മലയാളത്തിന്റെ താരസംഘടനയായ അമ്മയിലെ കൂട്ടരാജിയില്‍ പ്രതികരണവുമായി നടന്‍ ബൈജു സന്തോഷ്. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കണമെന്നും സംഘടനയിലെ അംഗങ്ങള്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു എന്നും ബൈജു സന്തോഷ് പ്രതികരിച്ചു. രാജി ഒരുതരം ഒളിച്ചോട്ടം ആയിപ്പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സഹപ്രവര്‍ത്തകര്‍ക്ക് നേരെ ഗുരുതരമായ ആരോപണം വരുന്നുണ്ട്. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കണം. ഇത് കരുതി കുട്ടിയാണോ എന്നൊന്നും എനിക്കറിയില്ല. നമുക്കിപ്പോള്‍ ആരെക്കുറിച്ച് വേണമെങ്കിലും ആരോപണം ഉന്നയിക്കാമല്ലോ. അത് തെളിയിക്കേണ്ടത് ആരോപിക്കുന്നവരുടെ ചുമതലയാണ്. ശരിക്കും പറഞ്ഞാല്‍ രാജി ഒന്നും വയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. എന്തിനാണ് രാജിവെക്കുന്നത്. രാജി വെയ്ക്കരുതായിരുന്നു എന്നുള്ളതാണ് എന്റെ അഭിപ്രായം. അത് ഒരുതരം ഒളിച്ചോട്ടം ആയിപ്പോയി. ജനാധിപത്യപരമായി തിരഞ്ഞെടുത്തതാണ് ഈ ജനറല്‍ ബോഡി. അതുകൊണ്ടുതന്നെ അവര്‍ രാജി വെക്കേണ്ടായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം.’, ബൈജു സന്തോഷ് വ്യക്തമാക്കി.
മോഹന്‍ലാല്‍, ജദഗീഷ്, ജയന്‍ ചേര്‍ത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദന്‍, അനന്യ, അന്‍സിബ ഹസ്സന്‍, ജോയ് മാത്യു, ജോമോള്‍, കലാഭവന്‍ ഷാജോണ്‍, സരയൂ മോഹന്‍, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങള്‍. ഭരണസമിതി അംഗങ്ങള്‍ എല്ലാവരും കഴിഞ്ഞ ദിവസം കൂട്ട രാജി പ്രഖ്യാപിക്കുകയായിരുന്നു. യുവനടിയുടെ ലൈംഗികാരോപണത്തിനു പിന്നാലെ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ധിഖ് ആദ്യം തന്നെ രാജിവെച്ചിരുന്നു.
STORY HIGHLIGHTS: Actor Baiju Santhosh about the mass resignation in AMMA