Celebrities

‘സിനിമ ജീവിതം അവസാനിപ്പിച്ചതിന് ഒരു കാരണമുണ്ടായിരുന്നു’: വിധുബാല-Vidhubala

ഒരു കൊല്ലം 26 സിനിമയോളം ഞാന്‍ അഭിനയിച്ചിട്ടുണ്ട്

മലയാളചലച്ചിത്രരംഗത്തെ മികച്ച അഭിനേത്രിയാണ് വിധുബാല. 1970 കളുടെ മധ്യത്തില്‍ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് വിരമിക്കുകയായിരുന്നു. ഇപ്പോള്‍ ടിവി പരിപാടികളിലൂടെ പ്രക്ഷകര്‍ക്ക് സുപരിചിതയാണ് വിധുബാല. അടുത്തിടെ താന്‍ എന്തുകൊണ്ടാണ് അഭിനയ ജീവിതം വേണ്ടെന്ന് വെച്ചതെന്ന് നടി തുറന്നുപറഞ്ഞിരുന്നു.

വിധുബാലയുടെ വാക്കുകള്‍ ഇങ്ങനെ;

‘ഞാന്‍ അവസാനം അഭിനയിച്ച സിനിമ അഭിനയം എന്ന പടമായിരുന്നു. പക്ഷേ അത് അവസാന പടം ആയി തീര്‍ന്നു എന്ന് മാത്രം. എനിക്കറിയില്ലായിരുന്നു അതാണ് എന്റെ അവസാന പടമെന്ന്. 1976 ല്‍ ശങ്കുപുഷ്പം അഭിനയിക്കുന്ന സമയത്താണ് ഞാന്‍ മുരളികുമാര്‍ എന്ന് പറയുന്ന വ്യക്തിയെ കാണുന്നതും പരിചയപ്പെടുന്നതും. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പതുക്കെ ഇഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെ ഞങ്ങള്‍ വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചു. ആ സമയത്ത് എനിക്ക് വലിയ വിഷമം തോന്നി ഒരു കാരണം കൊണ്ട്. വേറൊന്നുമല്ല..’

‘ഞങ്ങള്‍ പത്ത് വയസ്സിലാണ് ചെന്നൈയിലേക്ക് വരുന്നത്. ആ വന്ന കാലം തൊട്ടേ ഭയങ്കര ബിസി ആയിട്ടുള്ള ഒരു ജീവിതം ആയിരുന്നു എന്റേത്. അച്ഛന്റെ മാജിക് ഷോസ്, ഡാന്‍സ് പെര്‍ഫോമന്‍സ്, ഇടക്കിടയ്ക്കുള്ള പടങ്ങള്‍, പിന്നെ പഠിപ്പ്.. എല്ലാം ഒരുമിച്ചു കൊണ്ടുനടക്കുന്ന ഒരു കാലം. അപ്പോള്‍ പലപ്പോഴും എനിക്ക് തോന്നുമായിരുന്നു ഞാന്‍ എന്തൊരു ഓട്ടമാണ് എന്ന്. 19, 20 വയസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ സജീവമായി പടങ്ങളില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ രാത്രി എന്നില്ലാതെ ഞാന്‍ പടങ്ങള്‍ ചെയ്തു. ഒരു കൊല്ലം 26 സിനിമയോളം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ യാതൊരുതരത്തിലും ഉള്ള ഒരു പേഴ്‌സണല്‍ ലൈഫ് എനിക്ക് ഉണ്ടായിരുന്നില്ല.’

‘എന്റെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും എടുത്തത് ഞാനാണ്. ജീവിതത്തില്‍ ചില ഇഷ്ടങ്ങള്‍ എനിക്ക് നടക്കാതെ പോയിട്ടുണ്ട്. എനിക്ക് ക്ലിനിക്കില്‍ സൈക്കോളജിസ്റ്റ് ആകണം എന്ന് വലിയ ആഗ്രഹമായിരുന്നു പക്ഷേ ജീവിതത്തിലെ പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോയി. കുറെ ഉറങ്ങണം കുറെ വായിക്കണം കുറെ റിസര്‍ച്ച് ചെയ്യണം എന്നൊക്കെ എനിക്ക് തോന്നി. കാരണം വിവാഹം കഴിഞ്ഞാല്‍ അതിലേക്ക് ആയിരിക്കും എന്റെ ശ്രദ്ധ മുഴുവനും. ഒരു കുടുംബജീവിതം കെട്ടിപ്പടുക്കുക എന്ന് പറയുമ്പോള്‍ ഫൗണ്ടേഷന്‍ ഇല്ലെങ്കില്‍ പിന്നെ എല്ലാം താറുമാറാകും. അപ്പോഴാണ് എനിക്ക് തോന്നിയത് എന്റെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ഞാന്‍ എപ്പോള്‍ ജീവിക്കുമെന്ന്. അതുകൊണ്ട് വിവാഹത്തിനു മുന്‍പ് ഞാന്‍ അഭിനയം നിര്‍ത്തി. ഞാന്‍ എനിക്കുവേണ്ടി ജീവിക്കാനുള്ള സമയം കണ്ടെത്തുകയായിരുന്നു അതിലൂടെ. വളരെ സന്തോഷത്തോടുകൂടി ഞാന്‍ എടുത്ത ഒരു തീരുമാനമാണ് അത്.’വിധുബാല പറഞ്ഞു.

STORY HIGHLIGHTS: Vidhubala about her acting career