ഭാഗം 50
അച്ഛാ… നമ്മൾക്ക് പോകാം പെട്ടന്ന്….. അവൾ ധൃതി കൂട്ടി..
അപ്പോളും അവൾ കരയുക ആയിരുന്നു..
ഹരി ഇല്ലാതെ ഒരു ജീവിതം ഇനി തനിക്കില്ല….. തന്റെ കണ്ണടയുവോളം തനിക്ക് തന്റെ ഹരി മതി… അവൾ തീർച്ച പ്പെടുത്തി..
അവൻ ചാർത്തിയ താലി എടുത്തു അവൾ മുത്തം കൊടുത്തു…. അവനോട് ഒരായിരം ആവർത്തി അവൾ മാപ്പ് പറഞ്ഞു…
ദേവിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഒരു കൊച്ച് കുട്ടിയെ പോലെ പോകാം എന്ന് അവൾ ശാഢ്യം പിടിച്ചു…
അങ്ങനെ എല്ലാവരും കൂടെ അവിടെ നിന്ന് പോകാനായി എഴുനേറ്റു…
സിസ്റ്റർ നു അവളോട് എന്തെക്കയോ ചോദിക്കണം എന്നു ഉണ്ട്… പക്ഷെ അവളുടെ മനസ് ഇവിടെ ഒന്നും അല്ല എന്ന് അവർക്ക് തോന്നി..
വൈകാതെ അവർ സിസ്റ്ററിനോട് യാത്ര പറഞ്ഞിറങ്ങി.
” വിശക്കുന്നില്ലേ നമ്മൾക്ക് എന്തെങ്കിലും കഴിക്കാം ” അല്പസമയം പിന്നിട്ടപ്പോൾ ഗോപിനാഥമേനോൻ എല്ലാവരോടുമായി പറഞ്ഞു.
” എനിക്ക് വിശപ്പില്ല അച്ഛാ ഞാൻ വീട്ടിൽ ചെന്നിട്ട് കഴിക്കുന്നുള്ളൂ.”പെട്ടെന്ന് തന്നെ ഗൗരി പറഞ്ഞു.
” ഹേയ് അതൊന്നും പറഞ്ഞാൽ പറ്റുകയില്ല…..രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു പോന്നതല്ലേ നമ്മൾ…. കിഷോറെ ഏതെങ്കിലും ഒരു റസ്റ്റോറന്റ് കാണുമ്പോൾ വണ്ടി ഒന്ന് ഒതുക്ക്…. ” ഡ്രൈവറോടായി ഗോപിനാഥമേനോൻ പറഞ്ഞു.
ദേവി മാത്രം ഒന്നും ഉരിയാടാതെ ഇരിക്കുകയാണ്.
അവരുടെ ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു..
ഹരിയേയും ചേർത്തുപിടിച്ച് ഉറങ്ങിയ രാത്രികൾ…. അവൻ തന്നെ അമ്മയന്നു വിളിക്കുവാൻ
താൻ ബുദ്ധിമുട്ടിയിരുന്നു…. കാരണം, ഞാനാണ് മോന്റെ അമ്മ എന്ന് പറയുമ്പോൾ അവൻ വാതിൽക്കലേക്ക് നോക്കിയിരിക്കും.. എന്നിട്ട് പറയും സിസ്റ്റർ അമ്മ പറഞ്ഞല്ലോ എന്റെ അമ്മ ഓടി വരുമെന്ന്… എന്റെ അമ്മ ഇതല്ല…. ” അവന്റെ കുഞ്ഞു ഭാഷയിൽ അവൻ ദേവിയോട് എപ്പോഴും പറയുന്നത് അവൾ ഓർത്തു…. കണ്ണനും ഉണ്ണിയുമായി മെല്ലെയാണ് അവൻ ചങ്ങാത്തത്തിൽ ആയത്… പതിയെ പതിയെ അവന് താൻ അവന്റെ അമ്മയായി മാറി…. തന്റെ മൂന്നു മക്കളെക്കാളും എന്തോ വല്ലാത്ത ഒരു അടുപ്പമായിരുന്നു ഹരിയോട് തനിക്ക്. വളരുംതോറും അവനുംതന്നെ മാത്രം മതിയായിരുന്നു. അമ്മാളു കൂടി വന്നതോടെ തന്റെ വീട്ടിൽ ഒരു ഉത്സവ പോലെ ആയിരുന്നു… മൂന്ന് ചേട്ടന്മാരുടെയും കുഞ്ഞി പെങ്ങളായി അവൾ വളർന്നു. ഒരിക്കൽപോലും ഹരിയെ അവരാരും വേർതിരിച്ചു കണ്ടിട്ടില്ല. ഗോപിനാഥമേനോന്റെ മകനല്ല എങ്കിൽ പോലും അയാളുടെ ബിസിനസ് തന്ത്രങ്ങൾ എല്ലാം നന്നായി മനസ്സിലാക്കി അയാളുടെ കൂടെ എല്ലാ കാര്യങ്ങൾക്കും നിൽക്കുന്നത് ഹരിയാണ്… ഇത്രയും വർഷത്തിനോട് ഇടയ്ക്ക് ആദ്യമായാണ് താൻ ഹരിയോട് കയർത്തു സംസാരിക്കുന്നത്. അവനെയൊന്നു മേല് നോവിക്കുന്നത്… അവനോട് മിണ്ടാതിരിക്കുമ്പോഴും തന്റെ മനസ്സ് ആർത്തലയുകയായിരുന്നു..
