബന്ധിച്ചു ഒപ്പം ഇരുത്തി.
എല്ലാവരും കൂടി ആഹാരം ഒക്കെ കഴിച്ചു.
കല്ലുവിന് അന്ന് ഒരുപാട് സന്തോഷം ആയിരുന്നു.
വൈകുന്നേരം ആണ് അവർ അച്ഛമ്മയുടെ അടുത്ത് നിന്നും യാത്ര പറഞ്ഞു പോന്നത്.
അന്ന് രാത്രിയിൽ കണ്ണൻ അവന്റ കൂട്ടുകാരൻ സുമേഷിനെ വിളിച്ചു.
സ്ത്രീധനത്തെ കുറിച്ച് ഒക്കെ സംസാരിച്ചു.
അവർക്ക് കാശ് ആയിട്ട് ഒന്നും വേണ്ടന്നും, എന്തെങ്കിലും കൊടുക്കുവാൻ ഉദ്ദേശിക്കുന്നു എങ്കിൽ അത് പെൺകുട്ടിക്ക് സ്വർണം ആയിട്ട് ഇട്ടാൽ മതി എന്നും പറഞ്ഞു.. ഒന്നും തന്നില്ലേലും ഒരു കുഴപ്പവും ഇല്ലടാ… എന്ന് പറഞ്ഞു ആണ് അവൻ ഫോൺ വെച്ചത്.
പിന്നീട് എത്ര പവൻ കൊടുക്കും എന്നൊക്കെ ആയിരുന്നു വീട്ടിലെ ചർച്ച.
20പവൻ കൊടുക്കാം എന്ന് ശോഭ പറഞ്ഞു.
“വീടിന്റെ ആധാരം പണയം വെച്ചു വേണം പൈസ എടുക്കാൻ..എല്ലാം പെട്ടന്ന് റെഡി ആക്കണം.. ദിവസം അങ്ങ് ഓടി പോകും….പിന്നെ ശ്രീകുട്ടീടെ പേരിൽ 2ലക്ഷം രൂപയോളം ബാങ്കിൽ കിടപ്പുണ്ട്…അല്ലെ അമ്മേ ”
കണ്ണൻ ചോദിച്ചു
“അതേ മോനെ ”
തെക്കേ വശത്തു ഉള്ള പാടം വിറ്റപ്പോൾ കിട്ടിയ കാശ് ആണ് മോളെ…രാജിയുടെ കല്യാണം കഴിഞ്ഞു ഇത്തിരി കടം ഉണ്ടായിരുന്നു. അന്നേരം അത് വിറ്റിട്ട് ബാക്കി വന്ന പൈസ അച്ഛൻ അന്ന് ഇവളുടെ പേർക്ക് ഇട്ടു… ”
കല്ലുവിനെ നോക്കി ശോഭ പറഞ്ഞു..
“ആഹ് രണ്ട് ലക്ഷം രൂപക്ക് 4പവൻ കിട്ടും… പിന്നെ ഒരു 12പവൻ കൂടി വേണ്ടേ…”
കണ്ണൻ അമ്മയോട് ചോദിച്ചു.
“ഏട്ടാ… ഒരുപാട് കടം ഒന്നും കേറ്റണ്ട… എനിക്ക് 15പവൻ സ്വർണം മതി.. അപ്പോൾ കുഴപ്പമില്ല ലല്ലോ.”
. ശ്രീക്കുട്ടി കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ആണ് വീട്ടിലെ ചർച്ച കേട്ടത്.
“അത് ഒന്നും നീ നോക്കണ്ട ശ്രീക്കുട്ടി… ഞങ്ങൾ വേണ്ടത് പോലെ ചെയ്തോളാം ”
അവൻ സ്നേഹപൂർവ്വം അവളെ ശാസിച്ചു.
“വേണ്ട ഏട്ടാ… ഏട്ടനെ കൊണ്ട് തന്നെ പറ്റുമോ ഇതെല്ലാം വീട്ടാൻ.. അച്ഛനും വയ്യാണ്ട് കിടക്കുന്നു… പശുവിനെ കൊടുത്തത് കൊണ്ട് ആ വരുമാനവും ഇല്ല… എല്ലാം എന്റെ ഏട്ടന്റെ ചുമലിൽ ആകും ”
“ഓഹ്… പറഞ്ഞു കഴിഞ്ഞെങ്കിൽ എഴുന്നേറ്റു പോടീ… ഒരു ഉപദേശം കേട്ടില്ലേ…”
അവൻ ദേഷ്യപ്പെട്ടു.
