Literature

പ്രണയമഴ ഭാഗം 49 /pranayamazha part 49

പ്രണയമഴ

ഭാഗം 49

 

മറ്റൊരാളുടെ ഭാര്യ ആകാൻ ആഗ്രഹിച്ചു നടക്കുന്ന താൻ എന്തിനാടോ എന്റെ കാര്യത്തിൽ ഇടപെടുന്നത്… നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ… ഈ താലി പോലും തനിക്ക് ഒരു ഭാരം ആണ്…. അത് പൊട്ടിച്ചെറിയാൻ കാത്തിരിക്കുന്ന തനിക്ക് എന്താടോ എന്റെ കാര്യത്തിൽ ആകുലത….എത്രയും പെട്ടന്ന് ഒരു വർഷം കഴിഞ്ഞു പോകാൻ ആണ് ഞാൻ പ്രാർത്ഥിക്കുന്നത്… അത് കഴിഞ്ഞു ഡിവോഴ്സ് ആയാൽ തനിക്ക് തന്റെ ആളും ആയി ഒന്നിക്കാമല്ലോ….. അല്ലെ നച്ചു വാവേ…… അവൻ കുഞ്ഞിനെ എടുത്തു ഉമ്മ കൊടുത്തു കൊണ്ട് അവളോട് പറഞ്ഞു.

 

ഹരി പ്ലീസ്…..

 

 

ഗൗരി…. ഞാൻ പറഞ്ഞത് സത്യം അല്ലെ…. പിന്നെന്തിനാ തനിക്ക് ഈ സങ്കടം.. അവൻ കുഞ്ഞിനെ അവളുടെ കൈലേക്ക് കൊടുത്തു..

 

എന്നിട്ട് വാച്ച് എടുത്തു കൈയിൽ കെട്ടി..

 

 

“… ജീവിതത്തിൽ ഹരി എന്നും ഒരു കോമാളി ആണ്….. തോറ്റുപോയാവൻ ..ആണ്…. അങ്ങനെ തന്നെ ഇനിയും മുന്നോട്ട് പോകട്ടെ ..”അവളോട് പറഞ്ഞിട്ട് അവൻ വേഗം റൂമിൽ നിന്നു ഇറങ്ങി പോയി.

 

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തൂവി….

 

 

നീലിമ താഴെ നിന്നു വിളിച്ചപ്പോൾ ഗൗരി കുഞ്ഞിനേയും കൊണ്ട് ഇറങ്ങി പോയി.

 

ഹരിയും കണ്ണനും കൂടെ അപ്പോളേക്കും ഓഫീസിൽ പോയിരിന്നു.

 

‘ഗൗരി….. മോൾക്ക് ഇന്നെന്തെങ്കിലും പ്രോഗ്രാം ഉണ്ടോ…”?

 

“ഇല്ല അച്ഛാ… എന്താണ്…”

 

 

“എങ്കിൽ നമ്മൾക്ക് ഒരിടം വരെ പോകണം… അമ്മയും ഉണ്ട് ഒപ്പം കെട്ടോ…”

 

. ഗോപിനാഥൻ പറഞ്ഞപ്പോൾ ഗൗരി തലയാട്ടി..

 

 

“എങ്കിൽ മോള് പോയി റെഡി ആയി വരൂ….. നമ്മൾക്ക് താമസിയാതെ പോകാം….”ദേവി പറഞ്ഞു.

 

 

********

ഏകദേശം 2മണിക്കൂർ കഴിഞ്ഞു യാത്ര ആരംഭിച്ചിട്ട്…

 

ഗോപിനാഥൻ പറഞ്ഞു കൊടുക്കുന്ന വഴിയിലൂടെ ഡ്രൈവർ വണ്ടി ഓടിച്ചു പോകുക ആണ്…

 

എവിടേയ്ക്ക് ആണെന്നോ എന്തിന് ആണെന്നോ ഗൗരിക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു…

 

പോകും വഴിയിൽ ഒന്നും ആരുമാരും കൂടുതൽ ഒന്നും സംസാരിച്ചില്ല..

