സിനിമയിൽ മാത്രമല്ല സമസ്ത മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടെന്ന് സംവിധായകനും മുൻ ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. സിനിമ ആളുകൾ ശ്രദ്ധിക്കുന്ന സംഭവമായതുകൊണ്ട് ഗൗരവത്തോട് കൂടി കാണുന്നുവെന്ന് മാത്രം. ഉള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. നിയമത്തിന്റെ മുമ്പിൽ നീതി നമുക്ക് തുല്യമായി നടപ്പിലാക്കാൻ പറ്റുമെന്നും അഖിൽ പറഞ്ഞു. .
“ഇപ്പോൾ ഹേമ കമ്മീഷൻ മലയാള സിനിമയിലെ മുഴുവൻ നടീ നടന്മാർക്കും ഒരുപോലെ മാനഹാനിയും ദോഷകരവുമാക്കുന്ന ഒരു അനാവശ്യ റിപ്പോർട്ടായി മാറി. അഞ്ച് വർഷം കഴിഞ്ഞാൽ സ്ത്രീ സ്ത്രീ അല്ലാതെയാകില്ലല്ലോ. പക്ഷെ കമ്മിറ്റി ഏത് കാലഘട്ടത്തിലെ പ്രശ്നങ്ങളാണ് പഠിച്ചതെന്ന് അറിയണം. കാരണം തൊണ്ണൂറ് കാലഘട്ടത്തിലെ സിനിമകളുടെ സമയത്ത് നടന്നിട്ടുള്ള പ്രശ്നങ്ങൾ പഠിച്ചിട്ടാണോ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അറിയണം.
അതിനാണ് ഞാൻ പറഞ്ഞത് എത്ര സാമ്പിൾ എടുത്തിട്ടുണ്ട്, എത്ര പരാതി കമ്മിറ്റി കേട്ടിട്ടുണ്ട്, ഇത് ഏത് കാലഘട്ടത്തിലെ പരാതിയായിരുന്നു, ഏത് പ്രായത്തിലുള്ള സ്ത്രീകളുടെ പരാതിയായിരുന്നു, ഇന്നത്തെ പുതുതലമുറയിൽപ്പെട്ട അഭിനേതാക്കളിൽ ആരെങ്കിലും ഒരാൾ ഹേമ കമ്മിറ്റിക്ക് മുമ്പിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ടോ എന്നൊക്കെ അറിയണമെന്ന് പറഞ്ഞത്.
അല്ലാതെ സിനിമയിൽ നിന്ന് അവസരം നിഷേധിക്കപ്പെട്ട് കംപ്ലീറ്റ്ലി പുറത്താക്കി കഴിഞ്ഞതിനുശേഷം എന്നാൽ പിന്നെ ഇനി ആണുങ്ങളുടെ നെഞ്ചത്ത് കേറി കളഞ്ഞേക്കാമെന്ന് കരുതിയിട്ട് കുറച്ചുപേർ ഗ്രൂപ്പ് ഉണ്ടാക്കുകയും ഗ്രൂപ്പിന്റെ തീരുമാനത്തിൽ അവർ മാത്രം കൊടുത്ത മൊഴിയാണോ, ഹേമ കമ്മിറ്റി ഒരു വലിയ ഇൻസ്ട്രിയുടെ ഭാഗമായി നിൽക്കുന്ന മുഴുവൻ സ്ത്രീകളുടെയും ഭാഗമായി പറഞ്ഞതെന്ന് അറിയണം. 56 പേരാണ് എന്റെ അറിവിൽ ഡബ്ല്യുസിസിയിലുള്ളത്.
ഈ 56 പേർ മാത്രമാണോ… എത്ര പേർ മൊഴി കൊടുത്തിട്ടുണ്ട് എന്നൊക്കെ അറിയണ്ടേ… ഇലക്ഷന്റെ കാര്യം വരുമ്പോൾ പോലും ഒരു ചൂസിങുണ്ടാകാറില്ലേ… അതുപോലെ പേര് പുറത്ത് പറഞ്ഞാൽ എല്ലാവർക്കും നീതി കിട്ടുമോയെന്ന പാർവതിയുടെ സ്റ്റേറ്റ്മെന്റ് നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതുപോലെയായിപ്പോകും.
കാശ് കൊടുക്കുന്ന കാര്യത്തിൽ എങ്ങനെ നീതിയും സമത്വവും നടപ്പിലാക്കാൻ പറ്റും. മാർക്കറ്റ് വാല്യുവാണ് പ്രധാനം. പലരും വന്നിരുന്ന് സംസാരിക്കുന്നത് അത്തരം കാര്യങ്ങളാണ്. പാർവതി തിരുവോത്ത് ഒരു സിനിമയിൽ മേടിക്കുന്ന കാശാണോ… അതേ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ പെൺകുട്ടി മേടിക്കുന്നത്..? അല്ലെങ്കിൽ പാർവതിയുടെ അത്ര മാർക്കറ്റ് വാല്യുവില്ലാത്ത ഒരു പെൺകുട്ടി മേടിക്കുന്നത്? മാത്രമല്ല എന്നാൽ പിന്നെ ആ പെൺകുട്ടിയുടെ അതേ തുക മേടിച്ചേക്കാമെന്ന് പാർവതി ചിന്തിക്കുമോ?. മോഹൻലാൽ മേടിക്കുന്ന കാശ് പാർവതി കിട്ടത്തില്ലെങ്കിൽ നയൻതാര മേടിക്കുന്ന കാശ് മലയാളത്തിലെ ഒരു നടന് കിട്ടില്ല.
അപ്പോൾ ആണോ പെണ്ണോയെന്ന് നോക്കിയിട്ടല്ല… മാർക്കറ്റ് വാല്യുവാണ് നോക്കുന്നത്. ഇതൊന്നും മനസിലാക്കാതെ വിഡ്ഢിത്തരം വിളിച്ച് പറഞ്ഞിട്ട് എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കേറിയാൽ എന്ത് ചെയ്യാൻ പറ്റും. ഒരു ജസ്റ്റിസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ അവർക്ക് പുറത്ത് വിടാൻ പറ്റുന്നില്ല അല്ലെങ്കിൽ ഗവൺമെന്റിന് പുറത്ത് വിടാൻ പറ്റില്ലെന്ന് പറഞ്ഞാൽ പിന്നെ അതിൽ എന്താണുള്ളതെന്നും” അഖിൽ ചോദിച്ചു.
content highlight: Akhil Maarar Against Parvathy Thiruvothu