മുഗള്‍ രാജചരിത്രത്തിന്റെ നിത്യസ്മാരകവും ജനാധിപത്യഭരണാധികാരികളുടെ അധികാരചിഹ്നവുമാണ് ചെങ്കോട്ട . എ.ഡി. എട്ടാം നൂറ്റാണ്ടിൽ രജപുത്രവിഭാഗത്തിൽപ്പെട്ട തോമർമാരാണ് ഡൽഹിയെ ആദ്യമായി തലസ്ഥാനമാക്കിയത്. ആ ഡൽഹിയിലെ പല ചരിത്ര സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചതാണ് ചെങ്കോട്ട. മുഗൾ ചക്രവർത്തി ഷാജഹാൻ 1618-ൽ തറക്കല്ലിട്ടു. 1647-ൽ പണിപൂർത്തിയായി. ഷാജഹാന്‍ ഇതിന് ‘കില ഇ മുഅല്ല’ എന്നാണ് പേരിട്ടിരുന്നത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഈ കോട്ട സ്ഥിതി ചെയ്യുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ മുഗള്‍ ഭരണാധികാരികള്‍ വസിച്ചിരുന്നത് ഈ കോട്ടയില്‍ ആയിരുന്നു.1857-ല്‍ അന്നത്തെ മുഗള്‍ ഭരണാധികാരിയായിരുന്ന ബഹദൂര്‍ ഷാ സഫറില്‍ നിന്ന് ബ്രിട്ടീഷ് ഭാരത സര്‍ക്കാര്‍ ചുവപ്പു കോട്ട പിടിച്ചെടുത്തു.
ചെങ്കല്ലിലും കരിങ്കല്ലിലും പണിത ചെങ്കോട്ടയ്ക്ക് പതിന്നാല് കവാടങ്ങളുണ്ട്. തുർക്ക്‌മാൻ, കശ്മീർ, ഡൽഹി, ലാഹോറി, അജ്‌മീരി, മോറി എന്നിവയാണ് പ്രധാന കവാടങ്ങൾ. കൊട്ടാരങ്ങൾ, പൂന്തോട്ടങ്ങൾ, മസ്‌ജിദ് തുടങ്ങിയവയും ചെങ്കോട്ടയിലുണ്ട്. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്ത് ലാഹോറിഗേറ്റ്, തെക്കുവശത്ത് ഡെല്‍ഹി ഗേറ്റ് എന്നീ രണ്ട് പ്രധാന പ്രവേശനകവാടങ്ങള്‍ കോട്ടക്കുണ്ട്. ഈ കവാടങ്ങളില്‍ നിന്നുള്ള വഴികള്‍ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങള്‍ക്കും ഇതേ പേരുകള്‍ തന്നെയാണ്. യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്. പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാന പ്രവേശനകവാടം.
മുഗള്‍ കാലഘട്ടത്തിലെ കോട്ടയിലെ പ്രധാന രാജമന്ദിരങ്ങള്‍, നദിയോട് ചേര്‍ന്ന് രംഗ് മഹലിനൊപ്പം ഒരു തട്ടിനുമുകളില്‍ ഒറ്റ വരിയില്‍ തെക്കുവടക്കായി സ്ഥിതി ചെയ്യുന്നു. ഷാ ബുര്‍ജ്, ഹീരാ മഹല്‍, ഹമ്മം, ദിവാന്‍ ഇ ഖാസ്, ഖാസ് മഹല്‍ എന്നിവ രംഗ് മഹലിന് വടക്കുവശത്തും മുംതാസ് മഹല്‍, രംഗ് മഹലിന് തെക്കുവശത്തും നില്‍ക്കുന്ന കെട്ടിടങ്ങളാണ്.
കോട്ടയിലെ മറ്റു കെട്ടിടങ്ങള്‍ ചുവന്ന മണല്‍ക്കല്ലുകൊണ്ട് പൊതിഞ്ഞവയാണെങ്കില്‍ ഈ വരിയിലുള്ള രാജകീയമന്ദിരങ്ങള്‍ വെണ്ണക്കല്ലില്‍ തീര്‍ത്തവയാണ്. വടക്കുവശത്തുള്ള ഷാ ബുര്‍ജില്‍ നിന്നാരംഭിക്കുന്ന ഒരു വെള്ളച്ചാല്‍ ഈ കെട്ടിടങ്ങള്‍ക്കെല്ലാം അടിയില്‍ക്കൂടി ഒഴുകുന്നു. നഹര്‍-ഇ ബിഹിഷ്ട് അഥവാ സ്വര്‍ഗ്ഗീയധാര എന്നാണ് ഈ വെള്ളച്ചാല്‍ അറിയപ്പെടുന്നത്. പേർഷ്യൻ, ഹിന്ദു വാസ്തുവിദ്യകൾ സംയോജിപ്പിച്ചു നിർമിച്ച കോട്ട 2007ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. ജവാഹർലാൽ നെഹ്റുവാണു ചെങ്കോട്ടയിൽ ഏറ്റവുമധികം തവണ പതാക ഉയർത്തിയ പ്രധാനമന്ത്രി 17 തവണയാണ് അദ്ദേഹം പതാക ഉയർത്തിയത് . ഇവിടെ പതാക ഉയർത്താനാകാതെ പോയ ഏക പ്രധാനമന്ത്രി ചന്ദ്രശേഖറാണ്.
STORY HIGHLLIGHTS : red-fort-the-symbol-of-power-of-democratic-rulers