 

ഗോപിനാഥൻ മാത്രം അയാൾക്ക് ഇടയ്ക്ക് വന്ന ഫോൺ അറ്റൻഡ് ചെയ്തു..

 

 

അമ്മയോട് സംഭവിച്ച കാര്യങ്ങൾ എല്ലാം പറയാൻ ഇരുന്നത് ആണ് ഗൗരി..

 

പക്ഷെ അപ്പോൾ ആണ് ഇങ്ങനെ ഒരു യാത്ര യേ കുറിച്ച് അച്ഛൻ പറഞ്ഞത്…

 

ഇടയ്ക്ക് വഴി വക്കിൽ നിന്നും ഓരോ കരിക്ക് മേടിച്ചു എല്ലാവരും കുടിച്ചു.

 

“തലേ ദിവസം യാത്ര ചെയ്തു വന്നത് കൊണ്ട് മോൾ മടുത്തു കാണും അല്ലെ…”?

 

 

“ഹേയ്.. അതൊന്നും കുഴപ്പമില്ല അമ്മേ….”

 

“മ്മ്.. നമ്മൾ എത്താറായി.. ഒരു പത്തു മിനിറ്റ് കൂടി….”

 

ഗോപിനാഥൻ പറഞ്ഞപ്പോൾ ഗൗരിയുടെ നെഞ്ചിടിപ്പ് കൂടി..

 

ഒരു ചെറിയ ഇടവഴി കടന്നു വണ്ടി മെല്ലെ പോയി..

 

സ്നേഹാലയം എന്ന് പേരുള്ള ഒരു ഓർഫനേജിന്റെ മുറ്റത്ത് വണ്ടി വന്നു നിന്നത്.

 

ഗൗരിക്കൊന്നും മനസ്സിലായിരുന്നില്ല…

 

ദേവിയും ഗോപിനാഥമേനോനും വണ്ടിയിൽ നിന്നിറങ്ങി.. തൊട്ടു പിറകെ ഗൗരിയും. ഡ്രൈവറോട് വെയിറ്റ് ചെയ്യുവാൻ പറഞ്ഞിട്ട് മൂവരും കൂടി നടന്നു..

 

 

ഗൗരി ദേവിയുടെ കൈയിൽ പിടിച്ചു….

 

 

പേടിക്കേണ്ട മോളെ വരൂ… ദേവി അവളെയും  ചേർത്തുപിടിച്ചുകൊണ്ടു ഗോപിനാഥമേനോന്റെ പിന്നാലെ പോയി.

 

“ആഹ്… കാലത്തെ പുറപ്പെട്ടോ രണ്ടാളും……”പ്രായം ചെന്ന ഒരു കന്യാസ്ത്രീ ഇറങ്ങി വന്നു അവരോട് കുശലം ചോദിച്ചു.

 

ദേവിയാണ് ഗൗരിയെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത്.

 

ഹരിയുടെ ഭാര്യ ആണെന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ തിളക്കം അവൾ കണ്ടു.

 

പക്ഷേ എന്തിനാണ് ഇവിടെ വന്നതെന്നും ആരെ കാണുവാൻ ആണെന്നും ഉള്ള ചോദ്യം അവളിൽ ഉതിർന്നു വന്നു.

 

ആ സിസ്റ്ററുടെ പുറകെ അവർ ഒരു റൂമിലേക്ക് പോയി.

 

സിസ്റ്റർ അവരുടെ മേശമേൽ ഒരു പെട്ടി എടുത്തു വച്ചിട്ടുണ്ടായിരുന്നു….

 

അതിൽ നിന്നും അവർ ഒരു ഫോട്ടോ എടുത്തു.. എന്നിട്ട് ഗോപിനാഥ മേനോന്റെ കൈയിൽ കൊടുത്തു..

 

 

അയാൾ അതിലേക്ക് നോക്കി..

 

അതിന് ശേഷം അത് ഗൗരിക്ക് കൈ മാറി..

