ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമ നടിമാരും സിനിമ പ്രവര്‍ത്തകരുമാണ് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പുറത്തുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ മലയാള സിനിമയില്‍ നിന്നും അത്തരത്തില്‍ തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ബംഗാളി നടി ശ്രീലേഖ മിത്ര. ഒരു പ്രമുഖ സംവിധായകനില്‍ നിന്നും തനിക്ക് നേരെ പീഡനശ്രമം ഉണ്ടായതാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍. സംവിധായകന്റെ മുറിയില്‍ നിന്ന് ഇറങ്ങി ഓടേണ്ട അവസ്ഥ ഉണ്ടായി എന്നും നടി വ്യക്തമാക്കുന്നു. ട്വന്റിഫോര്‍ ന്യൂസ് ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.
‘മലയാള സിനിമ വ്യവസായത്തില്‍ നിന്നും എനിക്ക് ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആ സംഭവം. എനിക്ക് മലയാളം സിനിമകളില്‍ നിന്ന് ഒരു അവസരം ലഭിക്കുന്നു. കൊച്ചിയില്‍ ഷൂട്ട് നടക്കുന്ന മമ്മൂട്ടി ചിത്രത്തിലേക്കായിരുന്നു ആ വിളി. ഞാന്‍ എന്റെ വ്യക്തിജീവിതത്തില്‍ ചില പ്രതിസന്ധികള്‍ നേരിടുന്ന സമയം കൂടിയായിരുന്നു അത്. ഒരു മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. കൊച്ചിയിലെത്തിയ ഞാന്‍ രാവിലെ സംവിധായകനെ ചെന്ന് കണ്ടു. ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍, എന്റെ പ്രതിഫലം, സിനിമയില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍,, ഇതേക്കുറിച്ച് ഒക്കെ സംസാരിച്ചു, ഫോട്ടോഷൂട്ടും നടന്നിരുന്നു. വൈകുന്നേരം എന്നെ അവര്‍ വീണ്ടും വിളിച്ചു. നിര്‍മ്മാതാവ് ഉള്‍പ്പെടെ വരുന്നു, പരസ്പരം എല്ലാവരെയും പരിചയപ്പെടുത്താനാണ് വിളിച്ചത് എന്നാണ് എന്നോട് പറഞ്ഞത്. സംവിധായകന്‍ ഫോണില്‍ ആരോടോ സംസാരിക്കുന്നുണ്ടായിരുന്നു. എന്നോടൊപ്പം മുന്‍പ് ജോലി ചെയ്ത ചായഗ്രഹകന്‍ ആണ് അതെന്ന് എന്നോട് പറഞ്ഞു.’
‘ഞാന്‍ അവിടെ എത്തി.. ഡ്രോയിങ് റൂമില്‍ മുഴുവന്‍ അപരിചിതരായിരുന്നു അദ്ദേഹത്തിന് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞ് സംവിധായകന്‍ മുന്നോട്ട് നടന്നു. ആ അപരിചിതര്‍ക്ക് ഇടയിലൂടെ അയാളെ പിന്തുടരുന്ന ഞാന്‍ ഇരുണ്ട ബെഡ്‌റൂമിന്റെ ബാല്‍ക്കണിയിലാണ് എത്തിയത്. അവിടെ എത്തിയപ്പോള്‍ അയാള്‍ എന്റെ വളകളില്‍ തൊടാന്‍ തുടങ്ങി. ചിലപ്പോള്‍ ആ വളകള്‍ കണ്ട കൗതുകം ആകാം എന്ന് ഞാന്‍ കരുതി. ശാന്തയാകാന്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞു. ഇതെവിടെ വരെ പോകും എന്നറിയണമല്ലോ. അത് തികച്ചും നിഷ്‌കളങ്കമായ പ്രവൃത്തി എന്ന ആനുകൂല്യം അയാള്‍ക്ക് നല്‍കാം എന്ന് ഞാന്‍ കരുതി. എന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടാകുന്നില്ലെന്ന് കണ്ടപ്പോള്‍ അയാള്‍ എന്റെ മുടിയിഴകളില്‍ തലോടാന്‍ തുടങ്ങി. എന്റെ കഴുത്തിനരികിലേക്ക് സ്പര്‍ശനം നീണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ആ മുറിയില്‍ നിന്നിറങ്ങി. അപ്പോള്‍ തന്നെ യൂബറോ മറ്റോ വിളിച്ച് ഞാന്‍ പെട്ടെന്ന് ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല. അത്രയും അപരിചിതര്‍ക്കിടയില്‍ ഞാന്‍ നേരിട്ട അനുഭവം എന്നെ ഭയപ്പെടുത്തി. എന്റെ റൂമിന്റെ മാസ്റ്റര്‍ കീ കൈവശപ്പെടുത്തുകയോ അര്‍ദ്ധരാത്രിയില്‍ വാതിലില്‍ മുട്ടിവിളിക്കുകയും ചെയ്തിരുന്നെങ്കില്‍.. എന്നെ ആ സിനിമയിലേക്ക് വിളിച്ച ആളോട് ഞാന്‍ നടന്നതെല്ലാം പറഞ്ഞു. എനിക്ക് റിട്ടേണ്‍ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവര്‍ പണം തരാന്‍ തയ്യാറായില്ല. പിറ്റേദിവസം അതിരാവിലെ സ്വന്തം ചെലവില്‍ എനിക്ക് തിരികെ മടങ്ങേണ്ടി വന്നു.’ ശ്രീലേഖ പറഞ്ഞു.
STORY HIGHLIGHTS: Sreelekha Mitra about Malayalam Cinema