ആറാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്താന്‍ പോയ ബാല്യത്തിൽ നിന്ന് 100 കോടി വിറ്റുവരവുള്ള കമ്പനിയുടെ തലപ്പത്ത് എത്തുക . അത്തരമൊരു സ്വപ്നതുല്യമായ വളർച്ചയാണ് ഐഡി ഫ്രഷ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ മുസ്തഫയുടേത് . കൂലിപ്പണിക്കാരനായ അച്ഛന്റെ മകൻ ദോശമാവും പൊറോട്ട മാവും വില്‍ക്കുന്നയാളായി. 1,100 ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയായി. വയനാട് കല്‍പ്പറ്റയ്ക്കടുത്ത് ചെന്നലോട്ടെ ഒരു സാധാരണ കുടുംബത്തിലെ അംഗം. ആറാം ക്ലാസില്‍ തോറ്റപ്പോള്‍ ഇംഗ്ലീഷിനോടും ഹിന്ദിയോടും ഇനിയും തോല്‍ക്കാനാവില്ലെന്ന് ചിന്തിച്ച് കൂലിപ്പണിയ്ക്ക് പോകാന്‍ തയാറായി മുസ്തഫ . കൂലിപ്പണിയെടുത്ത് കുടുബം പുലര്‍ത്താതെ മകന്‍ പിന്നെയും പഠിക്കാന്‍ പോവുന്നതിനോട് ഉപ്പയ്ക്കും വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, കണക്കില്‍ മിടുക്കനായ മുസ്തഫ പഠിത്തം നിര്‍ത്തുന്നതിനോട് തോമസ് സാറിന് ഒട്ടും യോജിപ്പുണ്ടായില്ല. മാഷിന്റെ വാക്ക് കേട്ട് മുസ്തഫ മടിച്ചു മടിച്ചാണ് പഴയ ക്ലാസില്‍ പിന്നെയും വന്നിരുന്നത്. മനസ്സില്ലാ മനസ്സോടെ ക്ലാസിലെത്തിയ മുസ്തഫയെ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കടമ്പ കടത്തിക്കൊടുത്തതും തോമസ് സാര്‍ തന്നെ.
മാഷിന്റെ പ്രയത്നം വിഫലമായില്ല. ഏഴാം ക്ലാസില്‍ ഒന്നാം റാങ്കുകാരനായിരുന്നു മുസ്തഫ. പത്താം ക്ലാസില്‍ സ്‌കൂളില്‍ ഒന്നാമനായി. പിന്നീട് കോഴിക്കോട് ഫാറൂഖ് കോളേജില്‍ പ്രവേശനം ലഭിച്ചു. പഠിത്തത്തിനും താമസത്തിനുമുള്ള പണം കണ്ടെത്തലായിരുന്നു തടസ്സം. എന്നാല്‍, ഉപ്പയുടെ സുഹൃത്ത് ആ പ്രശ്‌നം പരിഹരിച്ചു. കോളേജിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണം ലഭിച്ചിരുന്നത്. എന്നാല്‍, പതിനഞ്ച് കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണത്തിനായി ഓരോ ഹോസ്റ്റലിലും പോകുന്നത് വേദന നിറഞ്ഞ അനുഭവമായിരുന്നു മുസ്തഫയ്ക്ക്. മറ്റ് കുട്ടികളുടെ അര്‍ഥം വച്ചുള്ള നോട്ടവും കമന്റുകളുമൊന്നും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. എന്നിട്ടും എല്ലാം സഹിച്ച് മുസ്തഫ പഠിത്തത്തില്‍ മുഴുകി. അക്കൊല്ലം തന്നെ എഞ്ചിനീയറിങ് എന്‍ട്രന്‍സ് എഴുതി. അറുപത്തിമൂന്നാം റാങ്കുകാരന് അന്നത്തെ റീജിയണല്‍ എഞ്ചിനീയറിങ് കോളേജില്‍ പ്രവേശനവും ലഭിച്ചു. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. കണക്കിലെ മിടുക്കും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും കൊണ്ട് വിദ്യാഭ്യാസ വായ്പയെടുത്താണെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കി. 1995ല്‍ ബെംഗളരൂരിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ മാന്‍ഹാട്ടന്‍ അസോസിയേറ്റ്സില്‍ ചേര്‍ന്നു. അവിടെ നിന്ന് മോട്ടൊറോളയില്‍. കമ്പനി മുസ്തഫയെ പരിശീലനത്തിനായി അയര്‍ലന്‍ഡിലേയ്ക്ക് അയച്ചു. പിന്നീട് വലിയ ശമ്പളത്തിന് ദുബായിലെ സിറ്റി ബാങ്കിലെത്തി.
