മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ വലിയ വിവാദം പുകയുകയാണ്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ശീതല്‍ ശ്യാം. സിനിമാ സെറ്റില്‍ തനിക്ക് നേരിടേണ്ടി വന്നതും കണ്ടതുമായ മോശം അനുഭവങ്ങൾ ശീതല്‍ ശ്യാം തുറന്നു പറഞ്ഞു.
ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന് :
ഞാന്‍ ഒരുപാട് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. ഏഴെട്ട് സിനിമകളിലേ അഭിനയിച്ചട്ടുള്ളൂ. ഞാന്‍ അഭിനയിച്ച സിനിമകളുടെ അനുഭവത്തില്‍ നിന്നു തന്നെ പറയാം ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന്. എന്റെ ആദ്യത്തെ സിനിമയില്‍ എനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ട്, കാ ബോഡിസ്‌കേപ് ആയിരുന്നു സിനിമ. കോഴിക്കോട് കടപ്പുറത്ത് വച്ചായിരുന്നു ഷൂട്ട്. ഷോട്ടിനിടെ മാറി നില്‍ക്കുമ്പോള്‍ അവിടുത്തെ മത്സ്യത്തൊഴിലാളികള്‍ എന്റെ വസ്ത്രം പിടിച്ചുവലിക്കുകയുണ്ടായി. എന്റെ കൂടെയുണ്ടായിരുന്നവര്‍ തടയുകയും സംസാരിക്കുകയും ചെയ്തു. 2016ലാണ് സംഭവം.
അതേ സെറ്റില്‍ വച്ച് എന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ സിഗരറ്റ് വലിച്ചു. അത് കണ്ട് ക്രൂവിലുണ്ടായിരുന്ന ഒരു പുരുഷന്‍ എന്താ ഇവിടെ നിന്ന് സിഗരറ്റ് വലിക്കുന്നതെന്ന് ചോദിച്ചു. അയാള്‍ സിഗരറ്റ് വലച്ചു കൊണ്ടാണ് ചോദിക്കുന്നത്. രണ്ടാമത്തെ സിനിമയായ ആഭാസത്തിലാണ് ദിവ്യ ആരോപിച്ച പ്രശ്‌നമുണ്ടാകുന്നത്. അതില്‍ മറ്റൊരു സ്ത്രീയും അഭിനയിച്ചിരുന്നു. അവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. ആ കുട്ടിയോട് ഒരു പ്രമുഖ നടന്‍ മോശമായി പെരുമാറിയത് ഞാന്‍ കണ്ടതാണ്. എനിക്കത് വല്ലാത്ത വിഷമമുണ്ടാക്കുകയും ചെയ്തു.
മൂന്നാമത്തെ സിനിമ വിശുദ്ധ രാത്രിയായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പ്രൊഫസര്‍ ആയിരുന്നു സംവിധായകന്‍. അദ്ദേഹത്തിനെതിരെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ തന്നെ മീടുവുമായി രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യുകയും ഉണ്ടായി. ആ സിനിമയില്‍ എന്റെ സുഹൃത്തുക്കള്‍ കൂടിയായ അഞ്ച് ട്രാന്‍സ് വ്യക്തികളെ ഞാന്‍ കാസ്ര്‌റ് ചെയ്തിരുന്നു. ഈ സംവിധായകന്റെ ശല്യത്തെക്കുറിച്ച് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. നിരന്തരം വീഡിയോ കോള്‍ ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം അനുഭവങ്ങള്‍ ഓരോ സമയത്തും ഉണ്ടായിട്ടുണ്ട്.
ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയായിരുന്നു അപ്പന്‍. അതിലും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലെ നടിയെ ആശുപത്രിയില്‍ കൊണ്ടു പോകേണ്ട അവസ്ഥയുണ്ടായി. സാധാരണ പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് ഞങ്ങള്‍ സെറ്റിലേക്ക് പോവുക. പോകാന്‍ റെഡിയായ ശേഷം ഞാന്‍ ആ നടിയുടെ മുറിയില്‍ ചെന്നു വിളിച്ചു. ആരോഗ്യപരമായി മോശം അവസ്ഥയിലായിരുന്നു അവര്‍. ഞാന്‍ ഉടനെ തന്നെ പ്രൊഡക്ഷന്‍ മാനേജരെ വിളിച്ചു. അവര്‍ വരികയും ആശുപത്രിയില്‍ കൊണ്ടു പോവുകയും ചെയ്തു.
അതിനാല്‍ സെറ്റിലെത്താന്‍ പത്ത് മണിയായി. സെറ്റിലെത്തിയതും ക്യാമറാമാന്‍ ക്രൂവിന് മുന്നില്‍ വച്ച് എന്നോട് വല്ലാതെ കയര്‍ത്തു സംസാരിച്ചു. നിങ്ങളുടെ ഉത്തരവാദിത്തമാണ് അഭിനേത്രിയെ ഇവിടെ കൊണ്ടു വരേണ്ടത് എന്നൊക്കെ പറഞ്ഞു. എനിക്കും ആ നടിക്കും വിഷമമായി. അവര്‍ കാര്യം പറഞ്ഞപ്പോള്‍ ക്യാമറാമാന്‍ മാപ്പ് പറയുകയും ചെയ്തു.
അതേ സെറ്റില്‍ മറ്റൊരു നടിയും ഉണ്ടായിരുന്നു. ഞങ്ങള്‍ സ്ത്രീകളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ച് ഇരിക്കുകയായിരുന്നു. പ്രസിദ്ധനായ, ഒത്തിരി വിവാദങ്ങളുള്ള നടനും അവിടെയുണ്ടായിരുന്നു. ദിവ്യയുടെ പ്രശ്‌നം നടക്കുന്ന സമയത്ത് ഈ നടനെതിരെ ഞാന്‍ സംസാരിച്ചിരുന്നതാണ്. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ, എന്നെ കണ്ടപ്പോള്‍ അയാള്‍ ഞെട്ടി. സ്ത്രീകളുടെ വിഷയം പറയുമ്പോള്‍ സൂക്ഷിക്കണേ ഇവിടെ ഡബ്ല്യുസിസിയുടെ ആളൊക്കെ ഉണ്ടെന്ന് അയാള്‍ പറഞ്ഞു.
എനിക്കത് കേട്ടപ്പോള്‍ സന്തോഷമാണ് തോന്നിയത്. അവര്‍ പേടിക്കുന്നുണ്ടല്ലോ ഈ സംഘടനയെ. പേടിക്കണം. മലയാള സിനിമയില്‍ ഇങ്ങനൊരു സംഘടന വന്നപ്പോള്‍ പലരും ചോദിച്ചിരുന്നു, എന്തിനാണ് ഇങ്ങനൊരു സംഘടന എന്ന്. ഈ സംഘടന മൂലമാണ് ഇപ്പോഴിത്രയും സംഭവിച്ചത്. ഒരു പ്രതിസന്ധിയെ മാറ്റാന്‍ ശ്രമിക്കുകയാണ്.
content highlight: sheetal-shyam-recalls-bad-experiences