കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതിനു പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. റിപ്പോര്‍ട്ടില്‍ പറഞ്ഞത് ശരിയാണ്. മലയാളം സിനിമയെ നിയന്ത്രിക്കുന്ന 15 പേര്‍ക്കൊപ്പം ചേര്‍ന്ന് തിലകനെ സീരിയലില്‍ നിന്നുപോലും ഒഴിവാക്കാന്‍ ഗണേഷ് കുമാര്‍ പ്രവർത്തിച്ചെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.
പ്രമുഖ നടനെ ഇന്‍ഡസ്ട്രിയിലെ 15 പേര്‍ ചേര്‍ന്ന് ഒതുക്കി എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് സീരിയലില്‍ അഭിനയിക്കേണ്ടി വന്നു. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ മാഫിയ സംഘത്തിന്റെ കയ്യില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. ആ സമയത്തെ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഒരു സിനിമ താരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വിലക്ക് നേരിടേണ്ടിവന്ന നടന്‍ തന്റെ അച്ഛനാണെന്ന് ഷമ്മി പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്ന ആത്മയുടെ പ്രസിഡന്റ് കെ ബി ഗണേഷ് കുമാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മ രൂപീകരിക്കപ്പെട്ടതു മുതല്‍ ഗണേഷാണ് പ്രസിഡന്റ് എന്ന് ഷമ്മി ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടില്‍ പറഞ്ഞത് ശരിയാണ്. മലയാളം സിനിമയെ നിയന്ത്രിക്കുന്ന 15 പേര്‍ക്കൊപ്പം ചേര്‍ന്ന് തിലകനെ സീരിയലില്‍ നിന്നുപോലും ഒഴിവാക്കാന്‍ ഗണേഷ് കുമാര്‍ പ്രവര്‍ത്തിച്ചു. അമ്മയുടെ മീറ്റിങ്ങില്‍ ഒരു പ്രമുഖ താരം തിലകനെ ആക്ഷേപിക്കുകയും അദ്ദേഹത്തോട് ഒച്ചവെക്കുകയും ചെയ്തു. ഗുരുതരമായി ആശുപത്രിയില്‍ കിടന്ന സമയത്ത് അതേ താരം അച്ഛനെ കാണാന്‍ എത്തിയിരുന്നു. തിലകന്‍ തന്റെ ബാപ്പയെ പോലെയാണ് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
അച്ഛന്റെ മരണശേഷം തിലകനെ അധിക്ഷേപിച്ചതിനെക്കുറിച്ച് ഞാന്‍ അമ്മ എക്‌സിക്യൂട്ടീവില്‍ പറഞ്ഞു. അമ്മയുടെ അപ്പോഴത്തെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ പറഞ്ഞത്, കമ്മിറ്റി പ്രശ്‌നം പരിഗണിക്കുമെന്നും തിലകന്‍ ചേട്ടന് നീതി ലഭിക്കുമെന്നുമാണ്. പ്രശ്‌നം വിലയിരുത്താന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് ഒരു മുതിര്‍ന്ന നടന്‍ എന്നോട് പറഞ്ഞത് തിലകനോട് ക്ഷമാപണം നടത്തുന്നത് അവരുടെ പ്രതിച്ഛായയെ ബാധിക്കും എന്നാണ്. – ഷമ്മി തിലകന്‍ പറഞ്ഞു.
സംവിധായകന്‍ വിനയന്റെ നിശബ്ദതയ്‌ക്കെതിരെയും താരം രംഗത്തെത്തി. അധികാരം കയ്യാളുന്നവരെക്കുറിച്ച് അറിയാം എന്നാണ് വിനയന്‍ പറഞ്ഞത്. അദ്ദേഹം എന്തുകൊണ്ടാണ് അത് വെളിപ്പെടുത്താത്തതെന്ന് ഷമ്മി ചോദിച്ചു. തിലകന്റെ വിലക്കിനെ ഉപയോഗിച്ചാണ് വിനയന്‍ തന്റെ കേസ് സുപ്രീംകോടതിയില്‍ വിജയിപ്പിച്ചതെന്നും ഷമ്മി പറഞ്ഞു.
content highlight: shammi-thilakan-against-minister-ganesh-kumar