“മോനെ… അവള് പറയുന്നത് ഒക്കെ നേരാടാ…. നീ തന്നെ…”
“ആഹ് ഇനി അമ്മയും കൂടി തുടങ്ങിക്കോ…. വെറുതെ എന്റെ വായിൽ ഇരിക്കുന്നത് ഒന്നും കേൾക്കല്ലേ ”
അവൻ ഒച്ച വെച്ചപ്പോൾ പിന്നെ ആരും മിണ്ടിയില്ല.
“കണ്ണാ…”
അല്പം കഴിഞ്ഞു ശോഭ മകനെ വിളിച്ചു.
“മ്മ് ”
“എടാ… നമ്മൾ ആണെങ്കിൽ,എല്ലാവർക്കും പിള്ളേരുടെ കല്യാണത്തിന് സ്വർണം ഒക്കെ കൊടുത്തത് അല്ലെ..അതൊക്കെ കിട്ടുമായിരിക്കും ”
“ആഹാ… രാജിടെ കല്യാണത്തിന് കനത്തിൽ കിട്ടിയത് അല്ലെ.. എന്നിട്ടോ ”
അവൻ കണ്ണുരുട്ടിയപ്പോൾ അവർ മിണ്ടാതെ ഇരുന്നു.
“കേട്ടോ കല്ലു… രാജിടെ കല്യാണത്തിന് കടം വന്നത് എങ്ങനെ ആണെന്നോ… ഇവിടെ അമ്മയും അച്ഛനുംകണക്ക് കൂട്ടി യപ്പോൾ 7പവൻ സ്വർണം ഇങ്ങോട്ട് കിട്ടാൻ ഉണ്ട്… അമ്മേടെയും അച്ഛന്റെയുമൊക്ക സഹോദരങ്ങളുടെ മക്കൾക്കൊക്ക ആയിയ്യ് കല്യാണത്തിന് കൊടുത്തത് ആണ്.. അതുവെച്ച ബാക്കി സ്വർണം ആണ് നമ്മൾ എടുത്തത്…. തലേ ദിവസം ദേ…. ആരും സ്വർണം തന്നില്ല….പെണ്ണിന് പറഞ്ഞ സ്വർണം ഇട്ടില്ല എങ്കിൽ നാണക്കേട് ആകില്ലേ…ഞാനും അച്ഛനും കൂടി തലേ ദിവസം ഓടി നടന്നു കുറച്ചു പേരോട് ഒക്കെ പൈസ സങ്കടിപ്പിച്ചു… എന്നിട്ട് അവൾക്ക് സ്വർണം പോയി എടുത്തത്… പിന്നെ കണ്ടം വിറ്റിട്ട് ആണ് ഞങ്ങൾ ആ പൈസ എല്ലാം കൊടുത്തു തീർത്തത്.
കല്ലു ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു..
“നീ എന്താ ഒന്നും മിണ്ടാത്തത് ”
കണ്ണൻ അവളെ സൂക്ഷിച്ചു നോക്കി..
“അത് പിന്നെ കണ്ണേട്ടാ… ഞാൻ.. എനിക്ക്…”
“ദേ.. കല്ലു.. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വിക്കാതെ കാര്യം പറഞ്ഞോണം കേട്ടോ…”
. അവൻ കയർത്തു.
“എന്നതാടാ ഇത്… ഒരു മയത്തിൽ ഒക്കെ പറയു “..
ശോഭ അവനെയും വഴക്ക് പറഞ്ഞു.
“അതല്ല അമ്മേ… ഞാൻ പറഞ്ഞത്.. എന്റെ സ്വർണം ഒക്കെ ഇരിപ്പുണ്ട്.. അത് എടുക്കാം… വെറുതെ ലോൺ എടുത്തു പലിശ കൊടുക്കണോ ”
ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു.
“അത് ഒന്നും വേണ്ട മോളെ…ശ്രീകുട്ടിക്ക് ഉള്ള സ്വർണം ഒക്കെ നമ്മൾക്ക് ആകും.. മോളുടെ ഒക്കെ അവിടെ ഇരുന്നോട്ടെ ”
..
“അതല്ല അമ്മേ…. വെറുതെ..”
“കല്ലു….. അമ്മ പറഞ്ഞത് കേട്ടില്ലേ…. പിന്നെ എന്തെങ്കിലും ആവശ്യം വരിക ആണെങ്കിൽ നമ്മൾക്ക് അപ്പോൾ നോക്കാം….”
കണ്ണൻ ആയിരുന്നു അത് പറഞ്ഞത്.
കല്ലു തല കുലുക്കി.
*****
അങ്ങനെ ഒരാഴ്ച കടന്ന് പോയി.
