ഒരുപാട് സിനിമകള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്ത കുറച്ച് റോളുകള്‍ കൊണ്ടുതന്നെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് അജ്മല്‍ അമീര്‍. താരം അഭിനയിച്ച ഒരു വേനല്‍ പുഴയില്‍ എന്ന ഗാനത്തിന് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകര്‍ ഏറെയാണ്. ഇപ്പോള്‍ സിനിമയില്‍ താരം അത്ര സജീവം അല്ലെങ്കിലും ഇടയ്ക്കിടെ ചില മലയാള ചിത്രങ്ങളില്‍ അദ്ദേഹത്തെ കാണാറുണ്ട്. ഇപ്പോള്‍ ഇതാ മൈബോസ് എന്ന സിനിമയിലേക്ക് താന്‍ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് വെളിപ്പെടുത്തുകയാണ് നടന്‍.
‘ഞാന്‍ ഒരുപാട് കണ്‍ഫ്യൂഷന്‍ ആയിട്ടുള്ള ഒരു സ്റ്റേജില്‍ നില്‍ക്കുമ്പോഴാണ് മൈ ബോസ് ചെയ്തത്. പഠിത്തം വേണോ.. അതായത്, ഡോക്ടര്‍ ആയിട്ട് നില്‍ക്കണോ സിനിമയില്‍ അഭിനയിക്കണോ എന്ന് കണ്‍ഫ്യൂഷനായിട്ട് നില്‍ക്കുന്ന സമയത്താണ് എനിക്ക് ആ സിനിമയിലേക്ക് കോള്‍ വരുന്നത്. ഷാഫിക്കയാണ് എന്നെ വിളിക്കുന്നത്. ഞാന്‍ ഷാഫിക്കയോട് പണ്ട് പറഞ്ഞിട്ടുണ്ട് എനിക്ക് കൂടെ വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണ് എന്ന്. ആ സമയത്ത് അങ്ങനെ ഇരിക്കുമ്പോഴാണ് അദ്ദേഹം വിളിക്കുന്നത്. അതുപോലെ തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ദിലീപേട്ടനെ. ദിലീപേട്ടനും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഞാന്‍ പോയി ചെയ്തു. പക്ഷേ സത്യം പറഞ്ഞാല്‍ ഞാന്‍ അത്ര ഹാപ്പി ആയിരുന്നില്ല ആ ഒരു ക്യാരക്ടര്‍ ചെയ്യാനായിട്ട്. പക്ഷേ ആ ഒരു സമയത്ത് അവര്‍ എനിക്ക് നല്ലൊരു തുക ഓഫര്‍ ചെയ്തു. ആ സമയത്ത് ആ പൈസയുടെ ആവശ്യവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടൊക്കെ പോയി ചെയ്ത സിനിമയാണ്. പടം കയറിക്കൊളുത്തി ഹിറ്റായി.. അത് ഒരു ചെറിയ സാധനമാണ്. കാറില്‍ നിന്ന് ഇറങ്ങിവന്ന് ഞാന്‍ മന്ത്രി ആകേണ്ട ആളാണ് എന്ന് പറയുന്ന സീനായിരുന്നു അത്. എന്താ പറയുക ഭയങ്കര എനര്‍ജറ്റിക് ആയിട്ടുള്ള ഒരു ക്യാരക്ടര്‍ ആയിരുന്നു അത്.’, അജ്മല്‍ പറഞ്ഞു.
പ്രണയകാലം എന്ന മലയാള ചിത്രത്തിലൂടെയാണ് അജ്മല്‍ അമീര്‍ സിനിമയിലേക്ക് എത്തുന്നത്. നടി വിമല രാമനാണ് ഈ ചിത്രത്തില്‍ അജ്മലിന്റെ നായികയായി അഭിനയിച്ചത്. അജ്മലിന്റെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു. അഞ്ചാതെ എന്നായിരുന്നു ചിത്രത്തിന്റെ പേര്. മോഹന്‍ലാലിന്റെ സഹോദരനായി അഭിനയിച്ച മാടമ്പി എന്ന മലയാള ചലച്ചിത്രമാണ് അജ്മലിന്റെ മൂന്നാമത്തെ ചിത്രം.
STORY HIGHLIGHTS: Actor Ajmal Ameer about his character