ദേവി യുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു..
ഇന്നലെ രാത്രിയിൽ ബെഡ്റൂമിൽ വച്ചാണ് ഗോപിനാഥമേനോൻ ഭാര്യയുടെ മുഖം ശ്രദ്ധിച്ചത്.. എന്തുപറ്റി…. എന്താണ് വിഷമം എന്ന് ചോദിച്ചതും അവർ അയാളുടെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. ഹരിയുടെയും ഗൗരിയുടെയും കാര്യം അറിഞ്ഞപ്പോൾ അയാളും ഒരുപാട് വിഷമിച്ചിരുന്നു..
ഗൗരി അവനെ വിട്ടു പോകും എന്നറിഞ്ഞപ്പോൾ ദേവിക്ക് തോന്നി ഈ കാര്യങ്ങളൊക്കെ ഗൗരിയെ ഒന്ന് അറിയിക്കണമെന്ന്. എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ ഹരിക്കു മാപ്പ് കൊടുക്കും എന്നാണ് ദേവിയുടെ ധാരണ. അതിൻ പ്രകാരം ആണ് രണ്ടാളും കൂടെ ഈ യാത്ര പ്ലാൻ ചെയ്തത്
തരക്കേടില്ലാത്ത ഒരു റസ്റ്റോറന്റിന്റെ മുന്നിൽ ഡ്രൈവർ വണ്ടി നിർത്തി.
ദേവിയും ഗോപിനാഥമേനോനും വണ്ടിയിൽ നിന്നിറങ്ങി.
വേറെ നിവൃത്തിയില്ലാതെ ഗൗരിയും. ഡ്രൈവർ വണ്ടി പാർക്ക് ചെയ്യുന്നതിനായി പോയി.
ആ സമയത്താണ് ഹരി ഗോപിനാഥൻ മേനോന്റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടാതെ ഡ്രൈവറിനെ വിളിച്ചത്. അയാൾ തങ്ങൾ ഇപ്പോൾ എവിടെയാണ് എന്ന് ഹരിയോട് പറഞ്ഞു….
ഭക്ഷണം ഓർഡർ ചെയ്തിട്ട് അവർ വെയിറ്റ് ചെയ്തു ഇരിക്കുക ആണ്.
ഗൗരിയുടെ മനസ്സ് ഇവിടെ ഒന്നുമല്ല എന്ന് ദേവിക്ക് തോന്നി. അവൾ ഹരിയെ സ്നേഹിക്കുന്നു ഉണ്ടാകാം. അതാകും ഒരുപക്ഷേ അവളുടെ ഈ വെപ്രാളം… ഗൗരി ഒരിക്കലും ഹരിയെ വിട്ടു പോകരുത് എന്ന് ദേവി പ്രാർത്ഥിച്ചു…
“മോളെ ഗൗരി… ഇവിടെ അടുത്ത് ചെറിയ ഒരു പാർക്ക് ഉണ്ട്., നമ്മൾക്ക് അവിടെ വരെ ഒന്ന് പോകണം. എനിക്കും അമ്മയ്ക്കും മോളോട് ഒന്ന് സംസാരിക്കണം.കാറിൽ ഇരുന്നു കൊണ്ട് അത് പറ്റുല്ല… കാരണം ഡ്രൈവർ കേൾക്കും… ഹരിയും ആയിട്ട് അവൻ നല്ല കമ്പനി ആണ്…”ഗോപിനാഥമേനോൻ പറഞ്ഞു.
