രണ്ട് രാജാക്കന്മാർ അവരുടെ ശത്രുത അവസാനിപ്പിക്കുന്നതിന് ഭാഗമായി നടത്തിയ ഒരു ആഘോഷത്തെ പറ്റി കേട്ടിട്ടുണ്ടോ.? എന്നാൽ അങ്ങനെയും ഉണ്ട് ഒരു ആഘോഷം.
കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും നടത്തിയിരുന്ന ഒരു ആഘോഷം എന്ന നിലയ്ക്കാണ് ‘അത്തച്ചമയ’ത്തെ കാണുന്നത്. ഇവർ രണ്ടുപേരും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ചിങ്ങമാസത്തിലെ അത്തം മുതലുള്ള നാളുകൾ സൗഹാർദ്ദത്തിന്റെ ആഘോഷമാക്കുവാനാണ് നിശ്ചയിച്ചത്. 1947 നു ശേഷം ഔദ്യോഗികമായി ഇതിൻ്റെ ചടങ്ങുകൾ നിർത്തലാക്കി. 1949 ജൂലായിൽ നടന്ന തിരുവനന്തപുരം – കൊച്ചി സംയോജനത്തോടെ ഇതിന്റെ രാജകീയ സ്വഭാവം ഇല്ലാതായി. 1961 ൽ കേരളസർക്കാർ ഓണം ഏറ്റെടുത്തതോടെ ഇതിൻ്റെ പ്രസക്തി ഇല്ലാതായി. തൃപ്പുണിത്തുറയിൽ ഇത് അത്താഘോഷം മാത്രമായി.
തൃക്കാക്കര ക്ഷേത്രത്തിൽ കർക്കിടകത്തിലെ തിരുവോണം മുതൽ ചിങ്ങമാസത്തിലെ തിരുവോണംവരെ ഇരുപത്തിയെട്ടുദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവകാലംതന്നെ ഉണ്ടായിരുന്നു. ഈ ദിവസങ്ങളിൽ ചേരചക്രവർത്തിമാരും മറ്റ് രാജാക്കന്മാരും പ്രഭുക്കന്മാരും തൃക്കാക്കരയെത്തി മഹോത്സവത്തിൽ പങ്കെടുത്തിരുന്നു. അങ്ങനെ അവരുടെ തൃക്കാക്കരയ്ക്കുള്ള പുറപ്പാടാണ്
”അത്തച്ചമയം ”എന്നപേരിൽ അറിയപ്പെട്ടത്.
രണ്ട് :
തൃക്കാക്കര മഹാബലിയുടെ ആസ്ഥാനമാണ്. അദ്ദേഹത്തെ വണങ്ങുവാനും, കാലശേഷം അദ്ദേഹത്തിൻ്റെ സ്‌മരണ നിലനിറുത്തുവാനും കേരള രാജാക്കന്മാർ തൃക്കാക്കരയിലെത്തി ഓണം ആഘോഷി
ച്ചിരുന്നു .
ആഘോഷിക്കാൻവേണ്ടിയുള്ള പുറപ്പാടിനെയാണ് അത്തച്ചമയം എന്നു വിളിയ്ക്കുന്നത് .
മൂന്ന്
മഹാബലിമന്നനെ സ്വീകരിക്കുവാൻ നാടെങ്ങും ഒരുങ്ങുന്നതിന്റെ മുന്നോടിയായ ആഘോഷമാണ് അത്തച്ചമയം.
എല്ലാ അഭിപ്രായങ്ങളും തൃക്കാക്കരയ്ക്കുള്ള പുറപ്പാടിനും എഴുന്നള്ളത്തിനും തന്നെ. ഈ ആഘോഷം കൊച്ചിയ്ക്കും കോഴിക്കോടിനും മാത്രം ആയിത്തീർന്നത് എങ്ങനെയായിരിക്കാം?
കേരളം വാണിരുന്ന അവസാനത്തെ പെരുമാൾ രാജ്യം പങ്കുവെച്ചുനല്കിയപ്പോൾ പെരുമാളിൻ്റെ മക്കത്തായവഴിയ്ക്ക് കൊച്ചിരാജാവിനേയും മരുമക്കത്തായ ‘താവഴിയായി’ കോഴിക്കോട് സാമൂതിരിയേയും മാത്രമാണ് അംഗീകരിച്ചത്. അങ്ങിനെയാണ് ഇരുകൂട്ടർക്കും പ്രാധാന്യം കൈവന്നത് അവർ അത് ആഘോഷമാക്കുകയും ചെയ്തു. അത്തം നാളിന് മൂന്നുദിവസം മുമ്പ് ആഘോഷം തുടങ്ങും. തൃപ്പൂണിത്തുറ കോവിലകത്തിൻ്റെ ഓരോ വാതിലിലൂടെയും ഓരോ ദിവസവും ആനയും അമ്പാരിയുമായി അത്തച്ചമയാഘോഷത്തിൻ്റെ കൊട്ടിയറിയിപ്പ് നടത്തുന്നു. “ഇന്നദിവസം അത്തച്ചമയം” എന്നാണ് അറിയിപ്പ്. ഈ ചടങ്ങിന് “ദേശം അറിയിക്കൽ” എന്നാണ് പറയുക. നാലാംദിവസമായ അത്തം നാളിൽ പ്രധാന കോട്ടവാതിലിലൂടെയാണ് രാജാവിൻ്റെ എഴുന്നള്ളത്ത് .
