ഡബ്ബിംഗ് മേഖലയിലെ അനുഭവം പങ്കുവെച്ച് ഭാഗ്യലക്ഷ്മി. ഉർവശി, പത്മപ്രിയ എന്നീ നടിമാരെ കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉർവശിയോട് യോജിക്കാൻ കഴിയാത്തതിനാലാണ് നടിക്ക് വേണ്ടി ഡബ് ചെയ്യുന്നത് നിർത്തിയതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അതിനുശേഷം ഉർവശി എങ്ങനെ സ്വയം ഡബ്ബ് ചെയ്യാൻ തീരുമാനിച്ചെന്നും അതിനെ പ്രശംസിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്.
“ഉർവശി കാണിച്ചതാണ് ഏറ്റവും തന്റേടമുള്ള പ്രവൃത്തി. ഉർവശിക്ക് ഞാനായിരുന്നു ഏറ്റവും കൂടുതൽ ഡബ് ചെയ്തിരുന്നത്. ഒരു സുപ്രഭാതത്തിൽ അവരുടെ ചില വാക്കുകൾ എനിക്ക് യോജിക്കാൻ പറ്റാത്തത് കൊണ്ട് ഇനി ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഞാൻ മാറി നിന്നു. മറ്റ് പലരും ഡബ് ചെയ്തപ്പോൾ അതിലും ഭേദം സ്വന്തമായി ഡബ് ചെയ്യുന്നതാണെന്ന് ഉർവശിക്ക് തോന്നി. അവർ സ്വന്തമായി ഡബ് ചെയ്തു. അത് അന്തസുള്ള പ്രവൃത്തിയായാണ് എനിക്ക് തോന്നിയത്.
അതേസമയം പത്മപ്രിയ ഒരിക്കൽ പറഞ്ഞത് അവർക്ക് പല സിനിമയിലും പലരും ശബ്ദം കൊടുത്തിട്ടുണ്ട്, ചിലരുടെ ഡബിംഗ് കേട്ടപ്പോൾ അയ്യേ എന്ന് തോന്നിയിട്ടുണ്ടെന്നാണ്. ഡബിംഗ് ആർട്ടിസ്റ്റുകൾ ഒറ്റക്കെട്ടായി സമരം ചെയ്തു. ഇനി അവർക്ക് ശബ്ദം കൊടുക്കില്ലെന്ന് പറഞ്ഞു. അതോടെ അവർ മാപ്പ് പറയുകയും പിന്നീട് അവർക്ക് ശബ്ദം കൊടുക്കുകയും ചെയ്തു. പത്മപ്രിയ അങ്ങനെ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് അന്ന് പല മാധ്യമങ്ങളും ചോദിച്ചു.
അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പക്ഷെ അവർക്ക് ഭാഷ അറിയണം. മലയാളം ഉച്ചരിക്കാൻ പോലും അറിയാത്ത ആൾ മലയാളത്തിൽ ഡബ് ചെയ്തത് ശരിയല്ല എന്ന് പറയണമെങ്കിൽ അവർക്ക് സ്വന്തമായി ശബ്ദം കൊടുക്കാൻ സാധിക്കണം. എനിക്ക് അവരുടെയൊന്നും ശബ്ദം ഇഷ്ടമല്ലാത്തത് കൊണ്ട് ഞാൻ സ്വന്തമായി ശബ്ദം കൊടുത്തു എന്ന് പറയുമ്പോഴാണ് അത് കുറേക്കൂടി ബഹുമാന്യമാകുകയെന്നും” ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
അഭിമുഖത്തിൽ ഡബ്ല്യുസിസി സംഘടനയെ വിമർശിച്ചും ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. “ഡബ്ല്യുസിസിയിലും ഹൈറാർക്കി ഉണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവരോട് പരാതി പറയാൻ സാധിക്കില്ല. അവർ വലിയ ആളുകളാണ്. അറിയാത്ത നമ്പറുകളിൽ നിന്നും കോൾ വന്നാൽ എടുക്കില്ല. ഡബ്ല്യുസിസിയിലെ അംഗങ്ങളാരും തന്നോട് പൊതു വിഷയങ്ങളെക്കുറിച്ച് സംസാരിക്കാറില്ല. പലപ്പോഴും തന്നെ മാറ്റി നിർത്തുകയാണ് ചെയ്തതെന്നും” ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
content highlight: bhagyalakshmi-recalls-urvashi