സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും മനോഹരമായ വെളളച്ചാട്ടങ്ങളിലൊന്നാണ് ചെതലയം വെള്ളച്ചാട്ടം. അരുവികള്‍ക്കു ചുറ്റും പരന്നുകിടക്കുന്ന പച്ചപ്പാണ് ഈ വെള്ളച്ചാട്ടത്തെ കൂടുതല്‍ ഭംഗിയാക്കുന്നത്. മലമുകളില്‍ നിന്നും പതഞ്ഞു പൊങ്ങി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ എന്നും സഞ്ചാരികള്‍ക്ക് വളരെ ഇഷ്ടമാണ്. മിക്ക വെള്ളച്ചാട്ടങ്ങളും സ്ഥിതിചെയ്യുന്നത് വനങ്ങളുടെയും പാറക്കെട്ടുകളുടെയും ഇടയിലാണ് അതുകൊണ്ടുതന്നെ പല വെള്ളച്ചാട്ടങ്ങളും ഇന്ന് കേരളത്തില്‍ അറിഞ്ഞു വരുന്നതേയുള്ളൂ. അത്തരത്തില്‍ പ്രസിദ്ധിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഒരു വെള്ളച്ചാട്ടമാണ് ചെതലയം എന്ന മനോഹരമായ വെള്ളച്ചാട്ടം.
വയനാട്ടിലെത്തുന്ന സന്ദര്‍ശകരുടെ ശ്രദ്ധ ഇവിടേക്ക് പതുക്കെ എത്തിത്തുടങ്ങിയിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ അധികം അറിയപ്പെടാത്ത മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണിത്. വയനാട്ടിലെ തന്നെ മികച്ചൊരു ട്രെക്കിംഗ് അനുഭവം ലഭിക്കാന്‍ ഈ പ്രദേശത്തേക്ക് എത്തിയാല്‍ മതിയാകും. കിടങ്ങനാട് എന്ന സ്ഥലത്ത് നിന്നും ഏകദേശം നാല് കിലോമീറ്റര്‍ ഓളം ട്രക്ക് ചെയ്തു വേണം ചെതലയം വെള്ളച്ചാട്ടത്തില്‍ എത്താനായിട്ട്. വെള്ളച്ചാട്ടത്തിലേക്ക് പോകാനുള്ള അനുമതി നിര്‍ബന്ധമായും വാങ്ങിയിരിക്കണം എന്നാല്‍ ഇവിടേക്ക് കടക്കാനായി പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയാണ്.
STORY HIGHLIGHTS: Chethalayam Waterfalls Wayanad