 

അവൾ നോക്കിയപ്പോൾ ഒരു അച്ഛനും അമ്മയും അവരുടെ കൈയിൽ ഏകദേശം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞും… അവൾക്ക് ഒന്നും മനസിലായില്ല…. അവൾ അതിലേക്ക് സൂക്ഷിച്ചു നോക്കി…

 

 

ആ കുഞ്ഞിന്റെ നുണക്കുഴി കണ്ടപ്പോൾ അവൾക്ക് എവിടെയോ ഹരിയുടെ സാമ്യം പോലെ തോന്നി.

..

 

“മോൾക്ക് ഇത് ആരാണ് എന്ന് മനസിലായോ…”

 

സിസ്റ്റർ ചോദിച്ചു.

 

ഇല്ല….. സിസ്റ്റർ…..

 

അവൾ അതിലേക്ക് വീണ്ടും നോക്കി..

 

 

“ഇത് മോളുടെ ഭർത്താവ് ഹരിശങ്കർ ആണ്….

 

 

ഗൗരി അവരെ നോക്കി..

 

 

എന്നിട്ട് ഗോപിനാഥ മേനോനെയും…

 

ദേവിയുടെ മിഴികൾ നിറഞ്ഞു വരുന്നുണ്ട്…

 

 

“സിസ്റ്റർ.. സിസ്റ്റർ എന്താണ് പറഞ്ഞത്… ഈ ഫോട്ടോ ഹരിയുടെ…. അപ്പോൾ ഈ കൂടെ നിൽക്കുന്നത്….. ഇതൊക്കെ ആരാ..

എനിക്ക് ഒന്നും മനസിലാകുന്നില്ല…”

 

 

അവൾക്ക് കണ്ഠം ഇടറി..

 

 

“കൂടെ നിൽക്കുന്നത് ഹരിയുടെ മാതാപിതാക്കൾ ആണ് മോളേ…..”

 

സിസ്റ്റർ പറഞ്ഞപ്പോൾ ദേവിയിൽ നിന്നും ഒരു ഏങ്ങൽ ഉയർന്നു..

 

ഗോപിനാഥ മേനോൻ അവരുട കൈയിൽ പിടിച്ചു….

 

 

“അച്ഛാ… ഇത് എന്തൊക്ക ആണ് പറയുന്നത്… എനിക്ക് ഒന്നും മനസിലാകുന്നില്ല. “ഗൗരിക്ക് വല്ലാത്ത പരവേശം തോന്നി.

 

 

“മോളേ… ഗൗരി… ഞാൻ പറഞ്ഞത് ഒക്കെ സത്യം ആണ്… എല്ലാവരും കരുതുന്നത് പോലെ ഈ ഇരിക്കുന്ന ഗോപിനാഥ മേനോനോ ശ്രീദേവിയോ അല്ല ഹരിയുടെ അച്ഛനും അമ്മയും..  ഈ ഫോട്ടോയിൽ കാണുന്ന രാജീവും ടെസ്സിയും ആണ് ഹരിയുടെ മാതാപിതാക്കൾ… ഇവരുടെ ഒരേ ഒരു മകൻ ആണ് ഹരി….”

 

” ഇത് എന്തൊക്കെയാണ് സിസ്റ്റർ പറയുന്നത്”

 

“സത്യമാണ് കുഞ്ഞേ….25വർഷങ്ങൾക്ക് മുൻപ് ആരോരും ഇല്ലാത്ത ഹരികുട്ടനെ ഇവിടെ നിന്നും കൊണ്ട് പോയത് ആണ് ഇവർ…”

 

അവർ ഇരിപ്പിടത്തിൽ നിന്നു എഴുനേറ്റു.

