തിരുവനന്തപുരം: ‘മലയാളത്തിലെ നടികളെ പോലും അറിയില്ല, പിന്നെയല്ലേ ബംഗാളി നടി’ എന്ന് നടൻ ഇന്ദ്രൻസ്. രഞ്ജിത്തിനെതിരായ ആരോപണത്തില്‍ മാധ്യമപ്രവർത്തകരുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്. കുറച്ച് എരിവും പുളിയും ഒക്കെ വേണ്ട എന്നും ഇന്ദ്രൻസ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഗുരുതര ആരോപണങ്ങളോട് ഒഴുക്കൻ മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഞാൻ ആരുടേയും വാതിലിൽ മുട്ടിയിട്ടില്ല. ഏത് മേഖലയിലായാലും സ്ത്രീകൾക്കെതിരെ ഉണ്ടായ ചൂഷണങ്ങൾക്കെതിരെ നടപടി ഉണ്ടാവണമെന്നും ഇന്ദ്രൻസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ വേണ്ടത് പോലെ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്ര അക്കാദമി ചെയർമാനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം: രേഖാമൂലം പരാതികിട്ടാതെ രഞ്ജിത്തിനെതിരെ നടപടിയെടുക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നടപടി സാധ്യമല്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മന്ത്രി സജി ചെറിയാൻ സ്വീകരിച്ചത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ല. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറയുന്നു.
രഞ്ജിത്തിനെതിരായ വെളിപ്പെടുത്തൽ പ്രതിസന്ധിയിലാക്കുന്നത് സംസ്ഥാന സർക്കാരിനെ
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണമുയർത്തി രംഗത്തെത്തിയതോടെ പ്രതിസന്ധിയിലായത് സംസ്ഥാന സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേര് ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. സിനിമാ മേഖലയിലെ ഉന്നതരെ ആരെയും പിണക്കാതെയും അതേസമയം, ഹേമ കമ്മിറ്റി പോലൊന്ന് ഇന്ത്യയിൽ മറ്റൊരിടത്തും ഉണ്ടായിട്ടില്ല എന്ന് മേനി പറഞ്ഞും തടിതപ്പാനായിരുന്നു മന്ത്രിമാർ ഉൾപ്പെടെ ശ്രമിച്ചത്. എന്നാൽ, തനിക്കെതിരെ അതിക്രമം കാട്ടിയ സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉയർത്തി രംഗത്തെത്തിയതോടെ നടപടി എടുക്കേണ്ട സാഹചര്യം സംജാതമാകുകയാണ്.
സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും ഏറ്റവും വലിയ ഇഷ്ടക്കാരിൽ ഒരാളാണ് സംവിധായകൻ രഞ്ജിത്ത്. അതുകൊണ്ട് തന്നെ നടി ശ്രീലേഖ മിത്രയുടെ ആരോപണം സർക്കാരിന് ഇരട്ടി പ്രഹരമാണ്. രഞ്ജിത്തിനെതിരെ കേസെടുത്താൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നും നീക്കേണ്ടിയും വരും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ട് കഴിഞ്ഞു.
നടി ശ്രീലേഖ മിത്ര പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതാണ് രഞ്ജിത്തിനും സർക്കാരിനും കുരുക്കായത്. സമയവും സന്ദർഭവും ഉൾപ്പെടെ പറഞ്ഞാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ശ്രീലേഖയുടെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തിയെങ്കിലും ഇരയുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ തന്നെ ശ്രീലേഖയുടെ പ്രതികരണത്തെ കാണേണ്ടി വരുമെന്നാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര ആരോപിക്കുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിൽ താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു,. രാവിലെ സംവിധായകൻ രഞ്ജിത്തിനെ കണ്ടു. കൊച്ചിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്. വൈകിട്ട് അണിയറ പ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഇവിടെ വച്ച് തന്റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്‌കസ് ചെയ്യാനാണെന്ന് കരുതി റൂമിലെത്തിയപ്പോൾ രഞ്ജിത്ത് കൈയിൽ തൊട്ടു, വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി, ഇതോടെ ഞെട്ടിയ ഞാൻ ഉടൻ തന്നെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽമുറിയിൽ കഴിഞ്ഞത്. ആ ദിവസം ഒരിക്കലും മറക്കാനാവില്ലെന്നും അവർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സംഭവത്തിൽ ഡോക്യുമെന്ററി സംവിധായരൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു എന്നും താരം പറയുന്നു. എന്നാൽ ആരും തന്നെ പിന്നീട് ബന്ധപ്പെട്ടില്ലെന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു.അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ടു വരണമെന്നും കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിൽ വേണമെന്നും നടി വ്യക്തമാക്കി.
അതേസമയം, നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് രഞ്ജിത്തിന്റെ നിലപാട്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡിഷന് വന്നിരുന്നു എന്ന് രഞ്ജിത്ത് സമ്മതിക്കുന്നുണ്ട്. കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറയുന്നു.
content highlight: actor-indrans-response-on-hema-committee-report