2003ല്‍ മുസ്തഫ വീണ്ടും ഇന്ത്യയിലേയ്ക്ക് മടങ്ങി. വീട്ടുകാര്‍ക്കൊപ്പം ജീവിക്കുകയും പഠനം തുടരുകയുമായിരുന്നു ലക്ഷ്യം. ഒരു വ്യവസായ സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഉണ്ടായി. ജോലി ഉപേക്ഷിക്കുന്നതിനെ ഉപ്പയും ഭാര്യവീട്ടുകാരും നഖശിഖാന്തം എതിര്‍ത്തു. ഒപ്പം നിന്നത് ഭാര്യയും ബന്ധുവായ നസീറും മാത്രം. അവര്‍ നല്‍കിയ ധൈര്യത്തില്‍ എം.ബി.എ പഠിക്കാന്‍ ബെംഗളൂരു ഐ.ഐ.എമ്മില്‍ ചേര്‍ന്നു. മുസ്തഫയുടെ ബന്ധുവായ ഷംസുദ്ദീനാണ് ദോശ മാവ് വില്‍ക്കുന്നതിന്റെ ആശയം പറഞ്ഞത്. മുസ്തഫ നല്‍കിയ 25000 രൂപയുടെ മൂലധനത്തിലായിരുന്നു കമ്പനിയുടെ തുടക്കം. ബന്ധുക്കളാായ നാസറും ഷംസുവും ജാഫറും നൗഷാദും ഒപ്പം കൂടി. അമ്പത് ശതമാനം ഓഹരി മുസ്തഫയ്ക്കും ബാക്കി അമ്പത് ശതമാനം മറ്റുള്ളവര്‍ക്കും. ബെംഗളൂരുവില്‍ 550 ച. അടി മാത്രമുള്ള ഒരു സ്ഥലത്തായിരുന്നു കമ്പനിയുടെ തുടക്കം. ആകെയുള്ളത് രണ്ട് ഗ്രൈന്‍ഡറും ഒരു മിക്‌സിയും ഒരു സീലിങ് മെഷിനും. കമ്പനിക്ക് ഐ ഡി ഫ്രഷ് എന്ന് പേരിട്ടു. സമീപത്തെ ഇരുപത് കടകളില്‍ മാവ് വില്‍ക്കാനായിരുന്നു പദ്ധതി. ദിവസവും നൂറ് പായ്ക്ക് വില്‍ക്കാനായാല്‍ കൂടുതല്‍ മെഷിനുകള്‍ വാങ്ങാനായിരുന്നു ധാരണ. എന്നാല്‍, പുതിയ ഉത്പ്പന്നം വില്‍പ്പനയ്ക്ക് വയ്ക്കാന്‍ പല കടക്കാരും സമ്മതിച്ചില്ല.
പല വിദ്യകളും പയറ്റിയാണ് ഇവരുടെ മനസ്സൊന്ന് മാറ്റിയെടുക്കാനായത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ദിവസവും നൂറ് പായ്‌ക്കെന്ന ടാര്‍ജറ്റ് അവര്‍ കൈവരിച്ചു. ആദ്യത്തെ മാസം 400 രൂപയായിരുന്നു ലാഭം. ടാര്‍ജറ്റ് കൈവരിച്ചതോടെ സ്ഥാപനം വിപുലീകരിച്ചു. മൂലധനം ആറു ലക്ഷമാക്കി. അടുക്കളയുടെ വലിപ്പവും ഉപകരണങ്ങളുടെ എണ്ണവും കൂട്ടി. അഞ്ച് ബന്ധുക്കള്‍ക്ക് കൂടി ജോലിയും കൊടുത്തു. നിത്യേനയുള്ള ഉത്പ്പാദനം 3,500 കിലോയായി. മാവ് വാങ്ങുന്ന കടകളുടെ എണ്ണം 400 ആയി. 30 ജീവനക്കാരുമായി. അടുത്ത വര്‍ഷം 40 ലക്ഷം രൂപ കൂടി നിക്ഷേപിച്ച് കമ്പനി വീണ്ടും വിപുലീകരിച്ചു. ഹോസ്‌ക്കോട്ടെയില്‍ 2500 ച. അടി വിസ്തീര്‍ണമുള്ള ഷെഡിലായി മാവ് നിര്‍മാണം. അമേരിക്കയില്‍ നിന്ന് അഞ്ച് കൂറ്റന്‍ വെറ്റ് ഗ്രൈന്‍ഡറുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്തു. അതേ വര്‍ഷം തന്നെ പൊറോട്ടയും ഉണ്ടാക്കിത്തുടങ്ങി. കമ്പനിയുടെ പ്രവര്‍ത്തനം ചെന്നൈ, മംഗളൂരു, മുംബൈ, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. ഇന്ന് ദോശ മാവിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ദുബായില്‍ നിന്നാണ്. ദിവസേന 50,000 കിലോ മാവാണ് കമ്പനി ഉണ്ടാക്കുന്നത്. വര്‍ഷം മുന്‍പ് ദിവസവും പത്ത് പായ്ക്കറ്റ് ഉണ്ടാക്കി വിറ്റവര്‍ ഇന്ന് വില്‍ക്കുന്നത് പ്രതിദിനം അമ്പതിനായിരം പായ്ക്ക്. 1,100 ജോലിക്കാരുമായി. ഒരു സ്വപ്നം സഫലമാക്കിയ ചാരിതാർത്ഥ്യത്തോടെ മുസ്തഫയുണ്ട് ഐ ഡി ഫ്രഷിന്റെ അമരക്കാരനായി.
STORY HIGHLLIGHTS : The rare life story of Mustafa, the owner of ID Fresh Food Pvt