Celebrities

ആ നടൻ പകൽ സമയത്ത് വളരെ ഫ്രണ്ട്ലിയാണ്, പക്ഷെ രാത്രിയാകുമ്പോൾ..; മടക്കി അയക്കാൻ ആലോചിച്ചപ്പോൾ ഇടപെട്ടത് മോഹൻലാൽ | Shivani Bhai

ആൾ ആരാണെന്ന് കണ്ടപ്പോൾ ഞങ്ങൾ സംവിധായകനോടും പ്രൊഡ്യൂസറോടും പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി നടിമാരാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ജയസൂര്യ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കണ്‍ട്രോളർമാരായ നോബിള്‍, വിച്ചു തുടങ്ങീ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി ശിവാനി.

ഇപ്പോൾ ആരോപണം വന്നവരുടെ കൂടെ തനിക്ക് നല്ല അനുഭവമായിരുന്നെന്ന് ശിവാനി പറയുന്നു. അവർ എന്നോട് മോശമായി പെരുമാറിയിട്ടില്ല. പക്ഷെ മറ്റൊരു നടനിൽ നിന്നും അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ശിവാനി പറയുന്നു. തമാശയ്ക്കോ കാര്യമായി‌ട്ടോ വാതിലിൽ ത‌ട്ടി ഓടിപ്പോകുന്ന പരിപാടിയുണ്ടായിരുന്നു. എന്റെ റൂമിൽ അമ്മയുണ്ട്. ആരാണെന്ന് കണ്ടുപിടിക്കണമെന്ന് അമ്മ പറഞ്ഞു. ഞങ്ങൾ ആരാണെന്ന് കണ്ടു. ഈ പറയുന്ന ആക്ടർ പകൽ സമയത്ത് വളരെ ഫ്രണ്ട്ലിയാണ്. പക്ഷെ രാത്രിയാകുമ്പോൾ പുള്ളിക്ക് ബാധ കയറിയത് പോലെ ആണെന്ന് തോന്നുന്നു.

ആൾ ആരാണെന്ന് കണ്ടപ്പോൾ ഞങ്ങൾ സംവിധായകനോടും പ്രൊഡ്യൂസറോടും പറഞ്ഞു. പിന്നെ കുറേകാലത്തേക്ക് എനിക്ക് സിനിമയില്ല. ഒന്നരക്കൊല്ലത്തിന് ശേഷം സിദ്ധു പനക്കൽ ചൈന ടൗൺ എന്ന സിനിമയ്ക്ക് വേണ്ടി വിളിച്ചു. ഞാനും അമ്മയും എയർപോർട്ടിൽ എത്തിയപ്പോൾ അവിടെ ഈ ആക്ടറെ കണ്ടു. വൈരാ​ഗ്യം സൂക്ഷിച്ച് ഞങ്ങൾ നടക്കാറില്ല. ഞാനദ്ദേഹത്തോട് സംസാരിച്ചു. ഓൾ ദ ബെസ്റ്റ് പറഞ്ഞ് പുള്ളിയങ്ങോട്ട് മാറി. പുള്ളി ടെൻഷനടിച്ച് ഫോണിൽ സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

ഞങ്ങൾ ഹൈദരാബാദെത്തി ആദ്യത്തെ ദിവസം ഷൂട്ടില്ലെന്ന് പറഞ്ഞു. മൂന്ന് ദിവസം ഷൂട്ടിം​ഗ് നടന്നില്ല. നാലാമത്തെ ദിവസം ഷൂട്ടുണ്ടെന്ന് പറഞ്ഞു. ഞാൻ പോയി അഭിനയിച്ചു. പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ ആയിരുന്നു. അദ്ദേഹമെന്നോട് നിനക്ക് ആ ആർട്ടിസ്റ്റുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. പഴയ പ്രശ്നം ഞാൻ ഓർത്തില്ല.

പഴയ കാര്യം പറഞ്ഞപ്പോൾ അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് ഞാൻ. നിന്നെ കണ്ട നേരം മുതൽ അദ്ദേഹം സെറ്റിലേക്ക് വിളിച്ച് കൊണ്ടിരിക്കുകയാണ്, അവളെ അഭിനയിപ്പിക്കരുത് എന്ന് പറയുന്നു. അഭിനയിപ്പിച്ചാൽ തിരുവന്തപുരത്ത് തിയറ്ററിൽ കൂവുമെന്നും പറഞ്ഞെന്ന് ആന്റണി പെരുമ്പാവൂർ ചൂണ്ടിക്കാട്ടി. മോഹൻലാൽ കാരണമാണ് തനിക്ക് ആ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും ശിവാനി പറയുന്നു.

തന്നെ മടക്കി അയക്കാൻ ആലോചിച്ചപ്പോൾ മോഹൻലാൽ പറഞ്ഞ വാക്കുകൾ ആന്റണി പെരുമ്പാവൂർ താനുമായി പങ്കുവെച്ചെന്നും ശിവാനി പറയുന്നു. ഒരു പെൺകുട്ടിയാണ്. ഇവിടെ വിളിച്ച് വരുത്തി തിരിച്ചയക്കുമ്പോൾ അവൾക്കുണ്ടാകുന്ന നാണക്കേടുണ്ട്. അവരുടെ സാമ്പത്തിക നില നമുക്ക് അറിയില്ല. ഒരു തുക പറഞ്ഞിട്ടാണ് നമ്മൾ കൊണ്ട് വരുന്നത്.

അവർക്ക് ആ തുക കൊണ്ട് പല കാൽക്കുലേഷനും കാണും. ആ പൈസ കിട്ടാതാകുമ്പോൾ ഉണ്ടാകുന്ന വിഷമം. ആ ശാപം നമുക്ക് കിട്ടാൻ പാടില്ല. എന്ന് ലാൽ സർ പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞ് കാെണ്ടാണ് താൻ സിനിമയിൽ അഭിനയിക്കുന്നതെന്നും ശിവാനി.

content highlight: shivani-bhai-an-actor-tried-to-remove-her-from-film