Celebrities

‘നേരിട്ട് നമ്മളോട് ആ ചോദ്യം ചോദിക്കാന്‍ ആര്‍ക്കും മടിയില്ല’: അതുകൊണ്ടാണ് സിനിമ ഇട്ടെറിഞ്ഞ് പോയതെന്ന് ആതിര-Athira about film industry

അത് എല്ലാവര്‍ക്കും ചിലപ്പോള്‍ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല

ദാദാസാഹിബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയ നായികയായിരുന്നു ആതിര. എന്നാല്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച ആതിര പെട്ടെന്ന് തന്നെ സിനിമയില്‍ നിന്നും പോവുകയായിരുന്നു. താന്‍ എന്തുകൊണ്ടാണ് സിനിമ ഇട്ടെറിഞ്ഞു പോയതെന്ന ചോദ്യത്തിന് താരം നേരത്തെ നല്‍കിയ മറുപടി ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘എന്റെ ആദ്യ സിനിമ ദാദാസാഹിബ് ആണ്. മമ്മൂട്ടിയുടെ ഹീറോയിനായിട്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. ഞാന്‍ ചെയ്ത രണ്ട് സിനിമ ഒഴികെ ബാക്കിയെല്ലാത്തിലും നായികയായിട്ട് തന്നെയായിരുന്നു. സാധാരണ സംസാരത്തില്‍ കാണുന്ന രീതിയല്ല ഓരോരുത്തര്‍ നമ്മളോട് അടുത്ത് സംസാരിക്കുമ്പോള്‍ നമ്മളോട് ചോദിക്കുന്ന ചോദ്യം. എനിക്ക് പറയാമോ എന്നറിയില്ല, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഉള്ളു തുറന്നു പറയണം എന്ന് വിചാരിച്ച കാര്യമാണ്. നേരിട്ട് നമ്മളോട് ആ ചോദ്യം ചോദിക്കാന്‍ ആര്‍ക്കും മടിയില്ല. ഒരുപാട് നല്ലവരും ഉണ്ട് സിനിമയില്‍. പക്ഷേ കുറച്ച് നമ്പേഴ്‌സ് ആണെങ്കില്‍ പോലും വല്ലാത്ത രീതിയില്‍ നമ്മളോട് സംസാരിക്കുന്നവര്‍ ഉണ്ട് ആ ഫീല്‍ഡില്‍. അത് എല്ലാവര്‍ക്കും ചിലപ്പോള്‍ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല. നമുക്ക് അതിനകത്ത് നിന്ന് പുറത്തേക്ക് പെട്ടെന്ന് ഇറങ്ങി വരാനും പറ്റില്ല. കാരണം അതില്‍ പെട്ട ഒരു അവസ്ഥയായിരുന്നു. ഒരു ഒന്നര രണ്ട് കൊല്ലം ആയപ്പോഴേക്കും.. ഞാന്‍ ഒറ്റയടിക്ക് ഇട്ടെറിഞ്ഞു പോവുകയായിരുന്നു ആ ഫീല്‍ഡില്‍ നിന്നും’, ആതിര പറഞ്ഞു.

ആതിരയുടെ യഥാര്‍ഥ പേര് രമ്യ എന്നാണെങ്കിലും ആദ്യം ചെയ്ത കഥാപാത്രത്തിന്റെ പേരിലാണ് താരം ഇപ്പോളും അറിയപ്പെടുന്നത്. ഭര്‍ത്താവുദ്യോഗം എന്ന ചിത്രത്തില്‍ ജഗദീഷിന്റെ നായികയായി മുഴുനീള കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. കരുമാടിക്കുട്ടന്‍, കാക്കിനക്ഷത്രം, അണു കുടുംബം. കോം എന്നിവയാണ് ആതിര അഭിനയിച്ച മറ്റു സിനിമകള്‍. നായികാ വേഷത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും വേണ്ടെന്നു വെച്ച് മൂന്ന് വര്‍ഷം മാത്രമാണ് താരം സിനിമ രംഗത്ത് പ്രവര്‍ത്തിച്ചത്.

STORY HIGHLIGHTS: Athira about film industry