വാരിയെല്ലിന് പരിക്കേറ്റിട്ടും മുംബൈയിൽ നടന്ന ബച്ചേ ബോലെ മോര്യ പരിപാടിയിൽ പങ്കെടുത്തതിന് ശേഷം നടൻ സൽമാൻ ഖാന് ആരാധകരുടെ പ്രശംസ. വാരിയെല്ലിന് പരിക്കുപറ്റിയതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ സല്‍മാന്‍, ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്ന വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
പരിക്ക് വകവെക്കാതെയാണ് സൽമാൻ പരിപാടിയിൽ പങ്കെടുക്കുന്നത്. ഏതാനും വീഡിയോകളിൽ, താരം കസേരയിൽ നിന്ന് എഴുന്നേൽക്കാൻ പാടുപെടുന്നത് കണ്ടു. ആരോഗ്യ അസ്വസ്ഥതകൾക്കിടയിലും പരിപാടിയിൽ പങ്കെടുത്ത നടനെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. നടൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കമന്റുകൾ ഉണ്ട്. നടന്റെ ഫാൻ പേജിൽ പങ്കിട്ട ഒരു വീഡിയോയിൽ, സൽമാൻ ഒരു സോഫയിൽ ഇരിക്കുന്നതും എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വേദനകൊണ്ട് സാധിക്കാത്തതുമാണ് കാണിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും നടൻ പരിപാടിയിൽ പങ്കെടുത്തതിന് സംഘാടകര്‍ നന്ദി പറയുന്നതും ക്ലിപ്പിൽ കാണാം. അതേ ചടങ്ങിൽ, ജൽവ എന്ന ഗാനത്തിന് സൽമാൻ നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോയും വൈറലായിട്ടുണ്ട്.
എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന ചിത്രത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കിക്ക്, ജുദ്‌വാ, മുജ്‌സെ ഷാദി കരോഗി എന്നീ ഹിറ്റുകൾക്ക് ശേഷം സൽമാൻ ഖാന്റെയും സാജിദ് നദിയാദ്‌വാലയുടെയും കൂടിച്ചേരൽ കൂടിയാണ് ചിത്രം. ചിത്രം അടുത്ത ഈദിന് റിലീസ് ചെയ്യും. അടുത്തിടെ, സൽമാൻ സിക്കന്ദറിൻ്റെ സെറ്റിൽ നിന്നുള്ള ഒരു ചിത്രം പങ്കിട്ടിരുന്നു. ഇത് ആരാധകരിൽ വലിയ ആവേശമാണ് തീർത്തത്. ചിത്രത്തിൽ സൽമാനൊപ്പം രശ്മിക മന്ദാനയും അഭിനയിക്കുന്നുണ്ട്.