നാം ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ആകാശയാത്രയാണ്. ട്രെയിനില്‍ പോകുന്നവരുമുണ്ട്. അല്‍പ്പം സാഹസികതയൊക്കെ ഇഷ്ടമുള്ളവരാണെങ്കില്‍ റോഡ് വഴിയും പോകാറുണ്ട്. എന്നാല്‍, നടന്നു പോയാലോ ? അതും ഒന്നും രണ്ടുമല്ല, ആറു രാജ്യങ്ങള്‍ നീളുന്ന നടപ്പാതയിലൂടെ! ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള തുറമുഖ പട്ടണമായ മഗദനിലേക്ക് നീണ്ടുകിടക്കുന്ന ഈ പാതയ്ക്ക് 22,387 കിലോമീറ്റര്‍ നീളമുണ്ട്. യാത്രക്കാർക്ക് ഫ്ലൈറ്റുകളോ ഫെറികളോ ബോട്ടുകളോ ആവശ്യമില്ലാത്ത വിധത്തിലാണ് ഈ പാത ഉണ്ടാക്കിയിട്ടുള്ളത്. വഴി നീളെ റോഡുകളും പാലങ്ങളും മാത്രമേയുള്ളൂ.
യാത്രക്കാർക്ക് ആഫ്രിക്ക വഴി യാത്ര ചെയ്ത്, തുർക്കി, മധ്യേഷ്യ വഴി സൂയസ് കനാൽ കടന്ന് സൈബീരിയയിലേക്ക് പോകാം. ഈ പ്രദേശങ്ങൾ മാത്രമല്ല, ഈ വഴി മൊത്തം യാത്ര ചെയ്യുകയാണെങ്കില്‍, ആകെ 17 രാജ്യങ്ങളും ആറ് സമയ മേഖലകളും കടക്കും!ഇടവേളയില്ലാതെ തുടർച്ചയായി നടന്നാൽ 187 ദിവസം, അതായത് 4,492 മണിക്കൂർ കൊണ്ട് നടത്തം പൂർത്തിയാക്കാം. ഒരാള്‍ ഒരു ദിവസം 8 മണിക്കൂർ നടക്കുകയാണെങ്കിൽ, അത് പൂർത്തിയാക്കാൻ 562 ദിവസമെടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഈ യാത്ര പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എടുക്കും. ഈ റോഡ് യാത്രയെ പലപ്പോഴും എവറസ്റ്റ് കൊടുമുടിയിൽ നിന്ന് 13 തവണ മുകളിലേക്കും താഴേക്കും യാത്ര ചെയ്യുന്നതുമായി താരതമ്യം ചെയ്യാറുണ്ട്.
ലോകത്തില്‍ നടന്നു തീര്‍ക്കാവുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ റോഡാണിതെങ്കിലും ഇന്നുവരെ ഈ യാത്ര ആരും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് കൗതുകകരമായ ഒരു വസ്തുത. ഈ നടത്തം അൽപ്പം അപകടകരമാണ്, ഈ റൂട്ടിലെ ചില പ്രദേശങ്ങൾ വളരെയധികം സംഘർഷഭരിതമാണ്. പല ഭാഗത്തും വിസ നിയന്ത്രണമുണ്ട്. മാത്രമല്ല, വഴിയില്‍ ഉടനീളം മാറിമറിയുന്ന കാലാവസ്ഥയും താപനിലയുമായതിനാല്‍, ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ശക്തമായ അതിജീവന കഴിവുകളും ശരീരത്തിന് നല്ല പ്രതിരോധശേഷിയും ഉണ്ടായിരിക്കണം.
STORY HIGHLLIGHTS: the-longest-walkable-road-lies-between-capetown-and-russia