ഗൗരി എതിർത്തൊന്നും പറയാതെ മുഖം കുനിച്ചിരുന്നു..
അപ്പോഴേക്കും എല്ലാവർക്കും ഉള്ള ഭക്ഷണം മേശമേൽ നിരന്നു… ഗോപിനാഥന്റെ ഫോണിലേക്ക് ഹരി രണ്ടു തവണ വിളിച്ചിരുന്നു.. അയാൾ മനപ്പൂർവ്വം ഫോൺ അറ്റൻഡ് ചെയ്തില്ല…
“ഹരിയാണ് വിളിക്കുന്നത്. ഈ യാത്രയുടെ കാര്യം തൽക്കാലം അവൻ അറിയണ്ട.” അയാൾ ദേവിയോട് പറഞ്ഞു.
അപ്പോഴാണ് കാർ പാർക്ക് ചെയ്തിട്ട് കിഷോർ അവരുടെ അടുത്തേക്ക് വന്നത്.. കിഷോർ കാര്യങ്ങൾ ഹരിയോട് പറഞ്ഞു എന്നുള്ളത് മറ്റാർക്കും അറിയില്ലായിരുന്നു..
എല്ലാവരും ഭക്ഷണം ഒന്ന് കഴിച്ചെന്നു വരുത്തി എഴുന്നേറ്റു.
ഡ്രൈവറോട് ഇനി എവിടേക്ക് ആണ് പോകേണ്ടത് എന്ന് അച്ഛൻ നിർദേശം കൊടുക്കുന്നത് അവൾ കേട്ടു.
പത്തിരുപതു മിനിറ്റ് എടുത്തു മേനോൻ പറഞ്ഞ സ്ഥലത്തു എത്താൻ..
വളരെ ശാന്തസുന്ദരം ആയ ഒരു പ്രദേശം ആയിരുന്നു അത്..
അവർ മൂവരും വണ്ടിയിൽ നിന്ന് ഇറങ്ങി.
ബോഗൈൻ വില്ലകൾ കൊണ്ട് നിറഞ്ഞ ഒരു പാർക്ക് ആണ്..
അവിടെ കിടന്ന ഒരു ബെഞ്ചിൽ മേനോനും ദേവിയും ഇരുന്നു.
ഗൗരി… മോളിരിക്ക്…
ദേവി അവളുടെ കൈയിൽ പിടിച്ചു അവരുടെ അടുത്ത് ഇരുത്തി…
“നമ്മൾ ഇന്ന് ഇവിടെ വന്നത് ഒരു കാരണവശാലും ഹരി അറിയരുത് മോളേ… അവനു അത് വിഷമം ആകും ”
“ഇല്ല അച്ഛാ… ഞാൻ പറയില്ല….”
“മോളോട് പൊറുക്കാനാവാത്ത തെറ്റ് ആണ് അവൻ ചെയ്തത് എന്ന് ഞങ്ങൾക്കറിയാം…. ഞാൻ അവനെ ന്യായികരിക്കുക അല്ല… പക്ഷെ മോളേ.. ഒരു തവണ… ഒരു തവണ അവനോട് ക്ഷമിച്ചു കൂടെ നിനക്ക്… അത്രയ്ക്ക് പാവം ആണ് അവൻ… അവ്നിൽ നിന്നും ഇങ്ങനെ ഒരു പ്രവർത്തി ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും ഞങ്ങൾ കരുതി ഇല്ല… അങ്ങനെ ഉള്ള ഒരു പയ്യൻ അല്ലായിരുന്നു മോളേ അവൻ..ഏത് സാഹചര്യം കൊണ്ട് ആണ് അവനിൽ നിന്നു അങ്ങനെ നീചമായ ഒരു പെരുമാറ്റം ഉണ്ടായത് എന്ന് ഞങ്ങൾക്ക് ഇപ്പോളും അറിയില്ല… മോൾക്ക് അവനോട് ഒരു വട്ടം ഒന്ന് ക്ഷമിച്ചുകൂടെ…. എനിക്കും ദേവിയ്ക്കിം എന്റെ മക്കളെക്കാൾ കൂടുതൽ ഇഷ്ടം അവനോട് ആണ്….അവനു തിരിച്ചും അങ്ങനെ തന്നെ ആണ്…. ഒരിക്കൽ പോലും അവൻ ഞങ്ങളുടെ മകൻ അല്ല എന്ന് പോലും ഞങ്ങൾ ഓർത്തിട്ടില്ല…”
അയാൾ ബെഞ്ചിലേക്ക് ഒന്ന് അമർന്നിരുന്നു കൊണ്ട് ഗൗരിയോട് പറഞ്ഞു.