 

രാജീവ്‌….. ഹരിയുടെ അച്ഛൻ ഒരു അനാഥൻ ആയിരുന്നു..ഇവിടെ ആയിരുന്നു അവൻ വളർന്നത്… പതിനഞ്ചു ദിവസം പ്രായം ഉള്ള ആ കുഞ്ഞിനെ ആരോ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണ്. ഇവിടെ പണിക്ക് വരുന്ന ഒരു സ്ത്രീയായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട് വഴി വക്കിൽ പോയി നോക്കിയത്. അപ്പോൾ അവർ കണ്ടു കുറ്റി പുല്ലുകൾക്കിടയിൽ ഒരു പിഞ്ചുകുഞ്ഞ്… ഉടനെ തന്നെ അവർ എടുത്തുകൊണ്ട് അവനെ എന്റെ കയ്യിൽ ഏൽപ്പിച്ചു. അവനെ തിരക്കി ആരും വന്നില്ല. അവൻ ഇവിടെ എന്റെ  മക്കളിൽ ഒരാളായി വളർന്നു.. പഠിക്കാൻ വളരെ സമർത്ഥനായിരുന്നു. കോളേജിൽ അവനെ അയച്ചപ്പോൾ അവന് അവിടെവച്ച് പരിചയപ്പെട്ടതാണ്

ടെസ്സിയെ….. സ്വന്തമായി ഒരു ജോലി വാങ്ങിയതിനു ശേഷം  അവളുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു ഞാനും അവനും.   പഠനം കഴിഞ്ഞപ്പോൾ അവൻ ജോലിയിൽ പ്രവേശിച്ചത് ഈ ഇരിക്കുന്ന ഗോപിനാഥമേനോന്റെ കമ്പനിയിലായിരുന്നു… ഗോപിനാഥമേനോന്റെ വിശ്വസ്തനായിരുന്നു രാജീവൻ.. ജോലി കിട്ടി ആറുമാസത്തിനുശേഷം  അവൻ എന്റെ അരികിൽ എത്തി. നമ്മൾക്ക് ടെസിയുടെ വീട് വരെ പോകാം എന്ന് അവൻ എന്നോട് പറഞ്ഞു …. അവൾ രാജീവിന്റെ കാര്യം വീട്ടിൽ സംസാരിച്ചു എന്നാണ് പറഞ്ഞത്. ഒരു അനാഥനായ രാജീവന് വിവാഹം കഴിച്ചു കൊടുക്കുവാൻ അവളുടെ മാതാപിതാക്കൾ സമ്മതിക്കുമോ എന്ന പേടി ഉണ്ടായിരുന്നു എനിക്കും രാജീവനും. എന്നിരുന്നാലും ഞങ്ങൾ രണ്ടാളും കൂടി അവരുടെ വീട് വരെ പോയി. ഏഴേക്കറിൽ സ്ഥിതി ചെയ്യുന്ന റബർ തോട്ടം അതിന്റെ നടുക്ക് ഒത്ത ഒരു ബംഗ്ലാവ്…. ടെസിയുടെ വീട് കണ്ടപ്പോൾ തന്നെ ഞാനും രാജീവനും തീരുമാനിച്ചു ഈ ബന്ധം  നടക്കില്ലെന്ന്. ഞങ്ങൾ ഉദ്ദേശിച്ചത് പോലെ തന്നെ ആയിരുന്നു അവരുടെ പ്രതികരണം. അവർ ഞങ്ങളെ ആട്ടിപ്പായിച്ചു.. ടെസ്സിയെ വീട്ടുതടങ്കലിൽ ആക്കി… രാജീവിനും ഒരുപാട് സങ്കടം ആയിരുന്നു. അതുപോലെതന്നെ ടെസിക്കും.. പക്ഷേ എന്ത് ചെയ്യാൻ.. അവളുടെ വീട്ടുകാർ

ഒരു കാരണവശാലും ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ സമ്മതിക്കുകയില്ലയിരുന്നു…

 

 

രാജീവിനെ ഒരുതരത്തിൽ പറഞ്ഞു മനസ്സിലാക്കി ഞാൻ വീണ്ടും കമ്പനിയിലേക്ക് അയച്ചു.

