പ്രണയമഴ
ഭാഗം 48
“എന്നോട് എന്തിനാ ഡോൺ ഇങ്ങനെ പെരുമാറുന്നത് ..എനിക്ക് അറിയാം ഡോണിന്റെ ഈ ദേഷ്യം.. സത്യം പറ ഡോൺ എന്നെ… എന്നേ ഇയാൾ സ്നേഹിച്ചിട്ടില്ലേ.. എന്നോട് പറഞ്ഞത് എല്ലാം വെറുതെ ആയിരുന്നോ….. എന്റെ മുഖത്ത് നോക്കി ഒരു തവണ പറയു…. ഡോണിന്റെ ടൈം പാസ്സ് ആയിരുന്നു എങ്കിൽ ഞാൻ ഇനി ഒരു ശല്യമാകാൻ വരില്ല… ഉറപ്പ് ”
അവൾ അവന്റെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
ഡോണും ഒരു നിമിഷം വല്ലാതെ ആയി…..
താൻ തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച പെണ്ണ് ആണ്… ഉറപ്പായും ഇവളെ സ്വന്തം ആക്കണം എന്നു തന്നെ കരുതി ആണ് സ്നേഹിച്ചത്… താൻ ചാർത്തുന്ന മിന്നിന്റെ അവകാശി ആവാൻ ഇവൾ ആണ് തനിക്കു പാതി ആയി വേണ്ടത് എന്നു ആയിരുന്നു തന്റെ മനസ്സിൽ നിറയെ…. പക്ഷെ….. പക്ഷെ… ഇനി വേണ്ട…. ഇനി ഒരു കാരണവശാലും വേണ്ട… ഈ പാവം പെൺകുട്ടിയുടെ ജീവിതം താൻ ആയിട്ട് കളയില്ല…. അത്രയ്ക്ക് നിഷ്കളങ്ക ആണ് ഇവൾ… പാവം നല്ലൊരു ലൈഫ് കിട്ടട്ടെ മാളവികയ്ക്ക്….അവൻ തീർച്ചപ്പെടുത്തി…
“മാളവിക..ഞാൻ പറഞ്ഞത് സത്യം ആണ്.. എനിക്ക് അങ്ങനെ ഒരു ഇഷ്ടം… അത് ഒരിക്കലും തന്നോട് തോന്നിയിട്ടില്ല… ഞാൻ വെറുതെ ഒരു തമാശക്ക്… അതൊക്കെ താൻ ആ ഒരു സെൻസിൽ എടുത്താൽ മതി… കോളേജ് ലൈഫിൽ ഓർത്തിരിക്കാൻ ഉള്ള ഓരോരോ കുസൃതികൾ…..”
“അപ്പോൾ ഡോൺ എന്നേ ഒരിക്കലും സ്നേഹിച്ചിട്ടില്ല അല്ലെ….”
“എടൊ ഞാൻ എത്ര വട്ടം പറഞ്ഞു… തനിക്ക് എന്താ ചെവി കേട്ടുകൂടെ…”
അവൾ ഉവ്വെന്ന് തല കുലുക്കി..
“ഒരിക്കൽ പോലും…. ഒരിക്കൽ പോലും എന്നേ സ്നേഹിച്ചിട്ടില്ല അല്ലെ…. എന്നേ വെറുതെ പറ്റിക്കുക ആയിരുന്നു അല്ലെ… എല്ലാവരുടെയും മുന്നിൽ ആളാകാൻ…അങ്ങനെ ഒക്കെ അഭിനയിക്കുന്ന ആയിരുന്നു അല്ലെ….”മാളുവിന്റെ കണ്ണുകൾ നിറഞ്ഞതും അവനു സങ്കടം ആയി… പക്ഷെ അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി കിടന്നു.
