ചരിത്രത്തിൽ മുമ്പെങ്ങും ഇല്ലാത്ത വിധമുള്ള പ്രതിസന്ധിയിലൂടെയാണ് മലയാളത്തിലെ താര സംഘടനയായ ‘അമ്മ’ കടന്നുപോകുന്നത്. പ്രസിഡൻറ് മോഹൻലാൽ ഉൾപ്പെടെയുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചതാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത. സംഘടന രൂപീകരിച്ച് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആദ്യമായാണ് ഭരണസമിതി ഇത്തരമൊരു പ്രതിസന്ധി നേരിടുന്നതും കാര്യങ്ങൾ ഒരു കൂട്ടരാജിയിലേക്ക് നയിക്കുന്നതും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് ആണ് ആദ്യം രാജിവെച്ചത്. പിന്നാലെ 17 അംഗ എക്സിക്യൂട്ടീവ് ഒന്നടങ്കം ഒഴിയുകയായിരുന്നു. രാജിയിൽ നിന്ന് മോഹൻലാലിനെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ അദ്ദേഹം തയ്യാറായില്ല.
താര സംഘടനയുടെ പ്രസിഡന്റ് സ്ഥാനം താൻ രാജിവയ്‍ക്കുന്നത് വികാരാധീനനായിട്ടാണ് എന്ന് മോഹൻലാല്‍ വ്യക്തമാക്കി. ഭരണസമിതി അംഗങ്ങളുടെ ഓണ്‍ലൈൻ യോഗത്തിലാണ് താരം വികാരാധീനനായത്. തീരുമാനം എടുക്കുന്നതിന് മുമ്പ് ആദ്യം താൻ മമ്മൂട്ടിയോടെ സംസാരിച്ചു. ഇതാണ് നല്ലത് എന്നും മമ്മൂട്ടി പറഞ്ഞെന്നും മോഹൻലാല്‍ വ്യക്തമാക്കി.
സംഘടനയിലെ അംഗങ്ങള്‍ അടുത്തിടെ ലൈംഗിക ആരോപണത്തില്‍ പെട്ടതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. അമ്മയിലെ ഭിന്നത അടുത്തിടെ രൂക്ഷമായിരുന്നു. വൈസ് പ്രസിഡന്റ് ജഗദീഷിനൊപ്പം യുവ താരങ്ങളും വനിതാ അംഗങ്ങളും സംഘടിച്ചതും പ്രതിസന്ധിയുണ്ടാക്കി. താരങ്ങള്‍ വാട്‍സ് ആപ്പ് ഗ്രൂപ്പില്‍ തര്‍ക്കിച്ചപ്പോള്‍ ഭരണസമിതി രാജിവയ്‍ക്കുന്നതായി മോഹൻലാല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് വൈകരുതെന്ന് യുവ താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ച് ഭരണസമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലെ ഭരണസമിതി താല്‍ക്കാലികമായി തുടരാനുമാണ് ആലോചന.
മോഹൻലാൽ പുറത്തുവിട്ട വാർത്തക്കുറിപ്പിൽനിന്ന്:
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സമൂഹ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തി രാജി വയ്ക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും, നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കെൽപുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും.’
content highlight: mohanlal-discussed-with-mammootty