 

ഒരാഴ്ച കഴിഞ്ഞ് കാണും.. ഒരു ഉച്ച നേരത്ത് രാജീവനും ടെസിയും കൂടെ എന്നെ കാണുവാനായി വന്നു. ഗോപിനാഥമേനോന്റെ സഹായത്തോടെ അവർ രണ്ടാളും രജിസ്റ്റർ മാരേജ് നടത്തിയിരുന്നു…

 

ഞങ്ങൾ പേടിച്ചതുപോലെ ടെസിയുടെ വീട്ടിൽ നിന്നാരും കുഴപ്പങ്ങൾക്കൊന്നും വന്നില്ല..  പക്ഷേ അവരുടെ ഒരു സ്വത്തിന്മേലും  യാതൊരു അവകാശവും ഇല്ലെന്ന് അവർ ഒരു വക്കീലിന്റെ സഹായത്തോടെ ഒപ്പുവെച്ചുകൊണ്ട് പോയി.

 

ടെസിയും രാജീവനും  കമ്പനിയുടെ അടുത്തുള്ള ഒരു കോട്ടേഴ്സിലേക്ക് താമസം മാറി. സന്തോഷകരമായ ജീവിതം നയിച്ച് അവർ വരികയായിരുന്നു…

 

 

എല്ലാ കാര്യങ്ങൾക്കും അവർക്ക് പിന്തുണയുമായി ഗോപിനാഥമേനോനും ഉണ്ടായിരുന്നു..

 

ഹരിക്കു മൂന്നു വയസ്സുള്ളപ്പോൾ എന്നെ കാണുവാനായി വന്നതാണ് അവർ.

 

ഇവിടെ വന്ന് കുറെ സമയം വരുന്നു സംസാരിച്ച് ഏകദേശം അഞ്ചു മണിയായി കാണും അവർ പോയപ്പോൾ… അടുത്ത ദിവസത്തെ പത്രവാർത്ത കണ്ടാണ് ഞാൻ അറിഞ്ഞത്…  അവർ പോയ കാറും ഒരു ലോറിയുമായി കൂട്ടിയിടിച്ച് എന്റെ രാജീവനും ടെസിയും  ഈ ലോകത്തുനിന്നും വിട്ടുപോയിരുന്നു.

 

 

വാഹനത്തിൽ നിന്നും  അത്ഭുതകരമായി  ആ പിഞ്ചു കുഞ്ഞു മാത്രം രക്ഷപ്പെട്ടു.

 

എന്റെ രാജീവിനെ പോലെ അവനും  ഈ കൈകളിലേക്ക് വന്നുചേർന്നു.

 

 

അതു പറയുകയും ആ സിസ്റ്ററിന്റെ കണ്ണുനീർ ധാരയായി ഒഴുകി….

 

 

അമ്മയെയും അച്ഛനെയും കാണണമെന്നും പറഞ്ഞ് എപ്പോഴും ശാഠ്യം പിടിച്ചു കരയുന്ന ആ മൂന്നു വയസ്സുകാരനെ ഇന്ന് ഞാൻ ഓർക്കുന്നു…

 

ഒരാഴ്ചയോളം അവൻ ഒന്നും കഴിക്കാതെ ഈ വാതിൽക്കൽ അവന്റെ അച്ഛനും അമ്മയും വരുന്നതും കാത്തു കണ്ണും നട്ടു നിൽക്കുമായിരുന്നു…

 

 

അവന്റെ പാൽമണം മാറാത്ത വിതുമ്പുന്ന ചുണ്ടുകളിലേക്ക് നോക്കുമ്പോൾ ഞാനും കരയും….

 

 

പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആകില്ലല്ലോ മോളെ…. ഞാൻ എത്രയൊക്കെ ചേർത്ത് അണച്ചാലും അവൻ എന്നെ തള്ളി മാറ്റി ഓടും അവന്റെ അമ്മയെ വിളിച്ചു കൊണ്ട്…

 

 

അവൻ കരഞ്ഞു തളർന്നു ഉറങ്ങിയ രാത്രികളിൽ ഞാനും അവന് കാവലായിരുന്നു….

 

അവന്റെ അമ്മയുടെ വീട്ടുകാർ ആരും ഒരിക്കൽ പോലും അവനെ തിരിഞ്ഞു നോക്കിയില്ല.