“എന്തിനാണ് എന്നോട് ഈ ചതി ചെയ്തത്… എന്ത് തെറ്റ് ആണ് ഞാൻ ചെയ്തത്…. ഡോണിനു അറിയാമോ… താൻ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞ ആദ്യ ദിവസം… അന്ന് മുതൽ ഈ നിമിഷം വരെ ആരോടും പറയാതെ.. ആരെയും അറിയിക്കാതെ ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടക്കുക ആയിരുന്നു എനിക്ക് തന്നോട് ഉള്ള സ്നേഹം….. എല്ലാ ദിവസവും കോളേജിൽ വരുമ്പോൾ ഞാൻ ആദ്യം തിരയുന്നത് താൻ വന്നോ എന്ന് ആയിരുന്നു… തന്റെ മുഖം ഒന്ന് കാണുവാൻ ആയിരുന്നു എന്നും എന്റെ ഹൃദയം തുടിച്ചത്…ഒരു ദിവസം താൻ വന്നില്ലെങ്കിൽ എനിക്ക് എന്ത് സങ്കടം വരുമായിരുന്നു എന്ന് തനിക്ക് അറിയാമോ…. ഓരോ തവണയും ഡോൺ എന്നോട് വന്നു ഇഷ്ടം ആണെന്ന് പറയുമ്പോളും തിരിച്ചു
എന്തെങ്കിലും പറയുവാൻ എനിക്ക് പേടി ആയിരുന്നു….. എന്നാലും എന്റെ ഉള്ളിന്റെ ഉള്ളിൽ മുഴുവൻ…….”മാളുവിന്റെ മിഴികൾ ഒരു പേമാരിയായി പെയ്തു ഇറങ്ങാൻ വെമ്പി…
“മാളു…. താൻ കരയാതെ….”
അവന്റെ ശബ്ദവും ഇടറി..
. “ഡോണിനു അറിയാമോ… ആക്‌സിഡന്റ് ആയ ആ രാത്രി… ഡോണിനു എന്തോ ആപത്തു സംഭവിക്കാൻ പോകുക ആണെന്ന് എന്റെ മനസ്സിൽ ആരോ പറയുക ആയിരുന്നു…. അന്ന് മുഴുവൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു ഒന്നും വരുത്തരുതേ എന്ന്….. എന്റെ ജീവൻ എടുത്താലും ഡോണിനു ഒന്നും സംഭവിക്കരുതേ എന്ന് ആയിരുന്നു എന്റെ പ്രാർത്ഥന….. പക്ഷെ ഈശ്വരനും എന്നേ കൈവിട്ടു.. അല്ലെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു…..”അവൾ തന്റെ ഇരു കരങ്ങളും അവന്റെ വലുത് കൈയിൽ കൂപ്പി പിടിച്ചിരിക്കുക ആണ് അപ്പോളും…..
“എടൊ… തന്നെ വിഷമിപ്പിച്ചു അല്ലെ ഞാൻ ഒരുപാട്…… സോറി മാളവിക… തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ….”
അവൻ നിസ്സഹായനായി…
“എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല……. വൈകിയാണെങ്കിലും എല്ലാം അറിയാൻ സാധിച്ചല്ലോ… ഇനി ഒരു കോമാളി ആകാതെ ഞാൻ പോയ്കോളാം….”
അവൾ അവന്റെ കൈ വിട്ടിട്ട് എഴുനേറ്റ്..
“പോട്ടെ..മമ്മി വരുന്നതിനു മുൻപ് പോകണം… ഇങ്ങോട്ട് കേറി വന്നത് കണ്ടാൽ മമ്മിക്ക് ദേഷ്യം ആകും…”
അമ്മാളു വേഗം അവിടെ നിന്നു ഇറങ്ങി പോന്നു.
അവളെ ഓടി ചെന്നു വാരി പുണരാൻ ഉള്ള മനസ് ഉണ്ട്…
നീ ആണ് എന്റെ ജീവന്റെ ജീവൻ എന്നും നീ ഇല്ലാതെ ഒരു ജീവിതം ഈ ഡോണിനു ഇല്ല എന്നും അവളോട് ഉറക്കെ വിളിച്ചു പറയണം എന്നും ഉണ്ട്… പക്ഷെ ഈ ഒരു കാലും വെച്ചു അവൾക്ക് കൂടെ ഒരു ഭാരം ആകാൻ ഇനി തനിക്ക് ആവില്ല…
അവന്റെ തീരുമാനം വ്യക്തം ആയിരുന്നു.
മമ്മി ചാപ്പലിൽ പോയിട്ട് തിരികെ കേറി വന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കിടക്കുന്ന ഡോണിനെ ആണ് കണ്ടത്..
“മോനെ… എന്നാ പറ്റിടാ… ആ കുട്ടി നിന്നെ കാണാൻ വന്നോ “?
