Viral

തിരക്കുളള റോഡില്‍ എത്തി നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞു; യുവാവിന്റെ വൈറല്‍ വീഡിയോയ്ക്ക് വിമര്‍ശനം-YouTuber Throws Money On Street

യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഭൂരിഭാഗം ആളുകളും

ഹൈദരാബാദ്: സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നതിനുവേണ്ടി എത്ര റിസ്‌ക്കും എറ്റെടുക്കാന്‍ തയ്യാറാണ് ഇന്നത്തെ മിക്ക യൂട്യൂബര്‍മാരും. ഇപ്പോള്‍ ഇതാ അത്തരത്തില്‍ വൈറല്‍ ആകുന്നതിനുവേണ്ടി, തിരക്കുള്ള റോഡിന്റെ നടുവില്‍ നിന്ന് നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ ചര്‍ച്ച. യുവാവ് വൈറല്‍ ആകാന്‍ വേണ്ടി ചെയ്തതാണെങ്കിലും വീഡിയോയ്ക്ക് താഴെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഹൈദരാബാദില്‍ നിന്നും ഉള്ള ഒരു വീഡിയോയാണ് ഇത്.

യുവാവ് ഒന്നിലധികം സ്ഥലത്ത് നിന്ന് വാഹനങ്ങള്‍ ഒരുപാടുള്ള റോഡുകള്‍ തിരഞ്ഞെടുത്ത്, അവിടെവച്ച് പണം മുകളിലേക്ക് വലിച്ചെറിയുന്നതും ചുറ്റുമുള്ള ആളുകള്‍ പണം എടുക്കാനായി നെട്ടോട്ടമോടുന്നതും വീഡിയോയില്‍ കാണാം. നടന്നു പോകുന്നവരും വാഹനങ്ങളില്‍ പോകുന്നതുമായ യാത്രക്കാര്‍ നോട്ടുകെട്ടുകള്‍ താഴേക്ക് പറക്കുന്നത് കാണുന്നതോടെ അത് വാരിയെടുക്കാനായി വാഹനത്തില്‍ നിന്നിറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം. ഇതോടെ വലിയ ഗതാഗതക്കുരുക്കാണ് റോഡുകളില്‍ ഉണ്ടായിരിക്കുന്നത്. ഗതാഗതകുരുക്കിനോടൊപ്പം തന്നെ വലിയ അപകട സാധ്യതയുമാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. ഈ പ്രവര്‍ത്തി ചെയ്ത യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഭൂരിഭാഗം ആളുകളും.

എന്നാല്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ താന്‍ ഇനിയും ഭാവിയില്‍ എടുക്കുമെന്ന ഉള്ളടക്കമാണ് വീഡിയോയിലൂടെ യുവാവ് നല്‍കുന്നത്. അടുത്ത തവണ താന്‍ എത്ര രൂപ വലിച്ചെറിയുമെന്ന് ഊഹിച്ചെടുക്കാനും അതില്‍ നിന്നും നിങ്ങള്‍ക്ക് സമ്മാനമായി പണം ലഭിക്കുമെന്നും യുവാവ് പറയുന്നു. ‘നിങ്ങള്‍ ചെയ്യേണ്ടത് എന്റെ ടെലഗ്രാം ചാനലില്‍ ചേരുക എന്നതാണ്.. ലിങ്ക് എന്റെ ബയോയില്‍ ഉണ്ട്. ഞാന്‍ ധാരാളം പണം സമ്പാദിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് പലര്‍ക്കും അറിയാം. നിങ്ങള്‍ക്കും സമ്പാദിക്കാം.. ചാനലിലേക്ക് വരൂ’, എന്നാണ് അയാള്‍ പറഞ്ഞിരിക്കുന്നത്.

STORY HIGHLIGHTS: YouTuber Throws Money On Street In Viral Video

Latest News