Celebrities

സിനിമ രംഗത്ത് തുടരാനാണ് ആഗ്രഹമെന്ന് ലതാ ദാസ്; പ്രൊഡ്യൂസർ മുതൽ ലൈറ്റ് ബോയി വരെ അങ്ങനെ പെരുമാറി | lata-das-malayalam-cinema-experienced

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള യാതൊരു മോശം പെരുമാറ്റവും ആരിൽ നിന്നും ഉണ്ടായിട്ടില്ല

കൊച്ചി: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ വലിയ വിവാദം പുകയുകയാണ്. സിനിമാ മേഖലയിൽ തങ്ങൾ നേടിട്ട ലൈം​ഗികാതിക്രമങ്ങളും വിവേചനങ്ങളും സംബന്ധിച്ച് നിരവധി നടിമാർ കമ്മീഷന് മൊഴി നൽകിയിരുന്നു. എന്നാൽ, മലയാള സിനിമാ വ്യവസായത്തെ സംബന്ധിച്ച് തനിക്ക് അത്തരം അനുഭവങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് മുൻ യുഎഇ പ്രവാസി ലതാ ദാസ്. തനിക്ക് മലയാള സിനിമാ ലോകത്തുനിന്നും നല്ല അനുഭവങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും ലതാ ദാസ് പറയുന്നു.

പത്തോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച തനിക്ക് എല്ലാവരിൽ നിന്നും പൂർണ പിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നാണ് അടുത്തിടെ മലയാള സിനിമയിൽ സജീവമായ താരം വെളിപ്പെടുത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തരത്തിലുള്ള യാതൊരു മോശം പെരുമാറ്റവും ആരിൽ നിന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ സിനിമാ മേഖലയെ അടച്ചാക്ഷേപിക്കാൻ കഴിയില്ലെന്നും ലതാ ദാസ് അഭിപ്രായപ്പെടുന്നു. സിനിമയിലെത്തിയിട്ട് ഒരുപാട് കാലമായിട്ടില്ലെങ്കിലും ഇതുവരെ പ്രൊഡ്യൂസർ മുതൽ ലൈറ്റ് ബോയി വരെയുള്ളവർ വളരെ ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ എന്നും നടി പറഞ്ഞു. അതുകൊണ്ട് ഈ രംഗത്ത് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.

തൃശൂർ സ്വദേശിയായ ലത നേരത്തെ 15 വർഷത്തോളം യുഎഇയിൽ അക്കൗണ്ടൻറായി ജോലി ചെയ്തിരുന്നു. ഇതോടൊപ്പം പ്രാദേശിക ടെലിവിഷൻ ചാനലിൽ അവതാരകയായും വാർത്താ അവതാരകയായും പ്രവർത്തിച്ചു. ഇത് ആത്മവിശ്വാസം വർധിക്കാൻ കാരണമായി. ചെറുപ്പം തൊട്ടേ അഭിനയത്തിലടക്കം കലാരംഗത്തോട് ഏറെ താത്പര്യമുണ്ടായിരുന്നു. ദുബായിലെ ടെലിവിഷൻ രംഗത്തെ പ്രവർത്തനം ആത്മവിശ്വാസം വർധിപ്പിച്ചു.

ഭർത്താവ് സുനിൽ നേരത്തെ മലയാള സിനിമയിൽ അസിസ്റ്റൻറ് ക്യാമറാമാനായി പ്രവർത്തിച്ചിരുന്നു. പിന്നീട് കുടുംബസുഹൃത്തായ ഫാത്തിമ മേരി നിർമിച്ച 369 എന്ന സിനിമയിലൂടെയാണ് ഈ രംഗത്തേയ്ക്ക് ആദ്യമായി ലത പ്രവേശിച്ചത്. അതിൽ പൊലീസ് ഉദ്യോഗസ്ഥൻറെ ഭാര്യാ വേഷമായിരുന്നു. തുടർന്ന് പത്തോളം സിനിമകളിൽ ക്യാരക്ടർ റോളുകൾ ചെയ്തു. മാജിക് ഫ്രെയിംസിൻറെ ഡി150 എന്ന ദിലീപ് സിനിമയിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്ത കഥ ഇന്നുവരെയാണ് ഉടൻ റിലീസാകാനുള്ള ചിത്രം. നർത്തകി മേതിൽ ദേവിക ആദ്യമായി നായികയാകുന്ന ചിത്രത്തിൽ ബിജു മേനോനാണ് നായകൻ.

ചെസ്, കംഗാരു ഫെയിം രാജ് ബാബു ഷൈൻ ടോം ചാക്കോയെ പ്രധാനകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചാട്ടുളി , കാവ്യ ഫിലംസിന്റെ ആസിഫ് അലി–അനശ്വരാ രാജൻ ചിത്രം രേഖചിത്രം എന്നിവയിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ആണെന്ന് ലത പറഞ്ഞു. 2020 ഇൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുത്ത താഹിറ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ദീഖ് പറവൂർ സംവിധാനം ചെയ്ത ഇംഗ്ലിഷ് ചിത്രം ദ് ലാൻഡ് ഓഫ് സോളമനിൽ നായികയായും അഭിനയിച്ചു. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ആ സിനിമയിൽ അവതരിപ്പിച്ചത്.

കൂടാതെ, ഉടൻ റിലീസാകുന്ന തമിഴ് ചിത്രങ്ങളായ തിരുമതി സെൽവി, ഇരുതി പോർ, മലയാള ചിത്രം കാലവർഷക്കറ്റ് എന്നിവയിലും താരം പ്രധാന വേഷം അവതരിപ്പിക്കുന്നു. എറണാകുളത്ത് സ്ഥിര താമസമാക്കിയ ലതയ്ക്ക് ഭർത്താവ് സുനിൽ, മകൾ സ്വാതികൃഷ്ണ എന്നിവരുടെ പിന്തുണ മുതൽക്കൂട്ടാണ്. സിനിമ കൂടാതെ പതിനഞ്ചോളം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

content highlight: lata-das-malayalam-cinema-experienced