അത്തത്തിൻ്റെ തലേന്നാൾ രാജാവിന്ന് ഒരിക്കലാണ്. അത്തം നാളില്
‘ചന്തംചോർത്തൽ’ (ക്ഷൗരം) കഴിഞ്ഞ് കുളിച്ച് ദേവതാപ്രാർത്ഥനയും വഴിപാടും കഴിഞ്ഞ് അലങ്കാരമുറിയിൽ പ്രവേശിക്കും. എല്ലാ ചമയങ്ങളും അണിഞ്ഞ് അതിഥികളായി എത്തിയവർക്ക് മുഖം കാണിക്കുവാനായി വെള്ളി സിംഹാസനത്തിൽ ഉപവിഷ്ഠ്നാവുന്നു. കക്കാട്ടു കാരണവർ ആണ് മുഖ്യാതിഥി. നാടുവാഴികൾ, പ്രഭുക്കൾ, തണ്ടാന്മാർ, തങ്ങൾമാർ, മുസലിയാർ മുതലായവരെല്ലാം അകമ്പടിക്കാരായി എത്തിയിരിക്കും. അവരോടൊപ്പം സ്വർണ്ണ പല്ലക്കിലേറി ആഘോഷപൂർവ്വം മുന്നോട്ടു നീങ്ങും. കക്കാട്ടുകാരണവരാണ് മുഖ്യാതിഥി . മറ്റുള്ളവർ അകമ്പടിക്കാർ . ഇവർക്കൊപ്പം സ്വർണ്ണപല്ലക്കിലേറി ആഘോഷപൂർവ്വം മുന്നോട്ട് നീങ്ങും .
“നെട്ടൂർ തങ്ങളും, കരിങ്ങാച്ചിറ കത്തനാരും, ചെമ്പിൽ അരയനും കൊട്ടാരവാതിൽക്കൽ തയ്യാറായി നിൽക്കണം എന്നതായിരുന്നു നാട്ടുവഴക്കം” .
“ഏറ്റവും മുന്നിൽ നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ആനകൾ. ആനപ്പുറത്ത് അമ്പാരി, കൂടാരം, പടഹം, ചേങ്ങല, കാഹളം മുതലായവ ഉണ്ടാവും. ആനകൾക്ക് പുറകെ ബാൻ്റ്, അതിനുപുറകെ കുതിരപ്പട്ടാളം, അതിനു പുറകിൽ നായർ ബ്രിഗേഡ്, അതിനുപിന്നിൽ ചെട്ടിവാദ്യം, പല്ലക്കിനു മൂന്നിൽ തീവെട്ടിക്കാർ, അതിന്നുമുന്നിൽ ‘ദാസിയാട്ടം’, അതിനുപിന്നിൽ അകമ്പടിക്കാർ, ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ. പല്ലക്കിന്റെ പിന്നിൽ നീണ്ട ഘോഷയാത്രയാണ്. എല്ലാവരും ഔദ്യോഗിക വേഷം അണിഞ്ഞിരിക്കും. വ ലിയ തോക്കുകൾ ഗർജ്ജിച്ചുകൊണ്ടിരിക്കും.”
സകലചമയങ്ങളും അണിഞ്ഞാണ് രാജാവ് എഴുന്നള്ളുന്നതെങ്കിലും കിരീടം അണിയാറില്ല. അത് കൈകളിലോ മടിയിലോ വെയ്ക്കുകയാണ് പതിവ്. മലബാറിലെ വന്നേരിയിലുള്ള പെരുമ്പടപ്പുഗ്രാമത്തിലെ ചിത്രകൂടത്തിൽവെച്ചുവേണം പെരുമാളിൽനിന്നും ലഭിച്ച കിരീടം ധരിക്കാൻ. സാമൂ രിപ്പാടിന്റെ കീഴിലുള്ള സ്ഥലത്ത് കൊച്ചി രാജാവ് കിരീടം ധരിക്കാറില്ല.