“മ്മ്… വന്നു മമ്മി… കുറെ സമയം ഇരുന്നു കരഞ്ഞു…. പാവം…”
“എന്തിനാ മോനെ ആ കൊച്ച് കരഞ്ഞത്…”
“അത് മമ്മി… അവളെ.. അവളെ ഞാൻ പറ്റിച്ചു എന്ന്…. ഞാൻ സ്നേഹം നടിച്ചു അവളെ ചതിച്ചു എന്ന് പറഞ്ഞു….ഒരുപാട് സങ്കടപ്പെട്ടു ആണ് ഇറങ്ങി പോയത്…. പാവം ”
“”എന്തിനാ മോനെ നീ അവളെ വിഷമിപ്പിച്ചത്.. നിനക്ക് കാര്യം പറഞ്ഞു മനസിലാക്കിയാൽ പോരായിരുന്നോ..”
“അങ്ങനെ ഒന്നും പറഞ്ഞു കൊടുത്താൽ അവളുടെ തലയിൽ കയറില്ല മമ്മി…. പാവം അവളെ വെറുതെ ഓരോന്ന് പറഞ്ഞു ഞാൻ ആണ് ഇതിലേക്ക് കൊണ്ട് വന്നു ചാടിച്ചത്…. ഹോ.. ഏത് നശിച്ച നിമിഷത്തിൽ ആണോ ഞാൻ അവളോട് അങ്ങനെ ഒക്കെ പറയാൻ പോയത്…”
അവൻ തന്റെ ഇടത് കൈ കൊണ്ട് നെറ്റിയിൽ മെല്ലെ ഇടിച്ചു.
അപ്പോളാണ് അവന്റെ നാസികയിൽ അവൾ അടുത്ത് വന്നപ്പോൾ ഉണ്ടായിരുന്ന ഗന്ധം തുളച്ചു കയറിയത്
അവന്റെ കൈയിൽ പിടിച്ചു കൊണ്ട് കുറച്ചു സമയം ഇരുന്നപ്പോൾ അവളുടെ കൈകളിൽ നിന്നു ഏതോ ക്രീം ന്റെ മണം അവന്റെ കൈയിലേക്ക് പടർന്നത് ആണ്..
പാവം മാളു…
ഒരുപാട് സങ്കടപ്പെട്ടു ആണ് ഇറങ്ങി പോയതു…..
എന്ത് ചെയ്യും ഞാൻ….
എന്റെ മാതാവേ അവളെ നീ കാത്തുരക്ഷിക്കണമേ..
ആനിയുടെ ഫോൺ അപ്പോൾ റിങ് ചെയ്തു..
പപ്പാ ആണ്..
മമ്മി ഫോൺ എടുത്തു പപ്പയോടു സംസാരിക്കുന്നത് നോക്കി അവൻ കിടന്നു.
അല്പം കഴിഞ്ഞപ്പോൾ അവന്റെ കൈയിൽ മമ്മി ഫോൺ കൊടുത്തു..
അവനും പപ്പാ ചോദിച്ചതിന് ഒക്കെ ഉള്ള മറുപടി പറഞ്ഞു കൊണ്ടിരുന്നു ..
**********
രാത്രി ഏറെ വൈകിയിരുന്നു ഹരിയും ഗൗരിയും തിരിച്ചെത്തുവാൻ.
അതുകൊണ്ട് കാലത്തെ ഉണരാനും അല്പം വൈകി.
.
ഗൗരി ആണ് ആദ്യം ഉണർന്നത്.
അവൾ നോക്കിയപ്പോൾ കണ്ടു കമഴ്ന്നു കിടന്നു ഉറങ്ങുന്ന ഹരിയെ..
തലേ ദിവസം സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.
അഭി ഇത്രയ്ക്ക് നെറികെട്ടവൻ ആയി പോയല്ലോ എന്ന് അവൾ ഓർത്തു..
അവൻ തന്നെ കടന്നു പിടിച്ചത് ഹരി കണ്ടോ എന്ന് അവൾ വീണ്ടും വീണ്ടും ഓർത്തു.. എന്തിനാണ് അയാൾ അങ്ങനെ ചെയ്തത്….
പാവം ഹരി….
സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ടിട്ട് അവൻ ഹരിയെ വഞ്ചിക്കുക ആണ് ചെയ്തത്..
ഒരിക്കൽ പോലും ഹരിയ്ക്ക് തന്നെ ഇഷ്ടം ആണെന്ന് അഭി തന്നോട് പറഞ്ഞിട്ടില്ല…
പകരം തന്നെ സ്നേഹിക്കുന്നത് പോലെ അഭിനയിച്ചു..
എന്റെ ഗുരുവായൂരപ്പൻ ആണ് അവ്നിൽ നിന്നു രക്ഷിച്ചത്..
ഹരിയേ അവൾ വീണ്ടും നോക്കി.
