കാസര്‍ഗോഡ് ജില്ലയിലെ കൊന്നക്കാടിന് അടുത്തുള്ള കോട്ടഞ്ചേരി മലനിരകള്‍ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. കൃത്യമായി പറഞ്ഞാല്‍ കാഞ്ഞങ്ങാട് നിന്നും 30 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഈ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ഒരു ട്രക്കിംഗ് സ്‌പോട്ട് കൂടിയാണ് ഇത്. ഈ മലനിരകള്‍ക്ക് കോട്ടഞ്ചേരി എന്ന് പേര് വരാന്‍ ഒരു കാരണമുണ്ട്. കോട്ടഞ്ചേരി മല, കുമ്പന്‍ മല, പന്നിയാര്‍മല, കാന്തന്‍പാറ എന്നീ കുന്നുകള്‍ ഒരു കോട്ടയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്. അതിനാലാണ് ഈ മലനിരകള്‍ക്ക് കോട്ടഞ്ചേരി എന്ന പേര് ലഭിച്ചത്.
കൊന്നക്കാട് എന്ന സ്ഥലത്തുനിന്നാണ് കോട്ടഞ്ചേരി കുന്നുകളിലേക്ക് ഉള്ള ട്രക്കിംഗ് ആരംഭിക്കുന്നത്. 13 കിലോമീറ്റര്‍ വനപ്രദേശത്തു കൂടെയുള്ള ദൈര്‍ഘമേറിയ ട്രക്കിംഗ് ആണ് ഇത്. ഇവിടങ്ങളില്‍ കാട്ടുനായ, ആന, പന്നികള്‍, മാനുകള്‍, പ്രത്യേകതരം പക്ഷികള്‍ തുടങ്ങി നിരവധി ജന്തുജാലങ്ങളെ കാണാന്‍ സാധിക്കും. രണ്ട് സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്നത് പോലെ തോന്നിപ്പിക്കുന്ന ഒരു കല്‍മതില്‍ ഇവിടെ നിന്നും കാണാന്‍ സാധിക്കും.
കോടമഞ്ഞിന്റെയും മലനിരകളിലൂടെയും ഇടയിലൂടെയുള്ള ഈ കാഴ്ച വലിയ ദിവ്യാനുഭവം സൃഷ്ടിക്കുന്നതാണ്. കോട്ടഞ്ചേരി മലനിരകളിലെ കൊമ്പന്‍ മല എന്ന മലയാണ് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നും മാറി, ശാന്തമായി അല്‍പനേരം വിശ്രമിക്കണം എന്നുള്ളവര്‍ക്ക് ഉറപ്പായിട്ടും പോകാന്‍ കഴിയുന്ന ഒരു സ്ഥലമാണ് കോട്ടഞ്ചേരി ഹില്‍സ്. ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഈ മലനിരകള്‍.
കോടമഞ്ഞില്‍ കൂടിയുള്ള പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളുടെയും കൂറ്റന്‍പാറക്കൂട്ടങ്ങളുടെയും ഇവിടുത്തെ കാഴ്ച നയനങ്ങള്‍ക്ക് വളരെ സുഖകരമാണ്. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ക്യാംപ് നടന്നതും ഇവിടെയാണ്. ജോണ്‍ സി ജേക്കബിന്റെ സുവോളജി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഈ ക്യാംപ്. 1978ല്‍ ആയിരുന്നു ഇവിടെ ക്യാംപ് സംഘടിപ്പിച്ചത്. പ്രശസ്തമായ ബ്രഹ്‌മഗിരി മലനിരകളുടെ ഭാഗമാണ് കോട്ടഞ്ചേരി ഹില്‍സ്. മലയ്ക്കു മുകളില്‍ മനുഷ്യവാസം ഇല്ലെങ്കിലും താഴ്വാരത്തില്‍ നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്.
STORY HIGHLIGHTS: Kottancherry Hills, Kasargod