താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യൂട്ടീവ് അംഗങ്ങൾ കൂട്ടരാജി വെച്ചത് മറ്റു അംഗങ്ങളെ അറിയിക്കാതെയെന്ന് അഭിനേത്രി നിഖില വിമൽ. തന്റെ അഭിപ്രായത്തിൽ അവർ കുറച്ചുകൂടി സമയമെടുത്ത് മറുപടികൾ നൽകി വേണമായിരുന്നു തീരുമാനമെടുക്കാൻ എന്ന് നിഖില വിമൽ പറഞ്ഞു. സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. നമ്മളോട് ചർച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. രാജി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നടി കൂട്ടിച്ചേർത്തു.
“താരസംഘടന പോയിട്ടില്ല, സംഘടന അവിടെ തന്നെയുണ്ട്. അതിന്റെ തലപ്പത്തിരിക്കുന്ന ആളുകൾ അവർ നേരിട്ടിട്ടുള്ള ആരോപണത്തിന്റെ ഭാഗമായി രാജി വയ്ക്കുന്നുവെന്നാണ് ഞങ്ങളും അറിഞ്ഞത്. അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇത്. ഞങ്ങളും മാധ്യമങ്ങളിലൂടെയാണ് ഇത് അറിഞ്ഞത്. എന്റെ അഭിപ്രായത്തിൽ അവർ കുറച്ചുകൂടി സമയമെടുത്ത് മറുപടികൾ നൽകി വേണമായിരുന്നു ഈ തീരുമാനമെടുക്കാൻ. കാരണം മാധ്യമങ്ങളുടെ അടുത്തും നമ്മളുടെ സിനിമ കാണാനെത്തുന്ന നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകരോടും മറുപടി നൽകേണ്ട ഉത്തരവാദിത്തം അവർക്കുണ്ട്. ആ ഉത്തരം നൽകിയിട്ടാണ് ഇത് ചെയ്തിരുന്നതെങ്കിൽ നന്നാകുമായിരുന്നു.
സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. നമ്മളോട് ചർച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. അസോസിയേഷന് അകത്തുതന്നെ ചർച്ച ചെയ്ത് കൃത്യമായ തീരുമാനമെടുത്ത് പുതിയ നടപടികളെന്തെങ്കിലും എടുത്ത് ഞങ്ങളിന്നതൊക്കെ ചെയ്തിട്ടാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കിൽ അതിന് ഒരു അർഥമുണ്ടായേനെ. ഇതിപ്പോൾ നിങ്ങളെങ്ങോട്ട് പോയി എന്തിന് പോയി എന്ന ചോദ്യമാണ് എല്ലാവർക്കും. അതൊരു പ്രശ്നമാണ്”. – നിഖില പറയുന്നു
സമൂഹത്തിൽ നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരണം അറിയിക്കണമെന്ന് നിർബന്ധമില്ലെന്നും, തനിക്കത് സാധ്യമല്ലെന്നും നിഖില വ്യക്തമാക്കി.
“സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ട് കമന്റ് ചെയ്യാനും ചാനലുകളിൽ വന്നിരുന്ന് പ്രതികരിക്കാനും എളുപ്പമാണ്, പക്ഷേ സ്വയം തിരുത്തലുകൾ നടത്തിയ ശേഷം സംസാരിക്കാനേ എനിക്ക് സാധിക്കൂ. എല്ലാ കാര്യങ്ങളിലും പ്രതികരണം നടത്താൻ എനിക്ക് സാധിക്കില്ല. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എന്തെങ്കിലും നമുക്ക് അറിയാവുന്ന കാര്യമാണെങ്കിലേ ഞാനതിനെപ്പറ്റി സംസാരിക്കൂ. അല്ലെങ്കിൽ മറ്റുള്ളവർ പറയുന്നത് കേട്ടിരിക്കും. അതിനർഥം എനിക്ക് അഭിപ്രായമില്ലെന്നല്ല. ആ സമയത്ത് അതിന് മറുപടി നൽകണമെന്ന് എനിക്ക് തോന്നാറില്ല. എന്നെ അഭിപ്രായം പറയുന്ന ആളായി കാണുന്നത് മാധ്യമങ്ങളാണ്. ഞാനങ്ങനെ ഒരാളല്ല”. നിഖില വ്യക്തമാക്കി.
content highlight: nikhila-vimal-about-amma-executive-committee-dissolve