 

ഓരോ ദിവസവും രാത്രിയിൽ ഞാൻ അവനെ ചേർത്തു കൊണ്ടു പറയും നാളെ മോന്റെ അച്ഛനും അമ്മയും വരുമെന്ന്… ആ പ്രതീക്ഷയിൽ ആ പിഞ്ചു ബാലൻ കിടന്നുറങ്ങും.

 

 

ചിലരാവുകളിൽ അവന്റെ അമ്മയെ സ്വപ്നം കണ്ടു അവൻ എഴുന്നേൽക്കും…. വാവിട്ടു കരയും….അവന്റെ അച്ചനെ ഓർത്തു വലിയ വായിൽ നിലവിളിക്കും..

 

 

ഞാൻ അവനെ എടുത്തു കൊണ്ട് ഈ വരാന്തയിൽ കൂടി നടക്കും….

 

 

ഈശ്വരൻ ഇല്ല എന്ന് പോലും എനിക്ക് തോന്നി പോയി.. അല്ലെങ്കിൽ ഈ കുഞ്ഞിന് ഈ വിധി വരില്ലലോ…

 

 

ദിവസങ്ങൾ പിന്നിട്ടു..

 

ഇടയ്ക്കൊക്കെ ഗോപിനാഥൻ മേനോൻ അവനെ കാണുവാനായി വരുമായിരുന്നു.. അവനെ നിറയെ കളിപ്പാട്ടങ്ങളും ചോക്ലേറ്റുമായി ഗോപിനാഥ മേനോൻ വരുന്നതും കാത്തവൻ നോക്കിയിരിക്കും…

 

അവന്റെ അച്ഛനെ അമ്മയും കൂട്ടിക്കൊണ്ടു വരുവാൻ പറഞ്ഞവൻ ശഠിക്കും…

കുറെ സമയം ഇരുന്നു കരയും…

 

ഏകദേശം രണ്ടു മാസം പിന്നിട്ടു ഒരു ദിവസം ഉച്ചതിരിഞ്ഞ് സമയം അന്ന് നല്ല മഴയായിരുന്നു…. മുറ്റത്തൊരു കാർ വന്നുനിന്നു. അതിൽ നിന്നും ഗോപിനാഥന്റെ ഒപ്പം അയാളുടെ ഭാര്യയും ഉണ്ടായിരുന്നു. ഈ ഇരിക്കുന്ന ശ്രീദേവി…  ഇവർ രണ്ടാളും കൂടി വന്നത് ഹരിയെ അവരുടെ മകനായി കൊണ്ടുപോകുവാനായിരുന്നു.. ഞാൻ എതിർത്തു.. കാരണം ഇവരുടെ കുടുംബ പശ്ചാത്തലം. അതുപോലെതന്നെ നാളെ ഈ കുഞ്ഞിനെ ഏതെങ്കിലും കാരണവശാൽ  ഇവർ തള്ളിപ്പറഞ്ഞാൽ അവൻ തകർന്നു പോകും. വരുംവരാഴികൾ മൊത്തം ഞാൻ ചിന്തിച്ചു…. പക്ഷേ ഗോപിനാഥമേനോന്റെ തീരുമാനത്തിൽ മാറ്റമില്ലായിരുന്നു… ഒപ്പം ഇയാൾക്ക് പിന്തുണയുമായി ഈ ഇരിക്കുന്ന ഭാര്യ ശ്രീദേവിയും ഉണ്ടായിരുന്നു…

 

 

അവർ ഉറപ്പിച്ചു പറഞ്ഞു അവർക്ക് മൂന്നാമതായി പിറന്ന മകൻ തന്നെയാണ് ഹരി എന്ന്..  അങ്ങനെ ജൂലൈ 28ആം തീയതി ഇവരുടെ മകനായി ഹരിയും ഇവരിലേക്ക് ചേർന്നു. ഇവിടുത്തെ കമ്പനി ഉപേക്ഷിച്ച് ഗോപിനാഥ മേനോൻ  വിദേശത്തു പോയി.. അവിടെ വെച്ചാണ് അമ്മാളു പിറന്നത്.. ഹരിക്ക് 10 വയസ്സ് ആയപ്പോഴാണ് ഇവർ അവിടെ നിന്നും മടങ്ങി വന്നത്… അന്നുമുതൽ ഈ നിമിഷം വരെ മറ്റു മൂന്നു മക്കളെക്കാൾ കൂടുതൽ സ്നേഹിച്ച് സ്വന്തം മാതാപിതാക്കളെ പോലെ  ഈ അച്ഛനും അമ്മയും ഹരിക്ക്  താങ്ങും തണലുമായി എന്നുമുണ്ട്