“മോൾക്ക് അറിയാമോ…. ഇതേ വരെ അവൻ എന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല… ആദ്യം ആയി എന്നോട് ഒരു കാര്യം അവൻ ചോദിച്ചത്… അത് മോളേ വിവാഹം ചെയ്യാൻ സമ്മതിക്കണം എന്ന് ആണ്. അവന്റെ ഇഷ്ടം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ എന്ന് ഞാനും ദേവിയും വിചാരിച്ചു.. കാരണം അവന്റെ ഇഷ്ടം ആണ് ഞങ്ങൾക്ക്…. അവന്റെ സന്തോഷം ആണ് ഞങ്ങളുടെതും… അതുകൊണ്ട് ആണ് മറ്റൊന്നും ആലോചിക്കാതെ ഞങ്ങൾ ഈ ബന്ധം സമ്മതിച്ചത്… പക്ഷെ ഞങ്ങൾ കരുതിയത് നിങ്ങൾ രണ്ടാളും ഇഷ്ടത്തിൽ ആണെന്ന്.. വിവാഹം കഴിഞ്ഞു രണ്ടാം നാൾ മുതൽ ഞാൻ അവനിലേ മാറ്റം ശ്രെദ്ധിച്ചു…. അതുകൊണ്ട് ആണ് ഞാൻ ഒരു സംശയം ദേവിയോട് ചോദിച്ചത്.. നിങ്ങൾ രണ്ടാളും സ്നേഹിച്ചിരുന്നവർ ആണോ എന്ന്… ഹരിയ്ക്ക് ഒരു സങ്കടം വന്നാൽ അത് ഞങ്ങൾക്ക് പെട്ടന്ന് അറിയാൻ പറ്റും.. സത്യം പറഞ്ഞാൽ അവൻ ആണ് ഞങ്ങളുടെ എല്ലാം…. അവൻ കഴിഞ്ഞേ ഒള്ളൂ ഞങ്ങൾക്ക് ഈ ലോകത്തിൽ മറ്റെന്തും…”അയാൾ പറഞ്ഞു നിറുത്തി..
ഹരി തെറ്റുകാരൻ അല്ലെന്നും തലേ ദിവസം സംഭവിച്ച കാര്യങ്ങൾ എല്ലാം അവരോട് പറയാനും ഗൗരിക്ക് തോന്നി. പക്ഷെ വീട്ടിൽ ചെന്നിട്ട് അമ്മയോട് മാത്രം പറയാം എന്ന് അവൾ കരുതി…
പക്ഷെ അവളുടെ ഉള്ളിൽ ചില സംശയങ്ങൾ പൊന്തി വന്നു..
അവൾ ദേവിയോട് ചോദിച്ചു..
“അമ്മേ… ഹരിക്ക് ഈ കാര്യങ്ങൾ ഒക്കെ അറിയാമോ….”?
“അറിയാം മോളേ… ഞങ്ങൾ ഹരിയോട് ഇതെല്ലാം പറഞ്ഞു ആണ് വളർത്തിയത്. കാരണം നാളെ ഒരിക്കൽ മറ്റൊരാളിൽ നിന്നു അറിയുമ്പോൾ അവനു ഒരുപാട് വേദന തോന്നും. അതുകൊണ്ട് ആണ് ഞങ്ങൾ അവനോട് ഇതെല്ലാം പറഞ്ഞത്. അതിനു ശേഷം എല്ലാ വർഷവും ഡിസംബർ 28നു ഹരി ഇവിടെ വരും.. ഇവിടെ ആ ദിവസം മുഴുവൻ ചിലവഴിച്ചിട്ടേ തിരികെ വരുവൊള്ളൂ..”
