മുകേഷ് മാറി നിൽക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് നടൻ ലാൽ. ഇതുമായി ബന്ധപ്പെട്ട് മുകേഷിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കണമെന്നില്ല. ഞാൻ വലിയ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ട് അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ല. നമുക്ക് വേണ്ടത് കുഴപ്പങ്ങൾ ആര് ചെയ്തിട്ടുണ്ടോ അവർ ശിക്ഷിക്കപ്പെടണം എന്നതാണെന്നും ലാൽ പറയുന്നു.
കാസ്റ്റിങ് കൗച്ച് പോലുള്ളവ നമ്മുടെയൊന്നും സെറ്റിൽ ഉണ്ടായിട്ടില്ല. പക്ഷെ അങ്ങനെ നടക്കുന്നുണ്ടെന്നത് സത്യമാണെന്നും ലാൽ പറഞ്ഞു. അത് എല്ലായിടത്തുമുണ്ട്. കയ്യൊഴിയാൻ വേണ്ടി പറയുന്നതല്ല, പക്ഷെ ഇതൊന്നും എവിടെയും ഉണ്ടാകാൻ പാടില്ല.സിനിമയിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമായും കൂടുതലായിരിക്കും. കാരണം ദിവസങ്ങളോളം ഒരുമിച്ച് താമസിക്കുകയുമൊക്കെ ചെയ്യുമ്പോൾ അതിനുള്ള ചാൻസസ് കൂടുതലുണ്ട്. പക്ഷെ എല്ലാ പ്രൊഡക്ഷനിലും ഇല്ല. വളരെ വൃത്തിയായി കാര്യങ്ങൾ മുന്നോട്ട് പോകുന്ന പ്രൊഡക്ഷൻ ടീമുകളുമുണ്ട് – ലാൽ പറഞ്ഞു.
അമ്മ എല്ലാവരും കരുതുന്നതുപോലൊരു കൊള്ള സംഘമല്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ലാൽ പറഞ്ഞത്. “എന്ത് നിലപാടാണ് പറയേണ്ടത്… കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനെ പറ്റി അന്വേഷിക്കണം. നമ്മൾ ആരെയും വെറുതെ വിടരുത് എന്നത് തന്നെയാണ് നിലപാട്. അതുപോലെ തന്നെ കുറ്റം ചെയ്യാത്തവർ ആരുടെയും ശത്രുത കൊണ്ട് ശിക്ഷിക്കപ്പെടാനും പാടില്ല.
ഏത് തലം മുതലാണ് ശുദ്ധികലശം വേണ്ടതെന്ന് നിങ്ങളൊക്കെ തന്നെ പറയൂ. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറയൂ. എല്ലാവരും ചോദ്യം ചോദിക്കുന്നുണ്ടല്ലോ. പത്രക്കാർ തന്നെ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് കൊടുക്കൂ. പിന്നെ എന്ത് ചെയ്താലും അതിന് രണ്ട് വശമുണ്ടാകും. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് പോലെ. കൂട്ടരാജിവെച്ചാലും ഒരാൾ മാത്രം രാജിവെച്ചാലും ഇതെല്ലാം എല്ലാവരും പറയും.
മോഹൻലാലായാലും പൃഥ്വിരാജായാലും ആരും മോശക്കാരൊന്നുമല്ല. ചെറുപ്പക്കാരോ പ്രായമുള്ളവരോ സീനേഴ്സോ ആര് വേണമെങ്കിലും നേതൃസ്ഥാനത്തേക്ക് വരട്ടെ. നന്നായിട്ട് കാര്യങ്ങൾ പോണം. നിങ്ങൾ വിചാരിക്കുന്നതുപോലെ അമ്മയുടെ മീറ്റിങുകളിൽ വലിയ പ്രശ്നങ്ങളോ രാഷ്ട്രീയക്കാർ മീറ്റിങ് കൂടുന്നത് പോലെയുള്ള സംഭവങ്ങളൊന്നും ഇല്ല. കഴിഞ്ഞ പ്രാവശ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നതാണ്. ശരിയാണെന്ന് എല്ലാവർക്കും തോന്നുന്നത് ചെയ്യുകയാണ് ചെയ്യുന്നത്.
അല്ലാതെ അവനെ പൂട്ടാമെന്ന് പറയുന്ന കൊള്ള സംഘമൊന്നുമല്ല അമ്മ. വളരെ ന്യായമായിട്ട് കാര്യങ്ങൾ പറയുന്നവർ തന്നെയാണ്. ജോയ് മാത്യുവിനെ ഞാനാണ് നിർബന്ധിച്ച് ഇപ്രാവശ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിർത്തിയത്. എനിക്ക് അവിടെ പോയി ഗുസ്തിയുണ്ടാക്കാൻ വയ്യെന്നാണ് പുള്ളി പറഞ്ഞത്. മെമ്പറായശേഷം പുള്ളിയുടെ ആ ചിന്തയൊക്കെ മാറി. അത് എന്നോട് പറയുകയും ചെയ്തു.
നല്ല തീരുമാനങ്ങൾ എടുക്കാൻ മനസുള്ളവരാണ് അവിടെയുള്ളവരെല്ലാം. ഇവർ ആരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നും അല്ല. അതുകൊണ്ട് അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും പ്രശ്നങ്ങളുമുണ്ടാകും. എന്താണെങ്കിലും അവരൊക്കെ നല്ലവരാണ്”- ലാൽ പറഞ്ഞു.
content highlight: actor-and-director-lal-reacted