 

 

ഈശ്വരൻ ഇല്ല എന്ന് പോലും വിശ്വസിച്ച എന്നേ സാക്ഷാൽ ഈശ്വരനെ കാട്ടി തന്നു കർത്താവ്…

 

അത് ഇവർ ആണ്..

 

 

. ഇത് മോളെ ഒന്ന് അറിയിക്കണം എന്ന് എന്നോട് ഗോപിനാഥ മേനോൻ ഇന്നലെ രാത്രിയിൽ വിളിച്ചുപറഞ്ഞു… ഹരിയുടെ കല്യാണവും എന്നോട് ഇവർ അറിയിച്ചിരുന്നു. അന്ന് ഞാൻ ഗോപിനാഥനോട് ചോദിച്ചു ഈ കാര്യം ആ കുട്ടിയോട് പറഞ്ഞോ എന്ന്… പക്ഷേ ഞങ്ങളുടെ മകനാണ് ഹരി അതുകൊണ്ട് ഇതൊന്നും തുറന്നു പറയേണ്ട ആവശ്യമില്ല എന്നായിരുന്നു ഗോപിനാഥൻ എന്നോട് പറഞ്ഞത്….

എന്തായാലും എല്ലാ കാര്യവും മോളും അറിയണമല്ലോ…. അതുകൊണ്ട് നിന്നെ അറിയിച്ചു എന്ന് മാത്രം.

 

ഇതെല്ലാം കേട്ട് പൊട്ടികരയുക ആണ് ഗൗരി…

 

 

അവൾ എഴുനേറ്റ് ദേവിയെ കെട്ടി പിടിച്ചു കരഞ്ഞു..

 

ഈ അമ്മ അവരുട സ്വന്തം മക്കളെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് ഹരിയെ ആണല്ലോ എന്ന് അവൾ ഓർത്തു.. എത്ര വലിയ മനസിന്റെ ഉടമ ആണ് ഈ അച്ഛനും അമ്മയും….

 

ഹരി…..

 

ഈശ്വരാ.. ആ പാവത്തിനെ ഞാൻ എത്ര മാത്രം വേദനിപ്പിച്ചു…

 

 

അവൾക്ക് അപ്പോൾ ഹരിയെ ഒന്ന് നേരിൽ കണ്ടാൽ മതി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു…

 

 

അച്ഛാ… നമ്മൾക്ക് പോകാം പെട്ടന്ന്….. അവൾ ധൃതി കൂട്ടി..

 

 

അപ്പോളും അവൾ കരയുക ആയിരുന്നു..

 

 

ഹരി ഇല്ലാതെ ഒരു ജീവിതം ഇനി തനിക്കില്ല….. തന്റെ കണ്ണടയുവോളം തനിക്ക് തന്റെ ഹരി മതി… അവൾ തീർച്ച പ്പെടുത്തി..

 

 

അവൻ ചാർത്തിയ താലി എടുത്തു അവൾ മുത്തം കൊടുത്തു…. അവനോട് ഒരായിരം ആവർത്തി അവൾ മാപ്പ് പറഞ്ഞു…

 

 

ദേവിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഒരു കൊച്ച് കുട്ടിയെ പോലെ പോകാം എന്ന് അവൾ ശാഢ്യം പിടിച്ചു…

 

 

അങ്ങനെ എല്ലാവരും കൂടെ അവിടെ നിന്ന് പോകാനായി എഴുനേറ്റു..

 

 

തുടരും