“മോളോട് അച്ഛനും അമ്മയ്ക്കും ഒരു അപേക്ഷ ഉണ്ട്…. ഈശ്വരനെ ഓർത്തു മോൾ അവനെ വിട്ടു പോകരുത്….”അമ്മ മോളുടെ കാലു പിടിക്കാം..
“അമ്മേ…. ഇത് എന്താണ് ഈ പറയുന്നത്….”അവൾ വേഗം അവരുടെ ഇരു കൈകളും കൂട്ടി പിടിച്ചു….
അമ്മേ.. ഇങ്ങനെ ഒന്നും പറയരുത്… പ്ലീസ്…..
എനിക്ക് അത്രയ്ക്ക് സങ്കടം ഉണ്ട് മോളേ… എന്റെ ഹരികുട്ടനെ ഞാൻ ആദ്യമായി തല്ലി…..അവന്നിട്ട് അടി കൊടുത്തപ്പോളും എന്റെ ചങ്ക് ആണ് മോളേ പിടഞ്ഞത്….അവന്റ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ഞാൻ പണ്ട് കണ്ട ആ മൂന്ന് വയസുകാരനെ ആണ് ഓർത്തത്…. അന്നും ഇതുപോലെ നിറഞ്ഞ കണ്ണുകളും ആയി അവൻ എന്റെ ഈ കൈകളിലേക്ക് വന്നത്.. ഒരിക്കൽ പോലും ഞാൻ അവന്റെ കണ്ണു നിറയാൻ പിന്നീടു സമ്മതിച്ചിട്ടില്ല മോളേ…. അത്രയ്ക്ക് എന്റെ പ്രാണൻ ആയിട്ട് ആണ് ഞാൻ അവനെ വളർത്തിയത്…
എല്ലാവരും പറയും… കഴിഞ്ഞ ജന്മം എന്റെയും ഏട്ടന്റെയും മകൻ ആയിരുന്നു ഹരിക്കുട്ടൻ എന്ന്…അതുപോലെ ആണ് ഞങ്ങൾ തമ്മിൽ ഉള്ള ആത്മബന്ധം…..
നീ അവനെ ഉപേക്ഷിച്ചു പോയാൽ ഞങ്ങളുടെ ഹരിക്കുട്ടൻ തകർന്നു പോകും…
അതുകൊണ്ട് ആണ് മോളേ ഞങ്ങൾ മോളോട് ഇതെല്ലാം പറയുവാനായി മോളെയും കൂട്ടി വന്നത്….
ഇനി എല്ലാം മോൾക്ക് തീരുമാനിക്കാം…
പോകാം നേരം ഒരുപാട് ആയി…. ദേവി എഴുന്നേറ്റു.. ഒപ്പം മേനോനും ഗൗരിയും…
“അച്ഛാ…..”ഗൗരി വിളിച്ചു.
“എന്താ മോളേ…..”
“അച്ഛാ…. എന്റെ ഭാഗത്തും ഉണ്ട് തെറ്റ്…. അന്ന് ആ മഴയുള്ള ദിവസം ഒരു അപരിചിതന്റെ വണ്ടിയിൽ കയറുവാൻ പാടില്ലായിരുന്നു.. പക്ഷെ അന്നേരം അത്രയ്ക്ക് ഒന്നും ഓർത്തില്ല അച്ഛാ….ഇങ്ങനെ ഒക്കെ നടക്കണം എന്ന് ആവും ഞങ്ങളുടെ വിധി…. എന്തായാലും ഒരു കാര്യം ഞാൻ തീരുമാനിച്ചു…..ഞാൻ ഒരിക്കലും ഹരിയെ വിട്ടു പോകില്ല അച്ഛാ…. എന്റെ മരണത്തിൽ നിന്നു അല്ലാതെ ഹരി ചാർത്തിയ ഈ താലി വേർപ്പെട്ടു പോകാൻ ഞാൻ സമ്മതിക്കില്ല….അച്ഛനും അമ്മയ്ക്കും ഞാൻ വാക്ക് തരുന്നു….”അവളുടെ വാക്കുകൾ ഉറച്ചത് ആയിരുന്നു…
ദേവിയുടെയും മേനോന്റെയും മുഖം പ്രകാശിച്ചു…
ദേവി അവളെ ചേർത്തു പിടിച്ചു കൊണ്ട് അവളുടെ നെറുകയിൽ നുകർന്നു….