അവൻ നല്ല ഉറക്കത്തിൽ ആണ്..
അവൾ കിടക്ക വിട്ടു എഴുന്നേറ്റു..
എന്നിട്ട് ഫ്രഷ് ആകാനായി വാഷ് റൂമിലേക്ക് പോയി.
കുളി കഴിഞ്ഞു വന്നപ്പോൾ ഹരിയുടെ ഫോൺ വൈബ്രേറ്റ് ചെയുന്നത് കണ്ടു.
അവൻ അപ്പോളും ഉറക്കത്തിൽ ആണ്.
അവൾ ഫോൺ എടുത്തു കൊണ്ട് ഹരിയുടെ അടുത്തേക്ക് ചെന്നു… അവനെ തോളിൽ തട്ടി വിളിച്ചു.
അവൻ കണ്ണു തുറന്നു..
നോക്കിയപ്പോൾ ഗൗരി അവന്റെ തൊട്ടരികിൽ..
“മ്മ് എന്ത് വേണം…”അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു..
“അത്… ഹരിയുടെ ഫോൺ റിങ് ചെയ്തു…. അതുകൊണ്ട്… ഞാൻ…”അവൾ ഫോൺ കൊടുത്തിട്ട് റൂമിൽ നിന്നു ഇറങ്ങി…
പെട്ടന്ന് തിരികെ കയറി വന്നു..
അല്പം സിന്ദൂരം എടുത്തു നെറുകയിൽ ചാർത്തി..
എന്നിട്ട് വീണ്ടും റൂമിൽ നിന്നും ഇറങ്ങി പോയി..
താഴെ ചെന്നപ്പോൾ കണ്ടു നച്ചു വാവയെ എടുത്തു കൊണ്ട് ഇരിക്കുന്ന അച്ഛനെ..
“അച്ഛൻ എപ്പോൾ എത്തി…”
“ഞങ്ങൾ ഇന്നലെ വന്നിരുന്നു മോളേ.. ഹരി ഉണർന്നില്ലേ ”
“ഉണർന്നു…. ആരെയോ ഫോൺ വിളിക്കുവാ ”
“മ്മ് ”
അവൾകുഞ്ഞിന് നേരെ കൈ നീട്ടി..
കുഞ്ഞ് കൈ കാൽ ഇട്ടു ഇളക്കി ചിരിച്ചു.
ഗൗരി കുഞ്ഞിനെ മേടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു.
അമ്മിണിയമ്മ എത്തിയിട്ടുണ്ട്.
മുത്തശ്ശിയുമമ്മയും കൂടെ ഇരുന്നു ചായ കുടിക്കുന്നു..
“ആഹ്… ഗൗരി മോളേ… നിങ്ങൾ എപ്പോൾ എത്തി…”
“വെളുപ്പിന് 1മണി ഒക്കെ ആയി മുത്തശ്ശി എത്തിയപ്പോൾ..”
“അതെയോ…. ചെറിയമ്മയെ കണ്ടപ്പോൾ തന്നേ വാവ കൂടെ കൂടി അല്ലെ….”
. മുത്തശ്ശി ചോദിച്ചപ്പോൾ ഗൗരി ചിരിച്ചു.
“നീലിമ ചേച്ചി എവിടെ അമ്മേ…”
“നീലിമ പുറത്തു എവിടെയോ ഉണ്ട് മോളേ…. കണ്ണനും ആയിട്ട് ഇറങ്ങിയത് ആണ്….”
അമ്മക്ക് തന്നോട് എന്തെങ്കിലും പിണക്കം ഉണ്ടോ എന്ന് ഗൗരി ഭയപ്പെട്ടിരുന്നു..
പക്ഷെ അവർ കാര്യമായിട്ട് തന്നെ അവളോട് പെരുമാറിയത്.
ഹരി താഴേക്ക് ഇറങ്ങി വന്നു അച്ചനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
എന്നും അടുക്കളയിൽ വന്നു അമ്മയോട് കൊഞ്ചി കൊണ്ട് നിൽക്കുന്നത് ആണ്…
ഇന്ന് പക്ഷെ അതുണ്ടായില്ല..
ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോളും അമ്മയും മകനും പരസ്പരം നോക്കാതെ ഇരുന്നു..
ഗൗരിക്ക് വേദന തോന്നി.
പാവം ഹരി…
അമ്മയോട് ഇന്നലെ സംഭവിച്ച കാര്യങ്ങൾ ഒക്കെ തുറന്നു പറയണം..
