അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വളരെ പ്രസിദ്ധമാര്‍ന്ന ഒരു വഴിപാടാണ് അമ്പലപ്പുഴ പാല്‍പ്പായസം. അമ്പലപ്പുഴ പാല്‍പ്പായത്തിന്റെ രുചി മറ്റൊരു ക്ഷേത്രത്തിലെ പായസത്തിനും അവകാശപ്പെടാനാകില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ കേരളത്തില്‍ ഇതുപോലെ പ്രസിദ്ധിയാര്‍ജിച്ച മറ്റൊരു വഴിപാട് ഇല്ലെന്നു തന്നെ പറയാം. ഇത്തരത്തില്‍ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തി പാല്‍പായസം എല്ലാവരും കഴിച്ചിട്ടുണ്ടാകും. പക്ഷേ ഈ പായസവും അമ്പലവും ആയിട്ടുള്ള ഒരു ബന്ധം, അല്ലെങ്കില്‍ ഈ പായസത്തിന്റെ ഐതിഹ്യം എന്താണെന്ന് അറിയാമോ? എങ്കില്‍ കേട്ടോളൂ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടാന്‍ നടത്തുന്നതിന് പിന്നില്‍ ഒരു ഐതിഹ്യം ഉണ്ട്.
ചതുരംഗ കളിയുടെ വലിയ ആരാധകനും മിടുക്കനായ കളിക്കാരനുമായിരുന്നു ചെമ്പകശേരി രാജാവ്. ഒരിക്കല്‍ കളിയില്‍ തന്നെ തോല്‍പ്പിക്കാന്‍ അദ്ദേഹം ജനങ്ങളെ വെല്ലുവിളിച്ചു. അപ്പോള്‍ ഈ പ്രദേശത്തെ ജനങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പാവപ്പെട്ട ബ്രാഹ്‌മണന്‍ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് ചെന്നു. എന്നാല്‍ കളിയില്‍ രാജാവ് പരാജയപ്പെട്ടാല്‍ തനിക്ക് അരി നല്‍കണമെന്ന് ബ്രാഹ്‌മണന്‍ ഒരു നിബന്ധന വെച്ചു. രാജാവ് ആദ്യത്തെ ചതുരത്തില്‍ ഒരു നെല്ല് സൂക്ഷിക്കണം, തുടര്‍ന്ന് ചതുരംഗ കളത്തിലെ ബാക്കിയുള്ള ഓരോ 63 ചതുരങ്ങളിലും അത് ഇരട്ടിയാക്കണം എന്നതായിരുന്നു ആ നിബന്ധന.
സത്യത്തില്‍ ബ്രാഹ്‌മണന്‍ എന്താണ് യഥാര്‍ത്ഥത്തില്‍ പടുത്തുയര്‍ത്തുന്നതെന്ന് രാജാവിന് മനസ്സിലായില്ല. ഏതൊരു രാജാവിനും ഇത്രയും അരി കൊടുക്കുക അസാധ്യമായിരുന്നു. 64 ചതുരങ്ങളില്‍ നിന്നുള്ള മൊത്തം അരി എന്ന്പറയുന്നത് ഏകദേശം 9 ദശലക്ഷം ട്രില്യണ്‍ ആണ്. എന്നാല്‍ ഇത് മനസ്സിലാകാത്ത രാജാവ്, ബ്രാഹ്‌മണന്‍ പറഞ്ഞ വ്യവസ്ഥ അംഗീകരിച്ചു. പക്ഷേ കളിയില്‍ രാജാവ് പരാജയപ്പെട്ടു.
അരി ബ്രാഹ്‌മണന് നല്‍കേണ്ടിയും വന്നു. ഇതിനായി രാജാവിന് തന്റെ രാജ്യത്തെ മുഴുവന്‍ അരിയും സമാഹരിച്ചെങ്കിലും വ്യവസ്ഥയനുസരിച്ചുളള അരി നല്‍കാന്‍ അദ്ദേഹത്തിന് കഴിയില്ല എന്ന് മനസ്സിലായി. ചെമ്പകശേരി രാജാവിന് തന്റെ വാക്ക് എങ്ങനെ നിറവേറ്റണമെന്ന് അറിയില്ലായിരുന്നു. താമസിക്കാതെ ബ്രാഹ്‌മണന്‍ തന്റെ രൂപം ഉപേക്ഷിച്ചു, ബ്രാഹ്‌മണന്റെ സ്ഥാനത്ത് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടു. ഇത് ദര്‍ശിച്ച് ഞെട്ടിനിന്ന രാജാവ് ഭഗവാനോട് ക്ഷമ ചോദിച്ചു. ശേഷം ദിവസവും തനിക്ക് പാല്‍പ്പായസം തയ്യാറാക്കി, നല്‍കിയ വാക്ക് പൂര്‍ത്തിയാക്കണമെന്ന് ശ്രീകൃഷ്ണന്‍ രാജാവിനോട് പറഞ്ഞു. അന്നുമുതലാണ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ പാല്‍പ്പായസം പ്രധാന വഴിപാടായി നടത്തി തുടങ്ങിയത്.
STORY HIGHLIGHTS: Ambalapuzha Palpayasam, History