മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജന് പകരം മുന്‍ മന്ത്രി ടി പി രാമകൃഷ്ണൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തെത്തുമെന്ന് സൂചന. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഒന്നാം പിണറായി വിജയൻ മന്ത്രി സഭയിൽ എക്സൈസ്- തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ. നിയമസഭയിൽ പേരാമ്പ്ര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി പി നിലവിൽ എൽഡിഎഫ് എംഎൽഎമാരുടെ കോർഡിനേറ്റിങ് ചുമതലയുള്ള നേതാവ് കൂടിയാണ്.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നീക്കിയത്. ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുത്തില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി നേരത്തെ കണ്ണൂരിലെ വീട്ടിലേക്കെത്തിയെങ്കിലും വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല.