ആന്ധ്രാപ്രദേല്ലയിലുള്ള ശിവക്ഷേത്രമാണ് യാഗന്തി ഉമാ മഹേശ്വര ക്ഷേത്രം. പതിനഞ്ചാം നൂറ്റാണ്ടിൽ വിജയനഗര സാമ്രാജ്യത്തിലെ സംഗമ രാജവംശത്തിലെ രാജാവായിരുന്ന ഹരിഹരബുക്കരായന്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളുടെയും ഐതിഹ്യങ്ങളുടെയും കൂടാരമാണ്. സഞ്ചാരികളും വിശ്വാസികളും ഒരുപോലെ ഇവിടേക്ക് ഒഴുകിയെത്തുന്നു. അദ്ഭുതകരമായ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. അവയിലൊന്നാണ് വളരുന്ന നന്ദി വിഗ്രഹം. ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി വിഗ്രഹത്തിന് വലിപ്പം കൂടി വരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഓരോ 20 വർഷത്തിലും വിഗ്രഹം ഒരു ഇഞ്ച് വീതം വളരുന്നുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങള്‍ കാരണം വികസിക്കുന്ന ഒരു തരം പാറയിലാണ് ഈ വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത് എന്നതാണ് ഇതിനു നല്‍കുന്ന ശാസ്ത്രീയമായ വിശദീകരണം. പണ്ട് ഈ വിഗ്രഹം വളരെ ചെറുതായിരുന്നു. ആളുകള്‍ ഇതിനു ചുറ്റും പ്രദക്ഷിണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോൾ വിഗ്രഹത്തിന്‍റെ വലുപ്പം കൂടിയതു കാരണം അരികിലുള്ള കല്‍ത്തൂണും വിഗ്രഹവും തമ്മിലുള്ള വിടവ് ഇല്ലാതായതിനാല്‍ പ്രദക്ഷിണം നടക്കില്ല.
മറ്റൊരു തൂൺ ക്ഷേത്രജീവനക്കാർ ഇതിനകം നീക്കം ചെയ്തിരുന്നു. കലിയുഗത്തിന്‍റെ അവസാനമാകുമ്പോള്‍ ഈ പ്രതിമയ്ക്കു ജീവന്‍ വയ്ക്കും എന്നാണു ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ടതാണ് അവയിലൊന്ന്. ഇവിടെ വിഷ്ണുവിനു വേണ്ടി ഒരു ക്ഷേത്രം പണിയാന്‍ അഗസ്ത്യന്‍ ആഗ്രഹിച്ചു. എന്നാൽ, വിഗ്രഹത്തിന്‍റെ കാൽവിരലിലെ നഖം തകർന്നതിനാൽ പ്രതിമ സ്ഥാപിക്കാനായില്ല. ഇതില്‍ അസ്വസ്ഥനായ മുനി ശിവനെ തപസ്സു ചെയ്തു. കൈലാസ സമാനമായ അന്തരീക്ഷമായതിനാല്‍ ഈ പ്രദേശത്തു ശിവനാണ് കുടിയിരിക്കേണ്ടതെന്നു പറയുകയും ഇവിടെ വസിക്കാന്‍ ശിവനോട് അഭ്യര്‍ഥിക്കുകയും ചെയ്തു. താന്‍ ഉമാമഹേശ്വര രൂപത്തില്‍ അവിടെ കുടിയിരിക്കാമെന്ന് ശിവന്‍ വാഗ്ദാനം ചെയ്തു. അങ്ങനെയാണത്രേ ഇവിടം ശിവക്ഷേത്രമായി മാറിയത്.
അഗസ്ത്യമുനി തപസ്സനുഷ്ഠിക്കുമ്പോൾ കാക്കകൾ അദ്ദേഹത്തെ ശല്യപ്പെടുത്തിയെന്നും കാക്കകൾക്ക് അവിടെ പ്രവേശിക്കാൻ കഴിയില്ലെന്ന് അദ്ദേഹം ശപിച്ചുവെന്നുമാണ് ഐതിഹ്യം. ഹിന്ദു വിശ്വാസമനുസരിച്ച് കാക്ക ശനിദേവന്‍റെ വാഹനമായതിനാൽ ശനിക്ക് ഇവിടെ പ്രവേശിക്കാനാവില്ലെന്നും വിശ്വസിക്കുന്നു. ക്ഷേത്രപരിസരത്തുള്ള ഒരു ചെറിയ ജലാശയമാണ് പുഷ്കരിണി. ഇതില്‍ നിന്നുള്ള വെള്ളം നന്ദിപ്രതിമയുടെ വായിലൂടെ പുറത്തേക്കു വരുന്നു. പാറക്കെട്ടുകളില്‍ തട്ടിയൊഴുകി വരുന്ന ശുദ്ധജലമാണിത്. എത്ര കടുത്ത വേനലിലും പുഷ്കരിണിയിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് നിലയ്ക്കാറില്ല. പുഷ്കരിണിയിലെ പുണ്യസ്നാനം പാപങ്ങള്‍ അകറ്റി ശുദ്ധീകരിക്കുമെന്ന് ഭക്തർ കരുതുന്നു. പുഷ്കരിണിയിൽ കുളിച്ച ശേഷം അവർ ശിവനെ തൊഴുന്നു.
അഗസ്ത്യൻ ശിവനെ തപ്സനുഷ്ഠിച്ചതെന്ന് കരുതപ്പെടുന്ന അഗസ്ത്യഗുഹയും കേടായ വിഷ്ണുവിഗ്രഹം സൂക്ഷിച്ച വെങ്കിടേശ്വര ഗുഹയും ക്ഷേത്രത്തിനരികിലുണ്ട്. കുത്തനെയുള്ള 120 പടികൾ കയറിയാൽ അഗസ്ത്യഗുഹയിൽ പ്രവേശിക്കാം. അഗസ്ത്യ ഗുഹയുമായി താരതമ്യപ്പെടുത്തുമ്പോൾ വെങ്കിടേശ്വര ഗുഹയിലെ പടികൾ കുത്തനെയുള്ളതാണെങ്കിലും കയറാൻ എളുപ്പമാണ്. കർണൂൽ നഗരത്തിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് യാഗന്തി സ്ഥിതി ചെയ്യുന്നത് . ബനഗാനപ്പള്ളി-പീപ്പുള്ളി റോഡിൽ ബനഗാനപ്പള്ളിയിൽ നിന്നു 14 കിലോമീറ്റർ പടിഞ്ഞാറാണ് ഈ ക്ഷേത്രം. 45 കിലോമീറ്റർ അകലെയാണ് ചരിത്രപ്രസിദ്ധമായ ബെലം ഗുഹകള്‍. ഇവിടെ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് ക്ഷേത്രത്തിലെത്താം.
STORY HIGHLLIGHTS: yaganti-uma-maheswara-temple-andhra-pradesh