കുട്ടികളോട് ആശയവിനിമയം നടത്താൻ വീട്ടിലുള്ളവർക്ക് സമയമില്ലാതെ വരുമ്പോൾ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ അഭയം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദീർഘനേരം ഡിജിറ്റൽ ഉപകാരണങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ ആശയവിനിമയത്തിൽ പല പരിധികളും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.
അവർ നിരന്തരം കാണുന്ന പല വിഡിയോകളും കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷയും അവരുടെ നിത്യ ജീവിതത്തിൽ സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്. പല കുട്ടികളിലും പുഞ്ചിരിക്കാൻ പോലും വിമുഖത കാട്ടുന്ന അവസ്ഥയും പ്രകടമാണ്. അതുകൊണ്ട് തന്നെ മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ ഏതുതരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം ആവശ്യമാണ്. 3 വയസ്സുമുതൽ 8 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ദൃശ്യമാധ്യമം ഉപയോഗിക്കാനുള്ള പരമാവധി സമയം ദിവസേന ഒരുമണിക്കൂർ നേരമായിരിക്കണം.
തലച്ചോറിലെ കോശങ്ങളുടെ എണ്ണത്തിലുള്ള വളർച്ച മൂന്നുവയസ്സോടെ ഏതാണ്ട് പൂർത്തിയാകുന്നു. എന്നാൽ അപ്പോൾ തന്നെ കുട്ടിയുടെ മാനസിക വളർച്ച പൂർത്തിയാക്കണമെന്നില്ല. മൂന്ന് വയസ്സിനുശേഷമുള്ള കുട്ടിയുടെ മാനസിക വളർച്ചയുടെ അടിസ്ഥാനം തലച്ചോറിൽ നിലനിൽക്കുന്ന കോശങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുക വഴിയാണ്. ഇത് സാധ്യമാക്കാൻ വ്യത്യസ്ത അനുഭവപാഠങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകണം.
പുതിയ വ്യക്തികളെ പരിചയപ്പെടാനും പുതിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കാം. സ്വന്തം നിലയിൽ പരീക്ഷണങ്ങൾ നടത്തി അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുമുള്ള അവസരം മാതാപിതാക്കളുടെ നീരീക്ഷണത്തിൽ തന്നെ കുട്ടികൾക്കൊരുക്കാം.