Movie News

‘ഒരു രാജ്യത്തിന്റെയോ ജനങ്ങളുടെയോ വ്യക്തിയുടെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല’: ബ്ലെസി

നജീബിന്റെ്‌റെ വിശ്വാസമോ മതമോ മാതൃരാജ്യമോ നോക്കാതെയാണ് അവര്‍ അവന്റെ മോശം അവസ്ഥയില്‍ നിന്ന് അവനെ രക്ഷിച്ചത്

ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നതായും ജോര്‍ദാനി നടന്‍ ആകിഫ് നജം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി രംഗത്ത് വന്നിരിക്കുകയാണ്. ക്രൂരനായ വ്യക്തിയുടെ ഹൃദയത്തില്‍ പോലും മനുഷ്യാത്മാവിന്റെ അന്തസ്സും ബഹുമാനവും ഉയര്‍ത്തിക്കാട്ടാന്‍ സിനിമ വളരെ ശ്രദ്ധാപൂര്‍വ്വം ശ്രമിച്ചിട്ടുണ്ടെന്നും നജീബിന്റെ്‌റെ വിശ്വാസമോ മതമോ മാതൃരാജ്യമോ നോക്കാതെയാണ് അവര്‍ അവന്റെ മോശം അവസ്ഥയില്‍ നിന്ന് അവനെ രക്ഷിച്ചത്. സിനിമയിലുടനീളം ഈ സന്ദേശം വ്യക്തമായി അറിയിക്കുക മാത്രമായിരുന്നു തന്റെ മുഴുവന്‍ ശ്രമമെന്നും ബ്ലെസി പ്രസ്താവനയില്‍ പറയുന്നു.


 ‘ക്രൂരനായ വ്യക്തിയുടെ ഹൃദയത്തില്‍ പോലും മനുഷ്യാത്മാവിന്റെ അന്തസ്സും ബഹുമാനവും ഉയര്‍ത്തിക്കാട്ടാന്‍ സിനിമ വളരെ ശ്രദ്ധാപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. മരുഭൂമിയില്‍ നിന്ന് തന്നെ രക്ഷിച്ച ഇബ്രാഹിം ഖദ്രിയുടെ രൂപത്തിലും റോള്‍സ് റോയ്സില്‍ വന്ന കുലീനനും ധനികനുമായ അറബിയുടെ രൂപത്തിലും നജീബ് ദൈവത്തെ കണ്ടു. നജീബിന്റെ്‌റെ വിശ്വാസമോ മതമോ മാതൃരാജ്യമോ നോക്കാതെയാണ് അവര്‍ അവന്റെ മോശം അവസ്ഥയില്‍ നിന്ന് അവനെ രക്ഷിച്ചത്. സിനിമയിലുടനീളം ഈ സന്ദേശം വ്യക്തമായി അറിയിക്കുക മാത്രമായിരുന്നു എന്റെ മുഴുവന്‍ ശ്രമവും. ഒരു വ്യക്തിയുടെയും ജനങ്ങളുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.

നജീബിനെ രക്ഷിച്ച് തന്റെ മനോഹരവും വിലകൂടിയതുമായ റോള്‍സ് റോയ്സില്‍ കൊണ്ടുപോയി വെള്ളം കൊടുക്കുകയും ഉറങ്ങാന്‍ അനുവദിക്കുകയും സഹായവും ആശ്വാസവും രക്ഷപ്പെടാനുള്ള വഴികളും ലഭിക്കുന്ന ഒരു സ്ഥലത്തേക്ക് അവനെ കൊണ്ടുപോകുകയും ചെയ്യുന്ന ദയാലുവായ ഒരു മനുഷ്യന്റെ കഥാപാത്രത്തിലൂടെ അറബി ജനതയുടെ കരുണയും കാരുണ്യവും സത്യസന്ധമായി ചിത്രീകരിക്കാന്‍ സിനിമ ശ്രമിച്ചു. അയാളില്ലായിരുന്നെങ്കില്‍ നജീബ് മരിച്ചുപോകുമായിരുന്നു. റസ്റ്റോറന്‍ന്റ് ജീവനക്കാരും തടങ്കല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നവരും ചെക്ക്‌പോയിന്റ് ജീവനക്കാരും ദയയുടെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും മാതൃകകളായി അംഗീകരിക്കപ്പെട്ടു.

ഈ സിനിമയുടെ സംവിധായകന്‍, തിരക്കഥാകൃത്ത്, സിനിമ നിര്‍മിച്ച വിഷ്വല്‍ റൊമാന്‍സ് എന്ന കമ്പനിയുടെ ഉടമ എന്നീ നിലകളില്‍ ഈ സിനിമയുടെ നിര്‍മാണത്തില്‍ പൂര്‍ണ ഉത്തരവാദിത്തമുണ്ട്. കൂടാതെ യാതൊരുവിധത്തിലുള്ള പങ്കാളിത്തമോ പുറമേ നിന്നുള്ള വ്യക്തിയുടേയോ കമ്പനിയുടേയോ ഇടപെടലോ ഇല്ല.’ ബ്ലെസി പറഞ്ഞു

ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ ആടുജീവിതം എന്ന സിനിമയില്‍ അഭിനയിച്ചതില്‍ ഖേദിക്കുന്നുവെന്നും സൗദി സമൂഹത്തോട് മാപ്പു പറയുന്നു എന്നുമാണ് ജോര്‍ദാനി നടന്‍ ആകിഫ് നജം കഴിഞ്ഞ ദിസവം പറഞ്ഞത്. സൗദി അറേബ്യയെയും അവിടുത്തെ അന്തസ്സുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണ് സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ സിനിമ പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥ കഥ അറിഞ്ഞതെന്നാണ് അദേഹം പ്രസ്താവനയില്‍ പറഞ്ഞത്. ‘സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ സമ്മതിച്ചത്. തിരക്കഥ പൂര്‍ണമായും താന്‍ വായിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെ സിനിമ കണ്ടപ്പോഴാണ് സിനിമയിലെ സൗദി വിരുദ്ധത മനസിലായത്. സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ല. ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നു’, ആകിഫ് നജം പറഞ്ഞതിങ്ങനെ.

STORY HIGHLIGHTS: Blessy about Aadujeevitham  controversies