Celebrities

‘കാടടച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഡബ്ല്യുസിസിയുടെ പ്രസ്താവനകള്‍’: ഭാഗ്യലക്ഷ്മി-Bhagyalakshmi, WCC

എനിക്കെതിരെ വന്നതെല്ലാം ഞാന്‍ തന്നെ നേരിട്ടിട്ടുള്ള ആളാണ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ വലിയ കോളിളക്കങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പല നടിമാരും തനിക്ക് നേരിടേണ്ടിവന്ന ചൂഷണങ്ങളെക്കുറിച്ചും അപമാനത്തെ കുറിച്ചും എല്ലാം തുറന്നു പറയുന്ന സാഹചര്യമാണിത്. ഈ സാഹചര്യത്തില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. തനിക്കെതിരെ വന്നതെല്ലാം നേരിട്ടിട്ടുള്ള ആളാണെന്നും തന്നെ പ്രൊട്ടക്ട് ചെയ്യാന്‍ വേറെ ഒരാളുടെയും ആവശ്യമില്ലെന്നും ഹേമ കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞു എന്നും പറയുകയാണ് ഭാഗ്യലക്ഷ്മി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

 ‘കാടടച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഡബ്ല്യുസിസിയുടെ പ്രസ്താവനകള്‍. ആരെയെങ്കിലും അവര്‍ സ്‌പെസിഫൈ ചെയ്ത് പറയണ്ടേ? പവര്‍ ഗ്രൂപ്പ് ആരാണ്.. എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കും. മൊഴി കൊടുത്തവരാണ് പറയേണ്ടത് അത് ആരാണെന്ന്. കാരണം അത് രഹസ്യ മൊഴിയാണ്. എനിക്കെന്റെ മൊഴി വന്നാലും ഒരു പ്രശ്‌നവുമില്ല. കാരണം ഞാന്‍ ഹേമാ കമ്മിറ്റിയുടെ മുന്‍പാകെ ചെന്ന് പറഞ്ഞത്, എനിക്കെതിരെ വന്നതെല്ലാം ഞാന്‍ തന്നെ നേരിട്ടിട്ടുള്ള ആളാണ് എന്നാണ്. എനിക്ക് എന്നെ പ്രൊട്ടക്ട് ചെയ്യാന്‍ വേറെ ഒരാളുടെയും ആവശ്യമില്ല എന്ന് പറഞ്ഞാണ് ഞാന്‍ അവിടുന്ന് ഇറങ്ങുന്നത്. ചിലരൊക്കെ പേരൊക്കെ പറഞ്ഞിട്ടുണ്ട് എന്ന് പറയുന്നു.. ഇത് പുറത്തുവരണം എന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ ഡബ്ല്യുസിസിയില്‍ ആരെങ്കിലും ഒരാള്‍ ധൈര്യത്തോടെ മുന്നോട്ട് വരട്ടെ. ഒരാള്‍ പറയുകയാണ്, ഞാന്‍ ഇന്നാള്‍ക്കെതിരെ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അവിടം മുതല്‍ കേസ് തുടങ്ങാം.’, ഭാഗ്യലക്ഷ്മി പറഞ്ഞു.

സിനിമാ മേഖലയില്‍ തൊഴിലിടത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും നീതി നിഷേധങ്ങളും പഠിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മറ്റിയെ നിയോഗിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഇത്തരമൊരു സമിതി നിയോഗിക്കപ്പെടുന്നത്. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാരിന്റെ ഈ തീരുമാനം. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങുന്നതാണ് സമിതി.

STORY HIGHLIGHTS: Bhagyalakshmi about WCC