ശ്രീകുട്ടിയുടെ വിവാഹ നിശ്ചയം ആണ് അടുത്ത ആഴ്ച.
ചെറിയ രീതിയിൽ ഒരു ഷോപ്പിംഗ് ഒക്കെ നടത്താനായി വന്നത് ആണ് എല്ലാവരും..കണ്ണൻ ആണെങ്കിൽ ബാപ്പുട്ടീടെ അനിയന്റെ കാർ എടുത്തു, അതിലാണ് എല്ലാവരും കൂടി പോയത്.
രാജിയും എത്തിയിട്ടുണ്ട്.
കുഞ്ഞിനെ ശോഭയുടെ അടുത്ത ആക്കിയിട്ട് ആണ് അവൾ വന്നത്.
ശ്രീകുട്ടിക്ക് മജന്താ നിറം ഉള്ള ഒരു ധാവണി ആണ് എടുത്തത്…
രാജിയുടെ കുഞ്ഞിന് ഒരു ഉടുപ്പ് എടുത്തു…
പിന്നെ അത്യാവശ്യം വീട്ടിലേക്ക് വേണ്ട കുറച്ചു സാധനങ്ങൾ ഒക്കെ മേടിച്ചു.
കല്ലുവിനോട് രാജിയും ശ്രീകുട്ടിയും ഒരുപാട് നിർബന്ധിച്ചു ഒരു ചുരിദാർ എടുക്കാൻ.
പക്ഷെ അവൾക്ക് കല്യാണത്തിന് സമ്മാനം കിട്ടിയത് ഉണ്ടായിരുന്നു ഇരുപ്പ്..
അതുകൊണ്ട് അവൾ മേടിച്ചില്ല.
കണ്ണനും ഷർട്ട് ഉണ്ടായിരുന്നു.. അവനും ഇനി കല്യാണത്തിന് മേടിക്കാം എന്ന് പറഞ്ഞു..
രാജിയ്ക്ക് ഒരു ചുരിദാർ അവൻ എടുത്തു കൊടുത്തു.
പിന്നീട് മോതിരം മേടിക്കാനായി എല്ലാവരും കൂടെ കണ്ണന് പരിചയം ഉള്ള ഒരു ജ്വല്ലറി യിൽ ആണ് കയറിയത്.
അവിടെ നിന്നു ആയിരുന്നു കണ്ണൻ താലിമാല ഒക്കെ മേടിച്ചത്.
കണ്ണന്റെ ഒരു കൂട്ടുകാരന് അവിടെ ജോലി ഉണ്ട്. ആ പരിചയത്തിൽ ആണ് പോയത്.
മോതിരം എടുത്ത ശേഷം, പഴയ ഒരു വള മാറി ശ്രീകുട്ടിക്ക് വേറൊരു വളയും കൂടി മേടിച്ചു.
ബാക്കി സ്വർണം ഒക്കെ കല്യാണത്തിന് വേണ്ടി ബുക്ക് ചെയ്തിട്ട് ആണ് അവർ പോന്നത്.
രണ്ട് മാസം കൂടി ഉണ്ട് കല്യാണത്തിന്.
അപ്പോളേക്കും എല്ലാം മേടിക്കാൻ വരാം എന്ന് പറഞ്ഞു എല്ലാവരും മടങ്ങി.
അപ്പോളേക്കും ഉച്ച ആയിരുന്നു.
എല്ലാവരും കൂടി ഒരു ഹോട്ടലിൽ കയറി.. ചിക്കൻ ബിരിയാണി ആണ് ഓർഡർ ചെയ്തത്..
അതിന് ശേഷം ഓരോ ഫ്രഷ് ലൈമും കൂടി കുടിച്ചു എല്ലാവരും ഇറങ്ങി.
“ഇനി പോയേക്കാം അല്ലേടി ”
“അയ്യോ ഏട്ടാ… ഒരു മിനിറ്റ് “ശ്രീക്കുട്ടി പറഞ്ഞു
. “മ്മ്… എന്താ ”
“അത്… എനിക്ക് കുറച്ചു സാധനം കൂടി വാങ്ങണം ”
“ഇനി എന്താ ”
“അത് പിന്നെ ഏട്ടാ… ലേഡീസ് സെന്റർ….”
“മ്മ്… വേഗം ആകട്ടെ…”
രാജിയും ശ്രീകുട്ടിയും കൂടി അവിടേക്ക് കയറി.
കല്ലു… നിനക്ക് ഒന്നും വേണ്ടേ ”
“വേണ്ട ഏട്ടാ…”
“വെല്ലോം പോട്ടോ ക്യുട്ടെക്സോ വേണോ “…
“വേണ്ട….”
