എഡിജിപി എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; രൂക്ഷമായ ആരോപണവുമായി പി വി അന്‍വര്‍

എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നു

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ രൂക്ഷമായ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നു. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ആ ലെവലിലേക്ക് പോകണമെങ്കില്‍ ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനേ സാധിക്കൂ. അതില്‍ ആകര്‍ഷിക്കപ്പെട്ടവര്‍ക്കേ കഴിയൂ എന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എഡിജിപി അജിത് കുമാറിന്റെ ഭാര്യയെ സഹോദരന്‍ വിളിച്ചതിന്റെ അങ്ങേത്തലയ്ക്കല്‍ കേരളത്തിലെയും ബോംബെയിലേയും കള്ളക്കടത്തു സംഘത്തിലെ പണം ഇന്‍വെസ്റ്റ് ചെയ്യുന്ന വളരെ പ്രധാനികളാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ അജിത് കുമാറിന്റെ ഭാര്യയെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. സ്ത്രീ എന്ന പരിഗണന നല്‍കി ഇപ്പോള്‍ വിടുകയാണ്. ആവശ്യം വരികയാണെങ്കില്‍ ചില കാര്യങ്ങള്‍ പറയാമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എംആര്‍ അജിത് കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രി വിശ്വസിച്ച് ഉത്തരവാദിത്തമേല്‍പ്പിച്ചവരാണ്. എന്നാല്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ച വലിയ ദൗത്യം ഇവര്‍ സത്യസന്ധമായി നിര്‍വഹിച്ചിട്ടില്ല എന്നതിന് ഒരുപാട് തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് പിവി അന്‍വര്‍ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് അരീക്കോട്ട് നടന്ന ചടങ്ങില്‍ ഒരു പ്രശ്‌നമുണ്ടായില്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയതാണ്. ഏതാനും യൂട്യൂബര്‍മാര്‍ക്ക് മാത്രമാണ് പ്രശ്‌നമുണ്ടായത്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാതെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഇല്ലായ്മ ചെയ്യാനുള്ള ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ ഒപ്പമുള്ള കേരള പൊലീസിന്റെ ഒരു വിഭാഗമെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.

പല പൊലീസ് ഓഫീസര്‍മാരുടേയും ഫോണ്‍കോളുകള്‍ ചോര്‍ത്തിയിട്ടുണ്ട്. ഇതില്‍ ടെലത് ടെലികാസ്റ്റ് ചെയ്തു. ഇനിയും ഒരുപാട് ടെലികാസ്റ്റ് ചെയ്യാനുണ്ട്. ഇങ്ങനെ ചെയ്യേണ്ടി വന്നതിന്റെ ഗതികേട് ജനങ്ങള്‍ക്ക് മനസ്സിലാകും. പൊതുസമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ചെയ്യേണ്ടി വന്നതാണ്. ഈ കള്ള ഓഫീസര്‍മാരുടെ, യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പക്കാ ക്രിമിനല്‍സിന്റെ, ഈ നാടിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍, നാടിന്റെ ആഭ്യന്തര സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ച ഉത്തരവാദിത്തപ്പെട്ട ചില ഓഫീസര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യവിരുദ്ധമായ, ദേശവിരുദ്ധമായ, സാമൂഹ്യവിരുദ്ധമായ പ്രവൃത്തികള്‍ ജനങ്ങളെയും, സര്‍ക്കാരിനെയും, പാര്‍ട്ടിയെയും ബോധ്യപ്പെടുത്താന്‍ ഇതല്ലാതെ മാര്‍ഗമില്ലാത്തതു കൊണ്ടാണ് ഫോണ്‍കോളുകള്‍ ചോര്‍ത്തേണ്ടി വന്നത്. അതുകൊണ്ട് കേരള ജനതയോട് ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുകയാണ്. പി വി അന്‍വര്‍ പറഞ്ഞു.