അത്തച്ചമയ ഘോഷയാത്ര കുറച്ചുദൂരം ചെല്ലുമ്പോൾ ഒരു ബ്രാഹ്മണദൂതൻ വന്ന് “ഇത്തവണ തൃക്കാക്കര ഉത്സവമില്ല; മഹാരാജാവിന് മടങ്ങിപ്പോകാം” എന്നറിയിക്കും. ഉടനെ മഹാരാജാവ് തൃക്കാക്കരയപ്പനെ ലക്ഷ്യമാക്കി തൊഴുത് തിരിച്ചുപോവും. (തൃക്കാക്കര ഇടപ്പള്ളി രാജാവിന്റെ കീഴിലായിരുന്നുവെന്നും, ആ രാജാവ് സാമൂതിരിയുടെ സഹായിയായിരുന്നുവെന്നും രാജാവിന് തന്റെ ശത്രുരാജ്യമായ ഇടപ്പള്ളിയിലുള്ള തൃക്കാക്കരയ്ക്കുപോകാൻ വിസ്സമ്മതമായിരുന്നുവെന്നും ചരിത്രം പറയുന്നു. അതിനാൽ യാത്ര മുടക്കുവാൻ മുൻകൂട്ടി വേണ്ട ഏർപ്പാട് ചെയ്‌തുവെച്ചതിന്റെ ഭാഗമായാണ് ബ്രാഹ്മണദൂതൻ്റെ അറിയിപ്പെന്ന് കാണാം.)
അങ്ങനെ, യാത്ര പുറപ്പെട്ടിടത്തുതന്നെ രണ്ടു മണിക്കൂറിനകം ഘോഷയാത്ര തിരിച്ചെത്തുന്നു . മഹാരാജാവ് പല്ലക്കിൽനിന്നും ഇറങ്ങി വെള്ളിസിംഹാസനത്തിൽ ഇരിയ്ക്കും. അത്തച്ചമയ ഘോഷയാത്രയുടെ അവസാനമാണത്. ഈ സമയത്ത് രാജാവിനെ എല്ലാവരും വന്ന് വണങ്ങുന്നു. അപ്പോൾ ‘പട്ടോല മേനോൻ’ എന്നയാൾ കുളികഴിഞ്ഞ് തറ്റുടുത്ത് ഒരു ഓലക്കെട്ടുമായി തിരുമുമ്പിലെത്തി, ഓലക്കെട്ടു നിവർത്തി ഓരോ പ്രമുഖരുടെ പേരുകൾ ഉറക്കെ വിളിച്ചു പറയുന്നു. പേരു വിളിക്കുന്നയാൾ രാജാവിന്റെ മുന്നിൽ ഹാജരാവണം. അപ്പോൾ രാജാവ് അവർക്ക് ഓണക്കോടിയും ദക്ഷിണയും നല്‌കും. പട്ടോല മേനോനു പുറമെ സർവ്വാധികാര്യക്കാരും ഒരു ലിസ്റ്റുമായി എത്തും. അതിൽ പറയുന്നവർക്കും പാരിതോഷികം നല്കി കഴിഞ്ഞാൽ അത്തച്ചമയ ചടങ്ങുകൾക്ക് പരിസമാപ്‌തിയായി. ഇതിനുശേഷം ഘോഷയാത്രയിൽ പങ്കെടുത്തവർക്കെല്ലാം സദ്യനല്കും.
“ആളുകളെല്ലാവരും പിരിഞ്ഞുപോയാൽ മഹാരാജാവ് നീരാട്ടിന്നെഴുന്നള്ളും. കുളികഴിഞ്ഞാൽ അമൃതേത്തിനിരിക്കും. വെള്ളിവിളക്കു കൊളുത്തിവെച്ച് നിറപറയ്ക്കുമുമ്പിൽ മൂന്ന് നാക്കിലയിട്ടാണ് ഊണ്. എട്ടു കൂട്ടം ഉപ്പേരി, എട്ടുകൂട്ടം ഉപ്പിലിട്ടത്, എട്ടുകൂട്ടം പ്രഥമൻ, വലിയ പപ്പടം, പഞ്ചസാര, പഴവർഗ്ഗങ്ങൾ, അനേകം കറിവട്ടങ്ങൾ ഇങ്ങിനെയൊക്കെയാണ് ഊണിൻ്റെ വട്ടം.”
മഹാരാജാവിന്റെ ഊണ് കഴിഞ്ഞാൽ “വലിയ വിളമ്പുകാരൻ”പട്ടർ ഒരു കൈ നിലവിളക്കിലൂന്നി “ചിരുതേ……” എന്ന് നീട്ടിവിളിക്കുന്നു “എന്തേ………” എന്ന് വിളികേട്ടുകൊണ്ട് ഒരു നായർ സ്ത്രീ പ്രവേശിയ്ക്കും. അതൊരു ചടങ്ങാണ്. അവൾ ഇലയേയും വിളക്കിനേയും വിളമ്പ്കാരനേയും മൂന്നു വലംവെച്ച് ഇലയിൽ കൈ കുത്തും. അപ്പോൾ 3 പറ അരിയുടെ ചോറ് ഇലയിലും ചെമ്പിലുമായി വിളമ്പി ബ്രാഹ്മണർ സ്ഥലം വിടും. ആ ചോറിൻ്റെ അവകാശം ഇലയെടുപ്പുകാരിയായ ചിരുതയ്ക്കുള്ളതാണ്.
മഹാരാജാവ് അമൃതേത്തിനിരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും കതിനാവെടി മുഴങ്ങാറുണ്ട്.
Content highlight : Attachamayam Onam special story