Celebrities

‘അനീതി നടന്നാൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം’; ചെഗുവേരയുടെ വാക്കും ചിത്രവുമായി നടി ഭാവന

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ താരങ്ങൾക്കെതിരേ ഉയരുന്ന ലൈംഗികാതിക്ര ആരോപണങ്ങൾക്കിടെ പ്രതികരണവുമായി നടി ഭാവന. ചെഗുവേരയുടെ വാക്കുകൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ഭാവനയുടെ പ്രതികരണം.

‘ലോകത്ത് എവിടെയെങ്കിലും ആർക്കെങ്കിലുമെതിരേ അനീതി നടക്കുന്നുണ്ടെങ്കിൽ അത് തിരിച്ചറിയാൻ പ്രാപ്തിയുണ്ടാകണം’ എന്ന ചെഗുവേരയുടെ ഉദ്ധരണികളാണ് നടി ഭാവന ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ചത്. പോസ്റ്റില്‍ ചെഗുവേരയുടെ ചിത്രവുമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരികയും ലൈംഗികാതിക്രമ പരാതികളിൽ നടൻ സിദ്ദിഖും സംവിധായകൻ രഞ്ജിത്തും രാജിവെക്കുകയും കൂടുതൽ നടിമാർ വെളിപ്പെടുത്തലുകളുമായി രം​ഗത്ത് വരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടിയുടെ പ്രതികരണം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അടയിരുന്ന സര്‍ക്കാരിനേയും ആരോപണ വിധേയരെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയുമാണ് ഭാവനയുടെ പോസ്റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു. മറുവിഭാഗമാകട്ടെ താര സംഘടനയെക്കുറിച്ചാണ് പരാമര്‍ശമെന്നും വാദിക്കുന്നു.

ഇന്നുതന്നെ ‘തിരിഞ്ഞുനോട്ടം’ എന്ന ക്യാപ്ഷനോടെ ഭാവന പങ്കുവച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാവന അഭിനയിച്ച ഹണ്ട് എന്ന സിനിമ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പുതിയ സിനിമയ്ക്കും ഭാവനയ്ക്കും ആശംസകള്‍ നേര്‍ന്ന് ഗീതു മോഹന്‍ദാസ് ഉള്‍പ്പെടെ നിരവധി പേരാണ് കമന്റുകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.