കിഷോർ നോക്കുന്നത് കണ്ടതും മേനോൻ ദേവിയോട് വരാൻ പറഞ്ഞു.അങ്ങനെ അവർ സന്തോഷത്തോടെ ആണ് മടക്ക യാത്ര തുടർന്നത്.
********
ഹരിയുടെ ഫോണിലേക്ക് അഭിയുടെ നമ്പറിൽ നിന്നും മെസ്സേജ് വരാൻ തുടങ്ങിയിട്ട് അൽപ നിമിഷം ആയിരുന്നു.
“ഹരി… എടാ.. എന്നോട് പിണങ്ങരുത്.. പ്ലീസ്… ഞാൻ ഗൗരിയോട് നിനക്ക് ഇഷ്ടം ആണെന്ന് പറയാൻപോയത് ആണ്… പക്ഷെ അന്ന് അതിനു കഴിഞ്ഞില്ല… പിന്നീടു ഞങ്ങൾ കണ്ടത് കുറച്ചു ദിവസം കഴിഞ്ഞു ആണ്… അപ്പോൾ ആണ് എന്റെ കസിൻ നന്ദു പറഞ്ഞത് അവൾക്ക് എന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ടെന്നു.. നന്ദു കള്ളം പറഞ്ഞു എന്ന് ആണ് ഞാൻ കരുതിയത്.. പക്ഷെ…..”
അഭിയുടെ മെസ്സേജ് അവിടെ മുറിഞ്ഞു…
ഹരിക്ക് ആകാംഷ ഏറി…
ഹരി.. നീ ഈ ഓഡിയോ ഒന്ന് കേൾക്കു.. എന്നിട്ട് എന്നേ എന്ത് വേണമെങ്കിലും ചെയ്തോ നീയ്…
അഭിയുടെ മെസ്സേജ് വീണ്ടും വന്നു..
ഹരി ഫോണിലേക്ക് കണ്ണും നട്ടു ഇരുന്നു…
പെട്ടന്ന് ആണ് അവൻ ഓഡിയോ അയച്ചു..
“അഭിയേട്ടാ…..ഞാൻ.. എനിക്ക്….. ഞാൻ പറഞ്ഞത് കളവ് ആണ്… എനിക്ക് ഹരിയും ആയിട്ട് ഒരു ബന്ധവും ഇല്ല…. എല്ലാവരോടും ഞാൻ പറഞ്ഞത് നുണ ആണ്..ഞങ്ങൾ തമ്മിൽ ഒരു പ്രണയവും ഇല്ല…പക്ഷെ… അഭിയേട്ടാ… എനിക്ക്… എനിക്ക് അവനെ ഒരു പാഠം പഠിപ്പിക്കണം… വെറുതെ വിടില്ല ഞാൻ അവനെ… അവൻ നീറി നീറി കഴിയണം അഭിയേട്ടാ.. എന്റെ കണ്മുന്നിൽ എനിക്ക് അത് കാണണം…. ഇനി ഒരു പെൺകുട്ടി അവനെ പോലൊരു കഴുകന്റെ മുന്നിൽ ചെന്നു വീഴരുത്…. അതുകൊണ്ട് ആണ് ഞാൻ….. എനിക്ക്… എനിക്ക് അഭിയേട്ടനെ ഇഷ്ടം ആയിരുന്നു…. എപ്പോളൊക്കെയോ… പക്ഷെ… പക്ഷെ… നമ്മൾ ഒരിക്കലും ഒന്നാവുല്ല അഭിയേട്ടാ… എന്നെ അഭിയേട്ടൻ മറക്കണം…”
ഗൗരിയുടെ ശബ്ദം കാതിൽ പതിഞ്ഞതും ഹരി തരിച്ചു ഇരുന്നു പോയി….
അഭി ഓരോരോ കരുക്കൾ നീക്കുക ആണെന്ന് പാവം ഹരി അറിഞ്ഞിരുന്നില്ല…