ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിലെ പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചിരുന്നു. തുടർന്ന്, അമ്മയുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. സംഘടനയിലെ അംഗങ്ങള്‍ അടുത്തിടെ ലൈംഗിക ആരോപണത്തില്‍ പെട്ടതിനാല്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം.
പ്രസിഡന്റ് മോഹൻലാലിനു പുറമെ വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ തുടങ്ങിയവരും എക്സിക്യൂട്ടീവിലെ മറ്റ് അംഗങ്ങളുമാണ് രാജിവച്ചത്. കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയി മാത്യു, സുരേഷ് കൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹനർ, ടൊവീനോ തോമസ്, സരയൂ, അൻസിബ, ജോമോൾ എന്നിവരാണു രാജിവച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ.
ഇപ്പോഴിതാ താരസംഘടനയായ ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ടതിൽ പ്രതികരിച്ച് രംഗത്തെത്തിയിക്കുകയാണ് ഷമ്മി തിലകൻ. എല്ലാവരും രാജി വച്ചത് വോട്ടു ചെയ്തവരോടുള്ള വഞ്ചനയാണെന്ന് ഷമ്മി തിലകൻ അഭിപ്രായപ്പെട്ടു. കൂട്ടരാജി ഒളിച്ചോട്ടമെന്നു പറയാൻ കഴിയില്ല. ഉത്തരംമുട്ടലാണ്. ചോദ്യങ്ങൾക്കു മറുപടി പറയാനില്ലാതെ വരുമ്പോൾ എന്തു ചെയ്യും? ഈ ഇൻഡസ്ട്രി അടുത്ത തലമുറയ്ക്ക് എച്ചിലാക്കി വച്ചട്ടല്ല പോകേണ്ടതെന്നും നല്ല അവസ്ഥയിൽ കൈമാറണമെന്നും ഷമ്മി തിലകൻ പറഞ്ഞു. ‘അമ്മ’ സംഘടനയിലെ കൂട്ടരാജിക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകൻ.
“ചെറിയവനോ വലിയവനോ, തെറ്റ് ആരു ചെയ്താലും അതു തിരിച്ചറിഞ്ഞ് തിരുത്താൻ മനസ് കാണിക്കണം. അതിനുവേണ്ടിയാണ് ഞാൻ ആ സംഘടനയിൽ ശബ്ദം ഉയർത്തിയിട്ടുള്ളത്. അങ്ങനെ ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. ശ്രീനാരായണഗുരു പറഞ്ഞ പോലെ കണ്ണാടി നോക്കി നാം നമ്മളെ അറിയണം. ഞാൻ ജാതിയിൽ കൂടിയ ആളാണെന്ന ചിന്ത മനസിൽ വച്ചുകൊണ്ട് ഒരു സംഘടനയിൽ ഇരുന്നാൽ അങ്ങനെയൊക്കെ സംഭവിക്കും. അതാണ് അതിനകത്തെ കുഴപ്പം. സംഘടന സ്ഥാപിതമായ കാലം മുതൽ ജാതീയമായ വിവേചനം നടന്നു വന്നിട്ടുണ്ട്. അതല്ലെന്നു പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. അതിന് തെളിവ് ഹാജരാക്കാൻ കയ്യിലുണ്ട്. ആ രേഖ കയ്യിലുണ്ട്,” ഷമ്മി തിലകൻ പറഞ്ഞു.
“കൂട്ടരാജി ഒളിച്ചോട്ടമാണെന്നു പറയാൻ കഴിയില്ല. ഉത്തരംമുട്ടലാണെന്നാണ് എനിക്കു തോന്നുന്നത്. ചോദ്യങ്ങൾക്കു മറുപടി പറയാനില്ലാതെ വരുമ്പോൾ എന്തു ചെയ്യും? ചിലർ കൊഞ്ഞനം കുത്തും. ചിലർ മിണ്ടാതിരിക്കും. എല്ലാവരും രാജി വച്ചത് വോട്ടു ചെയ്തവരോടുള്ള വഞ്ചനയാണ്. അടുത്ത തലമുറയ്ക്ക് ഈ ഇൻഡസ്ട്രി എച്ചിലാക്കി വച്ചട്ടല്ല പോകേണ്ടത്. നല്ല അവസ്ഥയിൽ കൈമാറണം. അതിനുള്ള സമയമാണ് ഇപ്പോൾ. സ്ത്രീകൾ നേതൃനിരയിലേക്ക് വരണം. അതിലെന്താണ് തെറ്റ്,” ഷമ്മി അഭിപ്രായപ്പെട്ടു.
“സംഘടന 1994ൽ തുടങ്ങി മന്നു വർഷങ്ങൾക്കു ശേഷം 1997ൽ കൂടിയ ജനറൽ ബോഡിയിൽ ഞാൻ, മഹേഷ്, ഇടവേള ബാബു, എന്നിങ്ങനെ ഞങ്ങളെല്ലാവരും കൂടി ‘യുവതുർക്കികൾ’ അല്ലെങ്കിൽ ‘തിരുത്തൽവാദികൾ’ എന്നും പറഞ്ഞ് വന്നത് വലിയ വാർത്തയായിരുന്നു. മധു സർ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. അതൊരു കാലം. ശരിപക്ഷവാതം എന്ന ആശയമാണ് ഞാൻ സംഘടനയിൽ ഉയർത്തിയിട്ടുള്ളത്. ഷമ്മി തിലകനെപ്പോലുള്ള പ്രതിപക്ഷം ഈ സംഘടനയിൽ വന്നെങ്കിൽ മാത്രമെ ഇതു നന്നാകുകയുള്ളൂ എന്ന് 2018ൽ ചിലർ പറഞ്ഞു. അന്ന് ഞാൻ അവരോടു പറഞ്ഞത്, ഞാൻ പ്രതിപക്ഷമല്ല; കാരണം ‘പ്രതി’ എന്നൊരു സ്ഥാനമുണ്ടല്ലോ. അതുകൊണ്ട്, ഞാൻ ശരിപക്ഷമാണെന്നു പറഞ്ഞാണ് ഞാൻ അവരെ തിരുത്തിയത്. പക്ഷേ, എന്റെ ശരി അവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് ഞാൻ പുറത്തു പോരേണ്ടി വന്നു. എനിക്കു നേരെ പ്രതികാര നടപടിയുണ്ടായി എന്നു ഞാൻ കരുതുന്നില്ല. പക്ഷേ, എന്റെ അച്ഛനോടു ചെയ്തത് അനീതിയാണെന്ന് കോടതി വരെ നിരീക്ഷിച്ചിട്ടുണ്ട്.” ഷമ്മി വ്യക്തമാക്കി.
CONTENT HIGHLIGHT: shammi-thilakan-on-amma-collective-resignation