അവൾ ചിരിച്ചു.
“മ്മ്…. വേണേൽ മേടിക്ക് പെണ്ണെ…”
. “വേണ്ട ഏട്ടാ ”
അപ്പോളേക്കും രാജി വന്നു അവളെ വിളിച്ചു.
കണ്ണൻ ആണെങ്കിൽ നോക്കിയപ്പോൾ വഴിയോരത്തു ഒരു കുപ്പിവള കച്ചവടക്കാരി ഇരിക്കുന്നത് കണ്ടു.
പച്ചയും ചുവപ്പും മഞ്ഞയും നിറത്തിൽ ഉള്ള കുപ്പിവളകൾ അടുങ്ങി ഇരിക്കുന്നത് കണ്ടപ്പോൾ അവൻ അങ്ങോട്ട് നടന്നു.
കല്ലുവിന്റെ കൈയിൽ കുപ്പിവള ഇട്ടാൽ നല്ലത് ആയിരിക്കും.
ഈ പെണ്ണിന്റെ കൈയുടെ അളവ് അറിയില്ലല്ലോ… അവൻ ഓർത്തു..
എന്തായാലും ഏകദേശം അളവ് വെച്ചു അവൻ കുറച്ചു കുപ്പി വള മേടിച്ചു.
വണ്ടിയിലേക്ക് കൊണ്ട് പോയി വെച്ച്.
കുറച്ചു കഴിഞ്ഞതും അവർ കടയിൽ നിന്നും ഇറങ്ങി വന്നു.
“ഇതെന്താ കല്ലു…”
കണ്ണൻ അവളുടെ കൈയിൽ ഇരുന്ന കവറിലേക്ക് നോക്കി.
“രാജി ചേച്ചി മേടിച്ചു തന്നതാ ”
അവൾ അതു തുറന്നു.
ഒരു ജോഡി ചെരുപ്പ് ആയിരുന്നു.
“ഒന്നും എടുക്കാതെ പോയാൽ എങ്ങനെ ആണ് കണ്ണാ…. ഡ്രസ്സ് എടുക്കാൻ പറഞ്ഞു, അതു എടുത്തില്ല…”
. “നീ.. ഈ പൈസ ഇല്ലാത്തപ്പോൾ ഇതൊക്കെ എന്തിന് മേടിക്കുന്നതാ രാജി ”
“പൈസ ഇല്ലന്ന് നിന്നോട് ആരാ പറഞ്ഞത്.. ഒന്ന് പോടാ മിണ്ടാതെ ”
രാജി കണ്ണനെ നോക്കി പേടിപ്പിച്ചു.
തിരികെ വിട്ടിൽ എത്തും മുന്നേ ചായക്കടയിൽ നിന്നു കണ്ണൻ പരിപ്പ് വടയും പഴം പൊരിയും ഒക്കെ മേടിച്ചു…
ഒപ്പം ഒരു കവറ് പാലും
“ഞാൻ ജനിച്ചതിൽ പിന്നെ ആദ്യം ആയിട്ടാ പാല് മേടിക്കുന്നത്..”
കണ്ണൻ കൈയിൽ ഇരുന്ന കവർ കൊണ്ട് പോയി ശ്രീകുട്ടിയുടെ കൈയിൽ കൊടുത്തു..
“യ്യോ.. സത്യം…. എത്ര കാലം ആയിട്ട് നമ്മുടെ തൊഴുത്തിൽ പൈക്കൾ ഉണ്ടായിരുന്നു അല്ലെ ഏട്ടാ ”
“മ്മ്… അമ്മയ്ക്കും അച്ഛനും വയ്യാണ്ടായി.. അതുകൊണ്ട് അല്ലേടി..”…
“അതേ… എന്ന ചെയ്യാനാ ”
എല്ലാവരും എത്തിയപ്പോൾ അമ്മ കുഞ്ഞിനേയും എടുത്തു കൊണ്ട് മുറ്റത്തു നിൽപ്പുണ്ട്.
രാജി ഓടി വന്നു കുഞ്ഞിനെ എടുക്കാനായി.
“പോയി കുളിച്ചിട്ട് വാടി… അല്ലെങ്കിൽ എന്തെങ്കിലും അസുഖം കുഞ്ഞിന് കൂടി പകരും… കണ്ട സ്ഥലത്തുകൂടി എല്ലാം പോയിട്ട് വന്നത് അല്ലെ.”
ശോഭ ദേഷ്യപ്പെട്ടു.
തുടരും