താനും അമ്മയും ഒക്കെ ഹരിയെ തെറ്റിദ്ധരിച്ചു.
അത് മാറ്റണം എന്ന് അവൾ തീരുമാനിച്ചു..
ഹരി ഓഫീസിൽ പോകാനായി റെഡി ആവാൻ റൂമിലേക്ക് പോയി.
ഗൗരി കുഞ്ഞിനേയും എടുത്തു കൊണ്ട് വേഗം റൂമിലേക്ക് ചെന്നു.
അവൻ അപ്പോൾ ഡ്രസ്സ് ചേഞ്ച് ചെയുവായിരുന്നു.
നച്ചു വാവ അവനെ നോക്കി ചിരിച്ചു.
ചക്കരെ… എന്നാടാ…. അവൻ ഗൗരിയുടെ അടുത്ത് വന്നു കുഞ്ഞിന്റെ കൈയിൽ പിടിച്ചു കുലുക്കി.
“നച്ചു വാവ വായോ… ചെറിയച്ഛൻ എടുക്കാം എന്ന് പറഞ്ഞു കൊണ്ട് അവൻ കുഞ്ഞിനെ അവളുടെ കൈയിൽ നിന്നു മേടിച്ചു.
ഗൗരി ആണെങ്കിൽ ഹരി കൊണ്ട് പോകാൻ എടുത്തു വെച്ച ഫയലുകൾ ഓരോന്ന് എടുത്തു ബെഡിൽ വെച്ചു..
അവന്റെ വാച്ചുo ഫോണും ഒക്കെ എടുത്തു കൊണ്ട് വന്നു വെച്ചപ്പോൾ ഹരി അവളെ തടഞ്ഞു.
“എനിക്ക് ആരുടെയും സഹായം വേണ്ട.. എന്നും ഇതൊക്ക ഞാൻ തന്നെ ആണ് ചെയുന്നത്… എനിക്ക് അറിയാം …”അവൻ ശബ്ദം അല്പം കടുപ്പിച്ചു ആണ് പറഞ്ഞത്.
ഗൗരിയുടെ മുഖം വാടി..
ഹരി പക്ഷെ അത് കണ്ടതായി ഭാവിച്ചില്ല….
താൻ എവിടെ നിന്നാണോ അത് ഒക്കെ എടുത്തത് അവിടെ കൊണ്ട് പോയി വെയ്ക്ക്… എനിക്ക് എടുക്കാൻ അറിയാം…. അവന്റെ വാക്കുകൾ കനത്തു..
ഹരി…..
അവൾ വേദനയോടെ വിളിച്ചു.
പറഞ്ഞത് കേട്ടില്ലേ…..
അവൻ അല്പം ഉറക്കെ ചോദിച്ചു.
പെട്ടന്ന് അവൾ അതെല്ലാം എടുത്തിടത്തു കൊണ്ട് പോയി വെച്ചു.
ഹരി….
ഹ്മ്മ്..
എന്നോട് ദേഷ്യം ആണോ ?
എന്തിനു…
അല്ല…. പിന്നെ എന്തിനാണ് എന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത്..
എങ്ങനെ ഒക്കെ..ഞാൻ എങ്ങനെ പെരുമാറിയെന്നു ആണ്
അവൾ ഒന്നും പറയാതെ മുഖം കുനിച്ചു നിന്നു…
മറ്റൊരാളുടെ ഭാര്യ ആകാൻ ആഗ്രഹിച്ചു നടക്കുന്ന താൻ എന്തിനാടോ എന്റെ കാര്യത്തിൽ ഇടപെടുന്നത്… നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ… ഈ താലി പോലും തനിക്ക് ഒരു ഭാരം ആണ്…. അത് പൊട്ടിച്ചെറിയാൻ കാത്തിരിക്കുന്ന തനിക്ക് എന്താടോ എന്റെ കാര്യത്തിൽ ആകുലത….എത്രയും പെട്ടന്ന് ഒരു വർഷം കഴിഞ്ഞു പോകാൻ ആണ് ഞാൻ പ്രാർത്ഥിക്കുന്നത്… അത് കഴിഞ്ഞു ഡിവോഴ്സ് ആയാൽ തനിക്ക് തന്റെ ആളും ആയി ഒന്നിക്കാമല്ലോ….. അല്ലെ നച്ചു വാവേ…… അവൻ കുഞ്ഞിനെ എടുത്തു ഉമ്മ കൊടുത്തു കൊണ്ട് അവളോട് പറഞ്ഞു.
തുടരും